SignIn
Kerala Kaumudi Online
Friday, 29 March 2024 12.56 PM IST

കുരുന്നു പൂക്കൾ അടർന്നുപോകാതിരിക്കാൻ

opinion

മദ്യവും പുകവലിയും കഞ്ചാവുമെല്ലാമായിരുന്നു ഒരു കാലത്ത് സാമൂഹ്യപുരോഗതിയ്ക്ക് തടസമായിരുന്നതെങ്കിൽ ഇന്ന് രാസലഹരികളുടെ വ്യാപനം അതീവഗുരുതരമാണെന്ന് വാർത്തകളിൽ നിന്ന് വ്യക്തമാണല്ലോ. രാസലഹരിയുടെ ഇരകൾ യുവാക്കളാണെന്ന് തിരിച്ചറിയുമ്പോൾ തന്നെ കൗമാരക്കാരും കുട്ടികളും അതിൽ ഉൾപ്പെടുന്നു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. അതുകൊണ്ടു തന്നെയാണ്, രാസലഹരി കടത്ത് വ്യാപകമായതിനു പിന്നാലെ കൗമാരക്കാർ ലഹരിക്കടിമപ്പെടാനുള്ള സാദ്ധ്യത കണക്കിലെടുത്ത് പൊലീസ് കൂടുതൽ ശ്രദ്ധപുലർത്തുന്നത്. ഏതെങ്കിലും ലഹരിയ്ക്ക് അടിമപ്പെട്ട കുട്ടികളെ ഭീഷണിപ്പെടുത്തിയോ മർദ്ദിച്ചോ ശകാരിച്ചോ ലഹരിയോടുളള അടിമത്തം മാറ്റാൻ കഴിയില്ല എന്നതാണ് പ്രാഥമികമായി രക്ഷിതാക്കൾ മനസിലാക്കേണ്ട കാര്യം. മറിച്ച് മനഃശാസ്ത്ര വിദഗ്ദ്ധന്റെയോ കൗൺസലിംഗ് വിദഗ്ദ്ധന്റെയോ സഹായം തേടണം. അതാണ് പൊലീസിന്റെയും മുന്നറിയിപ്പ്. അതിനുളള സഹായവും പൊലീസ് ലഭ്യമാക്കും. അതിനായാണ് ചിരി എന്ന പ്രത്യേക പദ്ധതി തന്നെ പൊലീസ് ആവിഷ്കരിച്ചിട്ടുളളളത്. പെട്ടെന്ന് നിറുത്താൻ കഴിയുന്നതല്ല ലഹരി വസ്തുക്കളോടുള്ള അടിമത്തം. ചികിത്സയ്ക്കിടയിൽ കുട്ടി ചിലപ്പോൾ വീണ്ടും അത്തരം ശീലങ്ങളിലേക്ക് മടങ്ങിപ്പോയേക്കാം. അപ്പോഴെല്ലാം ക്ഷമയോടെ കുട്ടിയെ കൗൺസിലിംഗ് നൽകി മടക്കിക്കൊണ്ടുവരുവാൻ ശ്രമിക്കണം. ചിരി പദ്ധതിയിലൂടെ ഇത്തരം കുട്ടികൾക്ക് മികച്ച മാനസിക വിദഗ്ധരുടെ സേവനം കൗൺസിലിംഗിലൂടെ ലഭ്യമാക്കും.
കുട്ടികളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും പെട്ടെന്നുണ്ടാകുന്ന പ്രകടമായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവരുടെ ദൈനംദിന പ്രവൃത്തികൾ, ഇടപെടലുകൾ തുടങ്ങിയവ കൃത്യമായി നിരീക്ഷിക്കണം. ലഹരി വസ്തുക്കളുടെ ഉപയോഗം ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. തുടക്കത്തിലേ കണ്ടുപിടിക്കാൻ കഴിഞ്ഞാൽ വലിയ പ്രയാസമില്ലാതെ ഈ ദുശ്ശീലത്തിൽ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കാൻ സാധിക്കും. എന്തെന്ന് അറിയാനുള്ള ആകാംക്ഷ, ബോറടി മാറ്റാനുള്ള വഴി, കൂട്ടുകാരുടെ പ്രലോഭനം, വീട്ടിലെ പ്രശ്‌നങ്ങൾ മറക്കാൻ എന്നിങ്ങനെ ലഹരിവസ്തുക്കളിലേക്ക് ശ്രദ്ധതിരിയാനുള്ള കാരണങ്ങൾ നിരവധിയാണ്. നല്ലതും ചീത്തയും കൃത്യമായി അപഗ്രഥിച്ചെടുക്കാനും ശരിയായ തീരുമാനങ്ങൾ കൈക്കൊള്ളാനും പക്വത ആർജ്ജിക്കാത്ത കാലഘട്ടമാണ് കൗമാര പ്രായമെന്നും അതിനാൽ എന്തിനോടും കൗതുകം തോന്നുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.

കുട്ടികളിൽ എപ്പോഴും

കണ്ണുണ്ടാകണം


അകാരണമായി ദേഷ്യപ്പെടുക, കാരണമില്ലാതെ പഠനത്തിൽ പിന്നോട്ടു പോകുക, രഹസ്യങ്ങൾ ഒളിപ്പിക്കാൻ ശ്രമിക്കുക, കൂടുതൽ പണം ആവശ്യപ്പെടുക തുടങ്ങിയ സ്വഭാവവിശേഷങ്ങൾ കുട്ടികളിൽ കണ്ടാൽ ശ്രദ്ധിക്കണം. അവരിൽ എപ്പോഴും കണ്ണുണ്ടാകണമെന്ന് ചുരുക്കം. വീടുകളിൽനിന്ന് പണവും വിലപിടിപ്പുള്ള സാധനങ്ങളും കാണാതെ പോകുക, ഉറക്കത്തിന്റെ രീതിയിൽ വരുന്ന വ്യത്യാസം, അമിത ഉറക്കം, കൂടുതൽ സമയം മുറി അടച്ചിടുക, മുറിക്കകത്ത് അസാധാരണ ഗന്ധം അനുഭവപ്പെടുക, അപരിചിതരോ, പ്രായത്തിൽ മുതിർന്നവരോ ആയ പുതിയ കൂട്ടുകാരുടെ സാന്നിദ്ധ്യം, കൈകളിലോ ദേഹത്തോ കുത്തിവയ്‌പിന്റെ പാടുകളോ അസാധാരണമായ നിറവ്യത്യാസമോ, വസ്ത്രധാരണരീതിയിൽ പെട്ടെന്നുള്ള വ്യത്യാസങ്ങൾ, അലസത, ഒന്നും കൃത്യമായി ചെയ്യാനുള്ള നിഷ്ഠയില്ലായ്മ അങ്ങനെ നിരവധി മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ലഹരിക്കടിമയാകുന്ന കുട്ടികളിൽ കാണാനാകും.
ഒരു സുഹൃത്ത് എന്നപോലെ രക്ഷിതാക്കൾ കുട്ടികളോട് പെരുമാറണമെന്നതാണ് പ്രധാനകാര്യം. പേടികൂടാതെ കുട്ടികൾക്ക് എന്തും രക്ഷിതാക്കളോട് പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് തോന്നണം. അതോടെ പ്രശ്‌നങ്ങൾ കുട്ടികൾ തുറന്നുപറയും. ചിരിയിലേക്ക് സഹായം അഭ്യർത്ഥിച്ച് 9497900200 എന്ന നമ്പറിൽ എപ്പോൾ വേണമെങ്കിലും വിളിക്കാം.

ഇ-സിഗരറ്റുകളും

തൃശൂർ നഗരത്തിലെ പ്രധാന സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ ബാഗ് രക്ഷകർത്താക്കളും തുടർന്ന് പൊലീസും പരിശോധിച്ചപ്പോൾ വൻ ലഹരി വസ്തുക്കളാണ് പുതുവർഷത്തിൽ പിടിച്ചെടുത്തത്. ന്യൂ ഇയർ പ്രമാണിച്ച് സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കിടയിലും ലഹരി പാർട്ടികൾക്കിടയിലും വിൽപ്പനയ്കായി എത്തിച്ച ചൈനീസ് നിർമ്മിത ഇലക്ട്രോണിക് സിഗരറ്റുകളുടെ ശേഖരമായിരുന്നു അതിൽ പ്രധാനം. നഗരത്തിലെ ഡ്യൂട്ടിപെയ്ഡ് ഷോപ്പുകളിലും, കൈത്തണ്ടയിലും ശരീരത്തിലും പച്ചകുത്ത് ചെയ്തുനൽകുന്ന ടാറ്റൂ കേന്ദ്രങ്ങളിലുമാണ് ഒന്നിന് 2500 രൂപ നിരക്കിൽ ഇ-സിഗരറ്റുകൾ സ്റ്റോക്ക് ചെയ്ത് വിൽപ്പന നടത്തിയിരുന്നത്. കാഴ്ചയിൽ മിഠായിപോലെ തോന്നുന്നതും എന്നാൽ വൻ തോതിൽ നിക്കോട്ടിൻ അടങ്ങിയിട്ടുള്ളതുമായ ഇത് ഒരു തവണ ഉപയോഗിച്ചാൽത്തന്നെ, കുട്ടികൾ അടിമകളാവുകയും സ്വഭാവ വൈകൃതം പ്രകടിപ്പിക്കുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
എല്ലാ തരത്തിലുള്ള ഇ-സിഗരറ്റുകളും രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതും, വിൽപ്പന നടത്തുന്നതും കേന്ദ്ര സർക്കാർ നിരോധിച്ചിട്ടുണ്ട്. ഇത് ഒരു വർഷം തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. പിടികൂടിയിട്ടുള്ള ഇ-സിഗരറ്റുകളുടെ ശേഖരം കണക്കിലെടുത്താൽ രാജ്യത്തേക്ക് വൻ തോതിൽ ചൈനീസ് നിർമ്മിത ലഹരി വസ്തുക്കൾ ഇറക്കുമതി നടന്നിരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.

  • പ്രചോദനമേകുന്ന പൊലീസ്

പ്രചോദനവും നല്ലപ്രേരണകളും നൽകാൻ അദ്ധ്യാപകർക്കും കൗൺസിലർമാർക്കും മാത്രമല്ല, പൊലീസ് ഓഫീസർമാർക്കും കഴിയും. അതിനുളള ഉദാഹരണമാണ്, വടക്കേക്കാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അമൃത് രംഗൻ. സ്റ്റേഷൻ പരിധിയിലെ എ.എം. എൽ.പി സ്കൂളിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു അദ്ദേഹം. പൊലീസ് ഇൻസ്പെക്ടറുടെ പ്രചോദനാത്മകമായ വാക്കുകൾ സുഹാന ഫാത്തിമ നാലാം ക്ലാസ്സുകാരിയുടെ മനസ്സിൽ ജ്വലിച്ചു. അവൾ വീട്ടിൽ പോയി മാതാപിതാക്കളോടു അതെല്ലാം പങ്കുവെച്ചു. സ്കൂളിലെ ചടങ്ങിൽ വന്ന് സംസാരിച്ചപ്പോൾ പൊലീസ് ഇൻസ്പെക്ടറോട് സംസാരിക്കാനോ പരിചയപെടാനോ കഴിഞ്ഞിരുന്നില്ല. ആ വിഷമം അവളിലുണ്ടായിരുന്നു.

ഇൻസ്പെക്ടർ സാറിനെ ഒന്നു കൂടി കാണണമെന്ന അവളുടെ ആഗ്രഹം പറഞ്ഞത് പിതാവ് സലീമിനോടാണ്. മകളുടെ ആവശ്യം സലീം, തന്റെ സഹോദരൻ സുധീറിനോടും പറഞ്ഞു. ഇതുകേട്ട സുധീർ, സുഹാനയെ കൂട്ടി വടക്കേക്കാട് പൊലീസ് സ്റ്റേഷനിൽ എത്തി. മികച്ച വാക്കുകൾ കൊണ്ട് തന്റെ മനസ്സിനെ പ്രചോദിതമാക്കിയ പൊലീസുദ്യോഗസ്ഥനെ കണ്ട് കളക്ടറാകാനുളള മോഹവും പങ്കിട്ടു. അവർ ഒരുമിച്ച് നിന്ന് സെൽഫിയെടുത്തു. കളക്ടറാകാൻ എങ്ങനെ പഠിക്കണമെന്ന് ഉപദേശിച്ച് ഒരു സമ്മാനവും നൽകിയാണ് ഇൻസ്പെക്ടർ അവളെ യാത്രയാക്കിയത്. ഇതേ ഇൻസ്പെക്ടറെക്കുറിച്ച് എഴുതിയ ഒരു കവിത സമ്മാനിക്കാൻ അമൽ എന്നൊരു വിദ്യാർത്ഥിയും മുൻപ് സ്റ്റേഷനിൽ വന്നിരുന്നു. വിവിധ വിദ്യാലയങ്ങളിലും കോളേജുകളിലും നടത്തുന്ന ബോധവൽക്കരണ പരിപാടികളിലും ലഹരിവിരുദ്ധ ക്ലാസ്സുകളിലും ഇൻസ്പെക്ടർ സംസാരിക്കുന്നത് കേട്ടാണ് ഈ കുരുന്നുകൾ ആവേശഭരിതരായത്. കുട്ടികൾക്കുളള ബോധവത്കരണക്ളാസുകൾ എന്നത് ചെറിയ കാര്യമല്ലെന്നാണ് ഈ ഇൻസ്പെക്ടറുടെ അനുഭവങ്ങൾ നൽകുന്ന പാഠം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHILDREN AND NARCOTICS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.