SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.26 PM IST

മുഖ്യമന്ത്രിക്കോട്ടും ചില വിചാരങ്ങളും

vivadavela

കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര, 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം ഏതാണ്ട് മരവിച്ച അവസ്ഥയിൽ നിന്നിരുന്ന കോൺഗ്രസ് പാർട്ടിക്ക് നവോന്മേഷം നൽകിയിരിക്കുന്നു. ബി.ജെ.പിയും നരേന്ദ്രമോദിയും ഉരുട്ടുന്ന രാഷ്ട്രീയ ബുൾഡോസറിനെ അതിജീവിക്കാൻ ശേഷിയുള്ള പ്രതിപക്ഷബദൽ തന്നെ ചോദ്യചിഹ്നമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഭാരത് ജോഡോ യാത്ര ഒരു പ്രതീക്ഷയുടെ വെള്ളിവെളിച്ചം സമ്മാനിച്ചുകൊണ്ട് മുന്നോട്ട് പോകുന്നത്. കന്യാകുമാരിയിൽ നിന്നാരംഭിച്ച് കേരളമടക്കം ദക്ഷിണേന്ത്യയിലൂടെ സഞ്ചരിച്ച ഭാരത് ജോഡോ യാത്രയുടെ ഭാവിയെപ്പറ്റി തുടക്കത്തിൽ പലരും സംശയങ്ങളുയർത്തിയിരുന്നു. ഉത്തരേന്ത്യയിലേക്ക് കടക്കുന്നതോടെ ജോഡോ യാത്രയ്ക്ക് മങ്ങലേൽക്കുമെന്നും ദക്ഷിണേന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെയും കർണാടകത്തിലെയും സ്വീകരണങ്ങൾ, ഉത്തരേന്ത്യയിൽ അന്യമായിരിക്കുമെന്നും കരുതിയവരുണ്ട്. എന്നാൽ ഉത്തരേന്ത്യയിലും മദ്ധ്യ ഇന്ത്യയിലുമെല്ലാം ഓളങ്ങൾ സൃഷ്ടിച്ചാണ് യാത്ര കടന്നുപോയത്. ജീവിതത്തിന്റെ നാനാതുറകളിൽപ്പെട്ട പ്രശസ്തരും അപ്രശസ്തരും യാത്രയ്ക്ക് പിന്തുണയർപ്പിച്ച് രാഹുൽ ഗാന്ധിയെ അനുയാത്ര ചെയ്തത് വ്യക്തമാക്കുന്നത്, രാജ്യത്ത് വെറുപ്പിന്റെ, വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിന് അറുതി ഉണ്ടാവണമെന്ന് പലരും ചിന്തിക്കുന്നു എന്നാണ്. യാത്ര വിജയിപ്പിക്കാൻ ഉത്തരേന്ത്യയിൽ ന്യൂനപക്ഷ സമൂഹമുൾപ്പെടെ വലിയ പിന്തുണയാണ് നൽകിയത്. അങ്ങനെ എല്ലാം കൊണ്ടും ജോഡോ യാത്ര കോൺഗ്രസ് പാർട്ടിക്ക് പുതിയ ഊർജം നൽകിയിരിക്കുന്ന സമയമാണിത്. 2024ൽ ബി.ജെ.പിക്ക് ബദലായി ഉയരാൻ കോൺഗ്രസിനെ ഇത് പ്രാപ്തമാക്കുമോ എന്ന് പറയാറായിട്ടില്ല. പക്ഷേ, കോൺഗ്രസിനെ പാടേ എഴുതിത്തള്ളാനാവില്ലെന്ന സന്ദേശം ഇത് നൽകുന്നുണ്ട്. പ്രാദേശിക പാർട്ടികൾ അവരവരുടെ തുരുത്തുകളിൽ നിർണായകമാകുമെന്ന സൂചന ഇപ്പോഴും ശക്തമാണ്. പക്ഷേ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കോൺഗ്രസിന് അടുത്ത തവണ ലോക്‌സഭയിലെ അംഗബലം മൂന്നക്കത്തിലേക്ക് കടത്താനായാൽ പോലും അത് ബി.ജെ.പിക്കൊരു വെല്ലുവിളി ഉയർത്താനുള്ള ഐക്യശ്രമത്തിന് പ്രതിപക്ഷത്തിന് ആത്മവിശ്വാസമേകുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്.
അങ്ങനെ എല്ലാം കൊണ്ടും ഭാരത് ജോഡോ യാത്ര രാജ്യത്ത് കോൺഗ്രസിന് പുതിയ ഊർജം സമ്മാനിച്ച് മുന്നേറുമ്പോഴാണ്, തീർത്തും വൈരുദ്ധ്യമായ ഒരു പ്രതിഭാസം കേരളത്തിലെ കോൺഗ്രസ് യൂണിറ്റിനകത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കേരള ഘടകം കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ശക്തമായ യൂണിറ്റാണ്. അവിടെ ഒരേസമയം നിർഭാഗ്യകരവും കൗതുകകരവുമായ സംഭവവികാസങ്ങളാണ് കോൺഗ്രസിനകത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
എ.ഐ.സി.സി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ പ്രവർത്തനം സജീവമാക്കാനുറച്ച തിരുവനന്തപുരം എം.പി ഡോ. ശശി തരൂർ കോഴിക്കോട്ട് നിന്ന് സംസ്ഥാന പര്യടനം ആരംഭിച്ചപ്പോൾ തുടങ്ങിയതാണ് അസ്വാരസ്യം. പാർട്ടി സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്യാതെ ശശി തരൂർ സ്വന്തം നിലയ്ക്കാണ് പര്യടനത്തിന് തീരുമാനിച്ചത് എന്നത് നേതൃത്വം അദ്ദേഹത്തെ സംശയിക്കാൻ വഴിയൊരുക്കി. കോഴിക്കോട്ടെ മതേതര സെമിനാർ ആദ്യം യൂത്ത് കോൺഗ്രസും കോഴിക്കോട് ഡി.സി.സിയും ബഹിഷ്‌കരിച്ചതോടെ വൻ ചർച്ചയ്ക്കും വിവാദത്തിനും തിരികൊളുത്തപ്പെട്ടു.
ആ ബഹിഷ്‌കരണം അനാവശ്യവും അബദ്ധവുമായെന്ന് കോൺഗ്രസ് നേതൃത്വത്തിന് തന്നെ തോന്നി. ശശി തരൂർ പക്ഷേ നേതാക്കളെ മുള്ളുവച്ച പ്രതികരണങ്ങളിലൂടെ കുത്തിനോവിച്ചുകൊണ്ടിരുന്നു. ഒരുവേള പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പരസ്യ വിമർശനമുതിർത്തു. ഊതിവീർപ്പിച്ച ബലൂണുകൾ പൊട്ടിപ്പോകുമെന്ന മുന്നറിയിപ്പ് നൽകി. തരൂർ പക്ഷേ, എം.കെ. രാഘവൻ എം.പിയുടെയും ചില യുവനേതാക്കളുടെയും മറ്റും പിന്തുണയുമായി അദ്ദേഹത്തിന്റേതായ കരുനീക്കങ്ങൾ ശക്തിപ്പെടുത്തി. മതസാമുദായിക നേതാക്കളെ കണ്ട് സോഷ്യൽ എൻജിനിയറിംഗ് ശക്തിപ്പെടുത്തി , എന്തോ മനസിൽ സങ്കല്പിച്ചതുപോലെ. പ്രത്യേകിച്ച് അദ്ദേഹം ലക്ഷ്യമിടുന്നത് 2026ലെ നിയമസഭാ തിരഞ്ഞെടുപ്പും മുഖ്യമന്ത്രി പദവുമാണോ എന്ന നിലയ്ക്ക് ചർച്ചകൾ സജീവമായി.
മന്നം ജയന്തി സമ്മേളനത്തിൽ എൻ.എസ്.എസ് ജനറൽസെക്രട്ടറി ജി. സുകുമാരൻ നായർ തരൂരിനെ പാടിപ്പുകഴ്ത്തി. അതിന് പിന്നാലെ ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ തരൂരിനെ തറവാടി നായരെന്ന് വിശേഷിപ്പിച്ചു. ഒരു നായർ ബ്രാൻഡിലേക്ക് തരൂർ ചുരുങ്ങിപ്പോകുന്നു എന്ന ചർച്ചയിലേക്ക് വഴിമാറിത്തുടങ്ങിയതോടെ തരൂർ വർദ്ധിതവീര്യത്തോടെ ക്രിസ്ത്യൻ, മുസ്ലിം നേതാക്കളെയും സംഘടനകളെയും കണ്ടുതുടങ്ങി.
കോട്ടയത്ത് നടന്ന സി.എം.ഐ സഭാ നേതൃത്വവുമായുണ്ടായ അത്തരമൊരു കൂടിക്കാഴ്ചയ്ക്കിടയിൽ തരൂർ മനസ് തുറന്നു. അദ്ദേഹം പോലുമറിയാതെയാണെന്ന് തോന്നുന്നു നിയമസഭാ തിരഞ്ഞെടുപ്പും മുഖ്യമന്ത്രിപദവുമെന്ന മോഹം പുറത്തേക്ക് വന്നു. അതും വിനയായി. പൂച്ച് പുറത്തുചാടിയോ എന്ന തോന്നൽ കോൺഗ്രസുകാരിലടക്കം പ്രകടമായി. അപകടം തിരിച്ചറിഞ്ഞ തരൂർ പെട്ടെന്ന് തന്നെ തിരുത്തി. താനങ്ങനെ മുഖ്യമന്ത്രി പദമോഹമൊന്നും പറഞ്ഞിട്ടില്ലെന്നും മാദ്ധ്യമങ്ങൾ ചോദിച്ചതിന് മറുപടി നൽകിയതേയുള്ളൂ എന്നും വിശദീകരിച്ചു.
പക്ഷേ, കോൺഗ്രസ് നേതൃത്വം ഒന്നടങ്കം തരൂരിന്റെ കരുനീക്കങ്ങൾക്കെതിരെ രംഗത്ത് വരുന്നതാണ് കണ്ടത്. കെ.പി.സി.സിയുടെ നിർവാഹകസമിതി യോഗത്തിൽ ഇത്തരം വഴി വിട്ട പ്രതികരണങ്ങൾക്കെതിരെ വിമർശനമുയർന്നു. പാർട്ടി ഫോറത്തിൽ പറയുന്നതിന് പകരം പരസ്യമായി പ്രഖ്യാപിച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നു എന്ന വിലയിരുത്തലാണ് നേതൃത്വം നടത്തിയത്. അത് ശരിയുമാണ്. ഒരു നിർണായക യുദ്ധമുഖത്തേക്ക് കടക്കുമ്പോൾ പടയെ പേടിച്ചോടുന്നോ എന്ന നിലയ്ക്ക് ചർച്ചയുണ്ടായി. ഇടതുപക്ഷം ആ നിലയ്ക്ക് കണ്ടു. ബി.ജെ.പിയെ നേരിടാൻ ഭയമുണ്ടോ എന്നവർ ചോദിച്ചു. തരൂരിന് പുറമേ, ഇനി ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്നും നിയമസഭയാണ് ഇഷ്ടമെന്നും തൃശൂർ എം.പി ടി.എൻ. പ്രതാപൻ പറഞ്ഞതും തരൂർ പറഞ്ഞതും എല്ലാവരും ചേർത്തുവായിച്ചു.
ഇതിന് പിന്നാലെയാണ് തിരുവനന്തപുരത്ത് കെ. കരുണാകരൻ സ്മാരകനിർമാണവുമായി ബന്ധപ്പെട്ട ചടങ്ങിൽ നേതാക്കൾ ആഞ്ഞടിച്ചത്. അതിൽ മുൻ പ്രതിപക്ഷനേതാവ് കൂടിയായ രമേശ് ചെന്നിത്തല പറഞ്ഞതാണ് ഏറ്റവും ശ്രദ്ധേയമായ പ്രതികരണം. അതായത്, തയ്പിച്ചുവച്ച ആ കോട്ട് ഊരി വച്ചേക്കാൻ എല്ലാവരോടുമായി അദ്ദേഹം പറഞ്ഞു. 2026ൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനെപ്പറ്റി ഇപ്പോഴേ നേതാക്കൾ പറയുന്നതിലെ ഔചിത്യക്കേടാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയതെങ്കിലും ആ പരാമർശത്തിന്റെ പ്രത്യേകതകൊണ്ട് അത് പലനിലയ്ക്കും ചർച്ച ചെയ്യപ്പെട്ടു.

കോട്ടും കോൺഗ്രസും

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തല കോട്ട് തയ്പിച്ച് വച്ചിരുന്നാലും ഇല്ലെങ്കിലും പ്രതിപക്ഷത്തുനിന്ന് അദ്ദേഹത്തിന്റെ പേരാണ്, മുഖ്യമന്ത്രിസ്ഥാനത്തേക്ക് പ്രധാനമായും പറഞ്ഞുകേട്ടിരുന്നത്. പ്രതിപക്ഷനേതാവെന്ന നിലയിൽ അദ്ദേഹം പല അഴിമതിക്കഥകളും പുറത്തെത്തിച്ച് ചർച്ചയാക്കിയിട്ടുണ്ട് എന്നത് നേരാണ്. പക്ഷേ ഒരു വിജയത്തിലേക്കെത്താൻ ആവശ്യമായ സംഘാടക മുന്നൊരുക്കത്തിന് അദ്ദേഹമടക്കം കോൺഗ്രസുകാർ ആരും ശ്രദ്ധിച്ചില്ല. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വലിയ വിജയം അവരെ ഒരു പരിധിവരെ അലസരുമാക്കി. വെറുതെ ജയിച്ചുകൊള്ളുമെന്ന തോന്നലൊക്കെ വിനയായി. മറുവശത്ത് സി.പി.എം കനത്ത മുന്നൊരുക്കം നടത്തി. ക്ഷേമപ്രവർത്തനങ്ങൾ സജീവമാക്കി. അങ്ങനെയെല്ലാം ഭംഗിയാക്കി അവർ നേട്ടം കൊയ്തു.
നഷ്ടപ്പെട്ടത് രമേശ് ചെന്നിത്തലയുടെ സ്ഥാനം തന്നെയാണ്. അദ്ദേഹം കോട്ട് ഊരിവയ്ക്കാൻ നിർബന്ധിതമായി. പക്ഷേ കെ.സി. വേണുഗോപാൽ ഉൾപ്പെടെ പലരും 2021ൽ കേരളത്തിലേക്ക് ഒരു കോട്ട് തയ്പിച്ച് വച്ചിരുന്നതായും സംസാരമുണ്ടായിരുന്നു. കോൺഗ്രസിൽ കോട്ടുകൾ തയ്പിച്ചവരുടെ ബാഹുല്യമാണോ തിരിച്ചടിയായത് എന്ന തരത്തിലും ചർച്ചകളുണ്ടായി.

ഈ പശ്ചാത്തലത്തിലാണ് രമേശ് ചെന്നിത്തലയുടെ പുതിയ കോട്ട് പരാമർശവും ചിന്തനീയമാകുന്നത്.
രമേശ് ചെന്നിത്തല പറഞ്ഞത് തയ്പിച്ച് വച്ച കോട്ടുകൾ ഊരി വയ്ക്കാനാണ്. ഒരു ശശി തരൂർ മാത്രമാണോ കോട്ട് തയ്പിച്ച് വച്ചിട്ടുള്ളത്. അല്ലെന്ന് കോൺഗ്രസിനെ അറിയുന്ന എല്ലാവർക്കും ബോദ്ധ്യമുണ്ടാകും. തനിക്കൊക്കെ കോട്ട് നേരത്തേയുണ്ടായിട്ടും പരിഗണിക്കപ്പെട്ടില്ലെന്ന തമാശൂരേപണയുള്ള കെ. മുരളീധരന്റെ തുറന്നുപറച്ചിലും അതാണ് കാണിച്ചുതരുന്നത്.
മുഖ്യമന്ത്രിമാരെ തട്ടി നടക്കാനാവുന്നില്ലെന്ന കെ.പി.സി.സി നിർവാഹകസമിതി യോഗത്തിലെ ഷാഫി പറമ്പിൽ എം.എൽ.എയുടെ ട്രോൾ ഒരു തരൂരിനെ മാത്രം ലക്ഷ്യമിട്ടാണെന്ന് കരുതാനാവില്ല.
സി.പി.എമ്മിൽ പ്രതിപക്ഷനേതാവായിരുന്ന വി.എസ്. അച്യുതാനന്ദനും പി.ബി അംഗമായിരുന്ന പിണറായി വിജയനും ഒരുമിച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ കോട്ട് ആർക്കായിരിക്കുമെന്ന് പലരും ഊഹാപോഹങ്ങൾ നിരത്തിയിരുന്നെങ്കിലും അത് പിണറായിക്ക് തന്നെയായിരിക്കുമെന്ന് സി.പി.എമ്മിനെ അറിയാവുന്നവർക്കെല്ലാം അറിയാമായിരുന്നു. അതുപോലെയാവില്ലല്ലോ കോൺഗ്രസ്. അങ്ങനെയായാൽ പിന്നെ കോൺഗ്രസുണ്ടോ? ഏതായാലും ഭാരത് ജോഡോ യാത്ര ഒരു വഴിക്കും കേരളത്തിലെ കോൺഗ്രസിനകത്തെ മുഖ്യമന്ത്രി ചർച്ച മറ്റൊരു വഴിക്കും സഞ്ചരിക്കുന്ന കൗതുകകരമായ കാഴ്ചയ്ക്കാണ് ഈയാഴ്ച കേരളം സാക്ഷിയാവുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SASHI THAROOR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.