SignIn
Kerala Kaumudi Online
Friday, 26 April 2024 3.16 PM IST

കർഷകരുടെ കൈപിടിക്കാൻ മൂന്ന് സഹകരണസംഘങ്ങൾ

photo

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ കാർഷികമേഖല വഹിക്കുന്ന പങ്ക് നിസ്തുലമാണല്ലോ. മൊത്തം തൊഴിൽ സേനയുടെ 54.6 ശതമാനം പേർ കാർഷിക മേഖലയിലാണ് തൊഴിൽ തേടുന്നത്. രാജ്യത്തിന്റെ മൊത്തം ഭൂപ്രദേശം 3287 ഹെക്ടർ ആണെങ്കിൽ 1394 ഹെക്ടർ (42.4ശതമാനം) ഭൂമിയിൽ കൃഷി ചെയ്യുന്നുണ്ട്.

ദാരിദ്ര്യം തുടച്ചുനീക്കുക, വിശപ്പുരഹിതലോകം സൃഷ്ടിക്കുക എന്നിവ ഐക്യരാഷ്ട്രസഭയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്നു. രാജ്യത്ത് ജനസംഖ്യ വർദ്ധിച്ച് വരുമ്പോൾ (ലോകജനസംഖ്യയുടെ 17.7 ശതമാനം ) ഭക്ഷ്യസ്വയംപര്യാപ്തതയും ഭക്ഷ്യസുരക്ഷയും പ്രധാനപ്പെട്ട വിഷയങ്ങളാവും. അപ്പോൾ ഉത്‌പാദനക്ഷമത കൂട്ടാനും പാരിസ്ഥിതികപ്രശ്നങ്ങൾ കുറച്ചുകൊണ്ട് ആരോഗ്യം സംരക്ഷിക്കുന്നതിനുമായി ശ്രമങ്ങൾ ആരംഭിക്കേണ്ടത് അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് ഗുണമേറിയ വിത്തുത്പാദനം വർദ്ധിപ്പിക്കാനും ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും വിദേശകമ്പോളം തേടുന്നതിനുമായി മൂന്ന് സഹകരണസംഘങ്ങൾ രൂപീകരിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ടു വന്നിട്ടുള്ളത്.

വിത്ത് - ജൈവകൃഷി

കയറ്റുമതി സംഘങ്ങൾ

190 രാജ്യങ്ങളിലായി 34 ലക്ഷം ജൈവകർഷകർ 749 ലക്ഷം ഹെക്ടറിൽ ജൈവകൃഷി ചെയ്യുന്നുണ്ട്.
ഇതിൽ ഇന്ത്യയിൽ മാത്രമായി 16 ലക്ഷം കർഷകർ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും വിവിധ കാരണങ്ങളാൽ ഉത്പാദനം താരതമ്യേന കുറവാണ്. ഭൂമിയുടെ തുണ്ടുവത്‌കരണവും നല്ല വിത്തിന്റെ അപര്യാപ്തതയും മാർക്കറ്റിംഗ് സംവിധാനങ്ങളുടെ അഭാവവും ഉത്പാദനക്ഷമതയെ ബാധിക്കുന്ന ഘടകങ്ങളാണ്. ഇവിടെയാണ് പുതിയ സംഘങ്ങളുടെ പ്രസക്തി .

ഇന്ത്യയുടെ വൈവിധ്യം നിറഞ്ഞ കാർഷിക കാലാവസ്ഥാ സ്ഥിതിവിശേഷം ജൈവകൃഷിക്ക് അനുകൂലമാണ്, പ്രത്യേകിച്ചും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ. എങ്കിലും ജൈവകാർഷിക ഉത്പാദനത്തിൽ ഇന്ത്യയ്‌ക്ക് 2.7 ശതമാനം പങ്ക് മാത്രമുള്ളപ്പോൾ അമേരിക്ക, ജർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് 64 ശതമാനം പങ്കാണുള്ളത്.

ഇന്ത്യയുടെ ജൈവകാർഷിക സാദ്ധ്യതകളെ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്താനും ഗുണനിലവാരമുള്ള വിത്തിന്റെ ലഭ്യത ഉറപ്പുവരുത്താനും ഒരു മാർക്കറ്റിംഗ് സംവിധാനം സൃഷ്ടിക്കുന്നതിനുമാണ് ഈ സംഘങ്ങൾ രൂപീകരിക്കുന്നത്.
ഉത്പാദനം മുതൽ ഉപഭോഗം വരെ കർഷകനെ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെ, വിളവെടുപ്പിന് ശേഷമുള്ള മൂല്യവർദ്ധനവിന് ശക്തമായ സപ്ലൈ ചെയിൻ സംവിധാനം ഒരുക്കാൻ ഇതുവഴി സാദ്ധ്യമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.


ലക്ഷ്യങ്ങൾ

ഈ മൂന്നുതരം സംഘങ്ങൾ വഴി ഗുണനിലവാരമുള്ള വിത്തിന്റെ ലഭ്യത, കാർഷിക വിദ്യാഭ്യാസം, ജൈവകൃഷിക്ക് ഊന്നൽ, വിലസ്ഥിരത, ഉറച്ച മാർക്കറ്റ്, സംഭരണ സംവിധാനം, സംസ്‌കരണം, ബ്രാൻഡിംഗ്, മാർക്കറ്റ് ഇന്റലിജൻസ്, കയറ്റുമതി പ്രോത്സാഹനം എന്നിവ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. മൂന്നു മേഖലകളിലെ വ്യത്യസ്ത സംഘങ്ങൾ അവരുടേതായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ട് പ്രവർത്തിക്കും. വിത്തുത്പാദനം, ടെസ്റ്റിംഗ്, സർട്ടിഫിക്കേഷൻ, സംഭരണം സംസ്‌കരണം, ലേബലിംഗ്, പാക്കേജിങ് എന്നിവയിലൂടെ ഉയർന്ന വില ഉറപ്പുവരുത്താനും കാർഷികമേഖലയെ ചാലനാത്മകമാക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഘടന

2002ലെ മൾട്ടി സ്റ്റേറ്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റിസ് ആക്ട് പ്രകാരം ദേശീയതലത്തിൽ രൂപീകൃതമായ ഈ സംഘങ്ങളുടെ പ്രവർത്തനം രാജ്യ വ്യാപകമായിരിക്കും. ഈ സംഘങ്ങളിൽ പ്രാഥമികസംഘങ്ങളും, കർഷക ഉത്പാദക സ്ഥാപനങ്ങൾക്കും അംഗമാകാം. അമൂൽ എൻ.സി.സി.എഫ്, എൻ.ഡി ഡി.ബി, എൻ.സി.ഡി.സി എന്നീ ദേശീയ സ്ഥാപനങ്ങൾ പ്രമോട്ടിങ് അംഗങ്ങളെന്ന നിലയിൽ സംഘങ്ങളുടെ മൂലധനത്തിലേക്ക് സംഭാവന ചെയ്യും.

മൂന്ന് സംഘങ്ങൾ വഴി സഹകരണ സംഘങ്ങളുടെ സഹകരണമെന്ന തത്വം പ്രായോഗികവത്കരിക്കാനും കർഷകർക്കു അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനും സാധിക്കും.

മൂന്ന് സംഘങ്ങൾക്കിടയിൽ വിലങ്ങനെയുള്ള സഹകരണം (Horizontal Cooperation) സൃഷ്ടിക്കുക വഴി കർഷകർക്ക് ഗുണനിലവാരമുള്ള വിത്ത് ലഭ്യമാക്കാനും, ഉത്പാദനക്ഷമത ഉയർത്താനും വിദേശകമ്പോളം പിടിച്ചെടുക്കാനും സാധിച്ചേക്കും. ഇതുവഴി കാർഷിക മേഖലയിലും ജൈവ ഉത്പാദന മേഖലയിലും കാതലായ മാറ്റങ്ങളുണ്ടാവുമെന്ന് പ്രത്യാശിക്കാം.



ഡയറക്‌ടർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ - ഓപ്പറേറ്റീവ് മാനേജ്‌മെന്റ്, കണ്ണൂർ ഫോൺ - 9249526505

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FEATURE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.