SignIn
Kerala Kaumudi Online
Saturday, 27 April 2024 3.20 AM IST

ആരായിരുന്നു ജോൺ മാത്യു ?

john

അവസാനശ്വാസമെടുക്കും മുമ്പ് തനിക്കു ചുറ്റുമുള്ള ലോകത്തെ നോക്കി ജോൺമാത്യു ഒരിക്കൽക്കൂടി ചിരിച്ചിരിക്കുമെന്ന് ഉറപ്പാണ്. ജീവിതത്തിന്റെ മൂല്യവും നിരർത്ഥകതയും ഒരുപോലെ തിരിച്ചറിയാൻ ശ്രമിച്ച ആ വലിയ മനസിന്റെ ഉടമയിൽ നിന്ന് അദ്ദേഹത്തെ അടുത്തറിഞ്ഞവർ ആ ചിരി പ്രതീക്ഷിച്ചിരുന്നു. കാരണം എന്നും നിറവാർന്ന ചിരിയോടെയാണ് ജോൺ മാത്യു ജീവിതത്തെ കണ്ടത്. പത്തനംതിട്ട അയിരൂരിലെ ആഢ്യത്വമുള്ള ക്രൈസ്തവ തറവാട്ടിൽ പിറന്ന്, സ്വപ്രയത്നത്താൽ അതിസമ്പന്നനായിട്ടും ആഡംബരക്കല്ലറ തേടാതെ എറണാകുളത്തെ രവിപുരം പൊതുശ്മശാനമാണ് തന്റെ ജീവിതാന്ത്യത്തിന്റെ യാത്രാമൊഴി ചൊല്ലാൻ തിരഞ്ഞെടുത്തത്. തന്നെ അവിടെ ദഹിപ്പിക്കണമെന്ന് അദ്ദേഹം ബന്ധുജനങ്ങളോട് മരിക്കും മുമ്പ് അഭ്യർത്ഥിക്കുകയും ചെയ്തു. മെഡിക്കൽ കോളേജിലെ കുട്ടികൾക്ക് പഠനത്തിനായി മരണശേഷം തന്റെ ശരീരം വിട്ടുനൽകാൻ നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും അർബുദ ബാധിതനായതിനാൽ ആ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.

നാസ്തികനായിരുന്നു ജോൺമാത്യു. ശാസ്ത്രത്തിന്റെ സത്യങ്ങളെ ജീവിതകാലത്തിലുടനീളം ഉയർത്തിപ്പിടിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും. വിശ്വാസികളുടെ ചിന്താധാരകളെ അദ്ദേഹം ഒരിക്കലും തള്ളിപ്പറഞ്ഞിരുന്നില്ല. എന്നാൽ തന്റെ വാദങ്ങൾക്ക് അടിസ്ഥാനമായ ശാസ്ത്ര തെളിവുകൾ സംഭാഷണങ്ങളിലും സംവാദങ്ങളിലും തുറന്നു പറയാൻ മടിച്ചതുമില്ല. കോഴിക്കോട് എൻജിനീയറിംഗ് കോളേജിൽ പഠിക്കുമ്പോൾ സമർത്ഥനായ വിദ്യാർത്ഥിയും സ്റ്റുഡന്റ്സ് ഫെഡറേഷന്റെ പ്രവർത്തകനുമായിരുന്നു. രണ്ടാം റാങ്കോടെയാണ് പാസായത്.

കുവൈറ്റിൽ അറുപതുവർഷം അദ്ധ്വാനിച്ച് ജോൺമാത്യു പടുത്തുയർത്തിയ സാമ്രാജ്യത്തിൽ പ്രജകളും ചക്രവർത്തിയും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിനു മുന്നിൽ ഏവരും സമന്മാരായിരുന്നു. തൊഴിലാളികളെ കുടുംബാംഗങ്ങളായിക്കണ്ടു. സഹായം അഭ്യർത്ഥിച്ചുവന്ന ആരെയും നിരാശരാക്കിയില്ല. കുവൈറ്റ് യുദ്ധകാലത്ത് തന്റെ വ്യവസായസംരംഭം തകർച്ച നേരിട്ടിട്ടും പരമാവധി മലയാളികളെ നാട്ടിലെത്തിക്കാൻ കഠിനാദ്ധ്വാനം ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. യാത്രാരേഖകളും പാസ്‌പോർട്ടും ഇല്ലാത്തവർക്ക് തന്റെ സ്വാധീനശേഷിയിലൂടെ അവ സംഘടിപ്പിച്ചു നൽകി നാട്ടിലേക്ക് അയയ്ക്കാനും അദ്ദേഹം മുൻകൈയെടുത്തു. അവസാന ഘട്ടത്തിലാണ് ജോൺ മാത്യു അന്ന് കുവൈറ്റ് വിട്ടത്. യുദ്ധശേഷം കുവൈറ്റിൽ തിരികെയത്തിയ ജോൺമാത്യു തന്റെ സംരംഭം പൂജ്യത്തിൽ നിന്ന് വീണ്ടും പടുത്തുയർത്തി. തൊഴിലാളികൾ ഒപ്പം നിന്നു.

1962 ൽ ആലുവ ഫാക്ടിലെ ജോലി ഉപേക്ഷിച്ച് തന്റെ ഇരുപത്തിമൂന്നാമത്തെ വയസിൽ കുവൈറ്റ് ജലവൈദ്യുത മന്ത്രാലയത്തിൽ കെമിക്കൽ എൻജിനീയറായിട്ടാണ് ജോൺമാത്യു കുവൈറ്റിലെത്തിയത്. ഗൾഫിലെ അതിസമ്പന്ന രാജ്യമായ കുവൈറ്റ് അതിന്റെ വികസനത്തിനുള്ള ആസൂത്രണരേഖ തയ്യാറാക്കുന്ന ഘട്ടമായിരുന്നു. അതിൽ പങ്കാളിയായ അദ്ദേഹം സർക്കാർ ജോലി രാജിവച്ച് പെട്രോകെമിക്കൽ രംഗത്ത് സജീവമായി. പ്രത്യക്ഷമായും പരോക്ഷമായും പതിനായിരത്തോളം പേർക്കാണ് അദ്ദേഹം ജോലിനൽകിയത്. കേരളത്തിൽ മലയാളം ഇൻഡസ്ട്രീസ് എന്ന പേരിലും വ്യവസായം തുടങ്ങി. കൊച്ചിയിൽ മെർമെയിഡ് ഹോട്ടലും നടത്തി.

ആരായിരുന്നു ശരിക്കും ജോൺമാത്യു? കുവൈറ്റിലെ വൻവ്യവസായി എന്നുമാത്രം പറഞ്ഞാൽ അത് അദ്ദേഹത്തോട് കാട്ടുന്ന അനീതിയാകും. കേരളത്തേയും മലയാളഭാഷയേയും സ്നേഹിച്ച സാഹിത്യകാരനായിരുന്നു അദ്ദേഹം. സാഹിത്യ രാഷ്ട്രീയ മേഖലകളിലെ ഒട്ടേറെപ്പേർക്ക് കുവൈറ്റിൽ അദ്ദേഹം ആതിഥ്യമൊരുക്കി. ഒ.എൻ.വി, എം.മുകുന്ദൻ, സക്കറിയ അങ്ങനെ പലരും കുവൈറ്റിലെത്തിയപ്പോൾ ആതിഥ്യമരുളി.

ബാലഗോപാൽ എന്ന തൂലികാ നാമത്തിലാണ് ജോൺമാത്യു പുസ്തകങ്ങൾ രചിച്ചത്. കുവൈറ്റ് അധിനിവേശത്തെക്കുറിച്ച് ഇംഗ്ളീഷിലെഴുതിയ 'എ സാഗ ഓഫ് ആൻ എക്സ്‌പാട്രിയേറ്റ് ', മലയാളത്തിൽ 'പരിണാമം ഇന്നലെ ഇന്ന് നാളെ', 'പ്രവാസിയുടെ ഇതിഹാസം', 'മിശിഹാ മുതൽ അവിസെന്നവരെ ', 'ഒരു നാസ്തികന്റെ ചിന്തകൾ 'എന്നീ രചനകൾ പ്രസിദ്ധമാണ്.

ജോൺമാത്യു എലിസബത്ത് (രമണി) ദമ്പതികൾക്ക് മൂന്ന് പെൺമക്കളാണ്. അന്ന, മറിയം,സാറ. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ചാണ് ആ കുട്ടികൾ വളർന്നത്. വളരെ ആകർഷകമായ ദാമ്പത്യമായിരുന്നു ജോൺ മാത്യുവിന്റേത്. ചിത്രകാരിയും പാചക പുസ്തകങ്ങളുടെ രചയിതാവുമാണ് ഭാര്യ രമണി. കുവൈറ്റിൽ ജോൺ മാത്യുവിന്റെ വീട്ടിൽ സാൽവദോർ ദാലിയുടേത് അടക്കം വിഖ്യാത ചിത്രകാരന്മാരുടെ പെയിന്റിംഗ് കാണാം. കലയേയും കലാകാരന്മാരെയും മനസിലാക്കുകയും കല ആസ്വദിക്കുകയും ചെയ്ത ദമ്പതികളാണ് രമണിയും ജോൺ മാത്യുവും. മെർമെയിഡ് ഹോട്ടലിൽ ആർട്ട് ഗാലറി പണിത് തന്റെ വിപുലമായ ആർട്ട് ശേഖരം മാറ്റി വരികയായിരുന്നു ജോൺ മാത്യു. മികച്ച സിനിമകളുടെയും മൊസാർട്ടും ബീഥോവനും അടക്കമുള്ള പ്രശസ്ത സംഗീതജ്ഞരുടെയും ശേഖരവും അദ്ദേഹത്തിനുണ്ടായിരുന്നു.

ആയിരം പൂർണചന്ദ്രന്മാരെ കണ്ടപ്രായത്തിലാണ് ജോൺ മാത്യു വിടപറഞ്ഞത്. ആയിരം പൂർണചന്ദ്രന്മാരുടെ കഥ കേട്ടാൽ അദ്ദേഹം ചിരിച്ചുതള്ളും. ജോൺ മാത്യുവും രമണിയുമായും സംസാരിച്ചിരിക്കുക രസകരമായിരുന്നു. സൂര്യന് താഴെ ഏത് വിഷയത്തെക്കുറിച്ചും സംഭാഷണത്തിലേർപ്പെടും. രസച്ചരടുകൾ കോർത്ത് കഥകൾ പറയും, അങ്ങനെ അങ്ങനെ...ഒരിടത്ത് ...ഒരിടത്ത്...ഒടുവിൽ ബാക്കി നാളെ... എന്ന് പറഞ്ഞാണ് ആ രാത്രികൾ അവസാനിച്ചിരുന്നത്. ആ രാത്രി മാഞ്ഞുപോയെങ്കിലും ഓർമ്മകൾ ബാക്കിയുണ്ട്.

വിട..പ്രിയ ജോൺ മാത്യു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JOHN MATHEW
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.