SignIn
Kerala Kaumudi Online
Friday, 19 April 2024 3.48 PM IST

കാണികളെ വിലകുറച്ചു കാണരുത്

photo

ഞായറാഴ്ച തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യയുടെ പടുകൂറ്റൻ വിജയത്തിൽ കലാശിച്ച ഇന്ത്യ - ശ്രീലങ്ക മൂന്നാം ഏകദിന മത്സരം ഏറെ ശ്രദ്ധനേടിയത് കാണികൾ ഏതാണ്ടു പൂർണമായും ഒഴിഞ്ഞുനിന്നതിന്റെ പേരിലാണ്. ഇതിനുമുമ്പ് ഇവിടെ നടന്നിട്ടുള്ള എല്ലാ അന്താരാഷ്ട്ര മത്സരങ്ങളിലും തിങ്ങിനിറഞ്ഞിരുന്ന സ്റ്റേഡിയത്തിലെ ഭൂരിഭാഗം സീറ്റുകളും ഒഴിഞ്ഞുകിടന്നു. ആളുകളുടെ ക്രിക്കറ്റ് ജ്വരം കെട്ടടങ്ങിയതുകൊണ്ടോ കളിസ്ഥലത്ത് എത്താനാകാത്തവിധം പ്രതികൂല കാലാവസ്ഥ സംജാതമായതോ ഒന്നുമല്ല കാരണം. സംഘാടകരും സർക്കാരിന്റെ കായിക വകുപ്പും നഗരസഭയും ചേർന്ന് നടത്തിയ സംഘാടക പിഴവുകളാണ് ഈ സ്ഥിതി സൃഷ്ടിച്ചത്. ആയിരത്തിന്റെയും രണ്ടായിരത്തിന്റെയും ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് ഒറ്റയടിക്ക് പെരുത്ത ലാഭം കൊയ്യാമെന്ന കണക്കുകൂട്ടലിലായിരുന്നു.

ടിക്കറ്റ് നിരക്ക് താങ്ങാവുന്നതിലും അധികമാണെന്ന് നാനാവശത്തുനിന്നും പരാതി ഉയർന്നപ്പോൾ ചരിത്രത്തിലെ നീറോ ചക്രവർത്തിയെപ്പോലെ പട്ടിണിക്കാർ എന്തിന് ടിക്കറ്റെടുത്ത് ക്രിക്കറ്റ് കളി കാണണമെന്നാണ് കായികവകുപ്പു മന്ത്രി ചോദിച്ചത്. ഗുളികൻ നാവിലുദിച്ച സമയത്താകും നാട്ടാരുടെ ധനസ്ഥിതിയെ പരിഹസിക്കാൻ മന്ത്രിക്കു തോന്നിയത്. ഏതായാലും സ്റ്റേഡിയത്തിൽ കളികാണാൻ കാണികൾ നന്നേ കുറഞ്ഞതിന് മന്ത്രിയുടെ വിവാദ പരാമർശവും കാരണമായെന്നു വേണം കരുതാൻ. നാല്പതിനായിരം പേർക്ക് സുഖമായിരുന്ന് കളികാണാൻ സൗകര്യമുള്ള സ്റ്റേഡിയത്തിൽ ഇന്ത്യ - ശ്രീലങ്ക മത്സരം നേരിട്ടു കാണാൻ ടിക്കറ്റെടുത്ത് എത്തിയവർ കേവലം 6201 പേർ. പിന്നെ ഉണ്ടായിരുന്ന പതിനായിരം പേർ സൗജന്യ പാസുമായി എത്തിയവരായിരുന്നു.

ക്രിക്കറ്റ് എന്നുകേട്ടാൽ കാണികൾ ഓടിക്കൂടുമെന്നും ഉയർന്ന വിലയ്ക്ക് ടിക്കറ്റ് വിറ്റ് വമ്പൻ ലാഭം കൊയ്യാമെന്നും കരുതിയ സംഘാടകർക്കും കാര്യമായ പിഴവുപറ്റി. ഒരുവിധ പരസ്യവും കൂടാതെ മത്സരം കെങ്കേമമാക്കാമെന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. മാദ്ധ്യമങ്ങളിലോ നഗരത്തിലോ മത്സരവുമായി ബന്ധപ്പെട്ട് ഒരുവിധ പരസ്യങ്ങളും ചെയ്തിരുന്നില്ല. ഇതുപോലുള്ള സംരംഭങ്ങൾ വൻ പ്രചാരണത്തിന്റെ അകമ്പടിയോടെയാകും സാധാരണ സംഘടിപ്പിക്കാറുള്ളത്. തിരുവനന്തപുരമല്ലേ ഇതൊന്നുമില്ലാതെ തന്നെ കാണികൾ തള്ളിക്കയറിക്കൊള്ളുമെന്ന മിഥ്യാധാരണയാണ് നഗരവാസികൾ പൊളിച്ചടുക്കിയത്. പട്ടിണികിടക്കുന്നവർ കളി കാണാൻ വരേണ്ട എന്ന മന്ത്രിയുടെ ജല്പനം കൂടിയായപ്പോൾ അപ്രഖ്യാപിതമായ ബഹിഷ്കരണത്തിലേക്കും കാര്യങ്ങൾ എത്തി.

കാണികളുടെ അഭാവത്തിലും മത്സരം ഇന്ത്യൻ ക്രിക്കറ്റിന് എക്കാലവും അഭിമാനിക്കാവുന്ന വിജയം സമ്മാനിച്ചാണ് അവസാനിച്ചതെന്നതിൽ കായികപ്രേമികൾക്ക് ഒരുപാടു സന്തോഷിക്കാം. ലങ്കൻ ടീമിനെ 317 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ജയിക്കാൻ 391 റൺസ് എടുക്കേണ്ടിയിരുന്ന ലങ്കയെ കേവലം 73 റൺസിന് പുറത്താക്കിയതിൽ നിന്നുതന്നെ ഇന്ത്യയുടെ കരുത്തും മേധാവിത്വവും തിരിച്ചറിയാം. മൂന്നു കളിയിൽ മൂന്നും വിജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇന്ത്യയിൽ നടന്ന ഏകദിന മത്സരങ്ങളിൽ സച്ചിൻ ടെൻഡുൽക്കറുടെ റെക്കാർഡ് മറികടന്ന് തന്റെ ഇരുപത്തൊന്നാം സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയുടെ അതിഗംഭീര പ്രകടനം ഗ്രീൻഫീൽഡ് സ്റ്റേഡിയം എക്കാലവും ഓർമ്മിക്കുന്നതായി.

അന്താരാഷ്ട്ര മത്സരങ്ങളുടെ ഒരു വേദിക്കായി കേരളം പലപ്പോഴും സംഘാടകരോടു യാചിക്കാറാണ് പതിവ്. കളി ഒരിക്കലും നഷ്ടത്തിലാകില്ല എന്നതുകൂടി കണക്കിലെടുത്താകും ഏറെ സമ്മർദ്ദങ്ങൾക്കൊടുവിൽ മത്സരം അനുവദിക്കാറുള്ളത്. കാണികൾ കൈയൊഴിഞ്ഞ ഞായറാഴ്ച ഏകദിന മത്സരം ഭാവിയിൽ വേദിക്കുവേണ്ടിയുള്ള തിരുവനന്തപുരത്തിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയാകാതിരുന്നാൽ മതിയായിരുന്നു. വമ്പൻ മത്സരങ്ങൾ അരങ്ങേറുമ്പോൾ സ്പോർട്സ് പ്രേമികൾ മാത്രമല്ല അതിന്റെ ഭാഗമാകാറുള്ളത്. സമൂഹത്തിലാകെ അതിന്റെ ഉന്മേഷവും വീര്യവും പ്രസരിക്കും. ഇത്തരം അവസരങ്ങൾക്കായി സർക്കാരും മുൻനിരയിൽ നിന്നാലേ സംസ്ഥാനത്ത് കായിക വളർച്ചയുണ്ടാകൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDIA VS SRI LANKA MATCH AT GREENFIELD STADIUM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.