SignIn
Kerala Kaumudi Online
Tuesday, 06 October 2026 10.07 AM IST

'വണ്ടിക്കച്ചവട' തട്ടിപ്പിന് പട്ടാളക്കാരുടെ ഐഡിയും

1

തിരുവനന്തപുരം: പട്ടാളക്കാരുടെ പേരിൽ ഉത്തരേന്ത്യൻ സംഘം 'വണ്ടിക്കച്ചവട" തട്ടിപ്പ് നടത്തുന്നത് കരസേന ഉദ്യോഗസ്ഥരുടെ യൂണിഫോമിലെടുത്ത ചിത്രം സഹിതമുള്ള വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച്, കരസേന പാഴ്സൽ കേന്ദ്രത്തിലെ ചിത്രങ്ങൾ, കരസേന ഉദ്യോഗസ്ഥർ പാഴ്സൽ അയയ്ക്കുന്നതിന് ബുക്ക് ചെയ്യുന്ന ബിൽ, സി.ഐ.എസ്.എഫ് കൺട്രോൾ റൂമിന്റെ ചിത്രങ്ങൾ തുടങ്ങിയവയും ഉപയോഗിച്ചാണ് ആളുകളെ കബളിപ്പിക്കുന്നത്. ഇവയെല്ലാം വ്യാജമായുണ്ടാക്കിയതാണെന്ന് സേന വ്യക്തമാക്കുന്നു. സൈനികർക്ക് പട്ടാള കാന്റീനുകളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ യൂണിഫോമിലുള്ള ചിത്രത്തോടെയുള്ള ഗ്രോസറി കാർഡുണ്ട്. ഇതാണ് മിക്ക തട്ടിപ്പുകാരും വാട്സ്ആപ്പിൽ അയയ്ക്കുന്നത്.

അടിയന്തര സ്ഥലംമാറ്റം കാരണം വളരെ വിലക്കുറവിൽ സ്കൂട്ടർ, ബുള്ളറ്റ്, കാറുകൾ എന്നിവ വിൽക്കാനുണ്ടെന്ന് ഒ.എൽ.എക്സ് പോലുള്ള വെബ്സൈറ്റുകളിൽ പരസ്യം നൽകിയാണ് തട്ടിപ്പ്. പരസ്യം കണ്ട് വിളിക്കുന്നവരെ വിശ്വസിപ്പിക്കാനാണ് വ്യാജരേഖകൾ വാട്സ്ആപ്പിലേക്ക് അയച്ചുകൊടുക്കുന്നത്. ഇവ സൈനികരുടെ യഥാർത്ഥ തിരിച്ചറിയൽ രേഖകളോ തട്ടിപ്പുകാർ വ്യാജമായുണ്ടാക്കുന്നതോ ആയിരിക്കും. വാഹനത്തിന്റെ ആർ.സി, ഇൻഷ്വറൻസ് രേഖകൾ, സേനാ പാഴ്സൽ കേന്ദ്രത്തിലെ സൈനികരുടെ ചിത്രങ്ങൾ എന്നിവയെല്ലാം വാട്സ്ആപ്പിൽ അയയ്ക്കാറുണ്ട്. വാഹനം സൈനികകേന്ദ്രത്തിനുള്ളിലായതിനാൽ കാണാൻ കഴിയില്ലെന്നും സേനാ പാഴ്സൽ സർവീസിൽ വാഹനം വീട്ടിലെത്തിക്കുമെന്നും തട്ടിപ്പുകാർ വിശ്വസിപ്പിക്കും. പാഴ്സൽ ചാർജായാണ് 5000മുതൽ 15000വരെ ആവശ്യപ്പെടുന്നത്. പണം അയയ്ക്കാൻ ക്യു.ആർ കോഡോ പേയ്മെന്റ് ലിങ്കോ അയച്ചുതരും.

ഒ.എൽ.എക്സ് തുടങ്ങിയ വെബ്സൈറ്റുകളിൽ നേരത്തേ പരസ്യം നൽകിയവർ പോസ്റ്റ് ചെയ്ത രേഖകളും ചിത്രങ്ങളും കൈക്കലാക്കിയാണ് തട്ടിപ്പുകാർ വാട്സ്ആപ്പിൽ അയയ്ക്കുന്നത്. വാഹനത്തിന്റെ ആർ.സി നമ്പറുപയോഗിച്ച് തിരഞ്ഞാൽ ഇതേ വാഹനത്തിന്റെ വിവരങ്ങൾ ലഭിക്കുമെന്നത് തട്ടിപ്പിന് വിശ്വാസ്യത കൂട്ടും. പണം അയയ്ക്കാൻ കരസേനാ പാഴ്സൽ സർവീസിന്റേതെന്ന പേരിൽ ക്യു.ആർ കോഡും തട്ടിപ്പുകാർ അയയ്ക്കും. ഓൺലൈൻ ഇടപാട് പൂർത്തിയായില്ലെന്ന് തെറ്റിദ്ധരിപ്പിച്ച് രണ്ടും മൂന്നും വട്ടം ഇത് ആവർത്തിച്ച് കൂടുതൽ പണം തട്ടുന്ന രീതിയുമുണ്ട്. ഇടപാട് നടന്നാൽ പിന്നെ തട്ടിപ്പുകാരനെ ഫോണിൽ കിട്ടില്ല.

'' ജനങ്ങൾ ജാഗ്രത പാലിക്കണം. സൈനികവേഷത്തിലെ ചിത്രവും തിരിച്ചറിയൽ കാർഡും വ്യാജമായുണ്ടാക്കി നടത്തുന്ന തട്ടിപ്പാണിത്.""

-സൈനിക വക്താവ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FRAUD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA