SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.44 PM IST

അപർണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവം; ലോ കോളേജ് വിദ്യാർത്ഥിക്ക് സസ്പെൻഷൻ

Increase Font Size Decrease Font Size Print Page
aparna-

കൊച്ചി: കോളേജ് യൂണിയൻ പരിപാടിയ്ക്കിടെ അപർണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ വിദ്യാർത്ഥിക്ക് സസ്പെൻഷൻ. എറണാകുളം ലോ കോളേജ് രണ്ടാം വർഷ എൽഎൽബി വിദ്യാർത്ഥി വിഷ്ണുവിനെയാണ് ഒരാഴ്ചത്തേയ്ക്ക് സസ്പെന്റ് ചെയ്തത്. ലോ കോളേജ് സ്റ്റാഫ് കൗൺസിലിന്റേതാണ് നടപടി.

വലിയ വിവാദമായ സംഭവത്തിൽ വിദ്യാർത്ഥിയോട് കോളേജ് സ്റ്റാഫ് കൗൺസിൽ വിശദീകരണം തേടിയിരുന്നു. തന്റെ ഭാ​ഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തിൽ ക്ഷമാപണം നടത്തുന്നതായി വിഷ്ണു അറിയിച്ചെങ്കിലും ഈ വിശദീകരണം തള്ളിയാണ് നടപടി. കോളേജ് യൂണിയൻ പരിപാടിയിൽ അതിഥിയായിട്ടാണ് നടി അപർണ ബാലമുരളിയും വിനീത് ശ്രീനിവാസനും ലോ കോളേജിലെത്തിയത്. ഇവർ അഭിനയിക്കുന്ന തങ്കം എന്ന സിനിമയുടെ പ്രമോഷന്റെ കൂടി ഭാ​ഗമായിട്ടായിരുന്നു സന്ദർശനം.

ലോ കോളേജ് യൂണിയൻ സംഘടിപ്പിച്ച പരിപാടി വേദിയിൽ പുരോ​ഗമിക്കുന്നതിനിടെയാണ് പൂവുമായി വിഷ്ണു വേദിയിലേക്ക് എത്തിയത്. പൂവ് സ്വീകരിച്ച അപർണയ്ക്ക് ഷേക്ക് ഹാൻഡ് നൽകിയ വിഷ്ണു അപർണയെ കൈയിൽ പിടിച്ച് എഴുന്നേൽപ്പിച്ച് നിർത്തി ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ചു. ഇതിനിടെ നടിയുടെ തോളത്ത് കൈയിടാനും ശ്രമിച്ച വിഷ്ണുവിനോട് അപർണ രൂക്ഷമായി പ്രതികരിച്ചു. ഫോട്ടോയ്ക്ക് പോസ് ചെയ്യാതെ താരം ഒഴി‍ഞ്ഞു മാറുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ എസ്എഫ്ഐ നയിക്കുന്ന കോളേജ് യൂണിയൻ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് രം​ഗത്ത് എത്തിയിരുന്നു.

TAGS: APARNA, APARNA BALAMURALI, LAW COLLEGE STUDENT, SUSPENDED FOR MISBEHAVING, WITH ACTRESS APARNA BALAMURALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY