നമ്മുടെ രാജ്യത്തിന്റെ മികച്ച സമ്പദ്വ്യവസ്ഥയ്ക്കും ജീവിതനിലവാരം ഉയർത്താനും ഗുണനിലവാരമുള്ളതും ചെലവ് കുറഞ്ഞതുമായ ആരോഗ്യസംവിധാനം അനിവാര്യമാണ്. അതിന് ശാസ്ത്രീയവും പുരോഗമനപരവും ജനകീയവുമായ ബഡ്ജറ്റ് പ്ളാനും അത്യാവശ്യമാണ്. ശക്തമായ പൊതുമേഖലാ സംവിധാനവും ആവശ്യത്തിന് സ്വകാര്യമേഖലയെ വിശ്വാസമെടുത്തുമുള്ള മെച്ചപ്പെട്ട ആരോഗ്യരംഗവും വേണം. കൊല്ലംതോറും 2.4 ശതമാനം ജനങ്ങൾ ആരോഗ്യമേഖലയിലെ ചെലവ് കാരണം ദാരിദ്ര്യരേഖയ്ക്ക് താഴേക്ക് തള്ളപ്പെടുന്നു.
ആരോഗ്യ സംരക്ഷണ ചെലവ്
കൊവിഡ് മഹാമാരി സർക്കാരിനെ ആരോഗ്യസംരക്ഷണത്തിന് ജി.ഡി.പിയിൽ നിന്നുള്ള വിഹിതം (ഷെയർ) കാര്യമായി ഉയർത്താൻ നിർബന്ധിച്ചിരിക്കുകയാണ്. 2017ലെ ആരോഗ്യനയം, ആരോഗ്യസംരക്ഷണത്തിനുള്ള ചെലവ് ചുരുങ്ങിയത് മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി) 2.5 ശതമാനമെങ്കിലുമായി 2025ഓടെ ഉയർത്തുമെന്ന് വാദ്ഗാനം ചെയ്തതാണ്.
ഇപ്പോഴുള്ള 1.1 ശതമാനവുമായി മുന്നോട്ട് പോയാൽ നമുക്ക് ഈ വളർച്ച നേടുക സാദ്ധ്യമല്ല. ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾക്ക് കാരണം ഇത് മാത്രമാണ്. കഴിഞ്ഞവർഷത്തെ മൊത്തം ചെലവായ 89,000 കോടി രൂപയിൽ 83,000 കോടി രൂപയും റവന്യു ചെലവിനാണ് (റവന്യു എക്സ്പെൻഡിചർ) ഉപയോഗപ്പെടുത്തിയത്. മൂലധനച്ചെലവ്, അതായത് കാപ്പിറ്റൽ എക്സ്പെൻഡിചർ വെറും 5,630 കോടി രൂപയായിരുന്നു. ആരോഗ്യ സംവിധാനത്തിന്റെ തുല്യമായ വിതരണത്തിന് മൂലധനച്ചെലവ് (കാപ്പിറ്റൽ എക്സ്പെൻഡിചർ) കൂട്ടേണ്ടിയിരിക്കുന്നു.
ആരോഗ്യ പരിപാലനത്തിന്റെ തുല്യമായ വിതരണത്തിന് (ഇക്വിറ്റബിൾ ഡിസ്ട്രിബ്യൂഷൻ) സാർവത്രിക ആരോഗ്യസംരക്ഷണം (യൂണിവേഴ്സൽ ഹെൽത്ത്കെയർ) നേടാനും അടിസ്ഥാനസൗകര്യ (ഇൻഫ്രാസ്ട്രക്ചർ) വികസനവും മറ്റ് സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ടതും അത്യാവശ്യമാണ്. ഇതിനായി കൂടുതൽ മെഡിക്കൽ കോളേജുകളും നഴ്സിംഗ് കോളേജുകളും പാരാമെഡിക്കൽ കോളേജുകളും കഴിവുകൾ വർദ്ധിപ്പിക്കുന്ന സംവിധാനങ്ങളും ഒരുക്കേണ്ടിയിരിക്കുന്നു.
കഴിഞ്ഞവർഷം അടിസ്ഥാനസൗകര്യ വികസനത്തിന് (പി.എം.എ.ബി.എച്ച്.ഐ.എം - പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ) 64,180 കോടി രൂപ പ്രഖ്യാപിച്ചിരുന്നെങ്കിലും 8,000 കോടി രൂപ മാത്രമാണ് അനുവദിച്ചത്. അതിനാൽ 2023-24ലെ ബഡ്ജറ്റിൽ ചുരുങ്ങിയത് 18,000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. കൂടാതെ ആരോഗ്യരംഗത്തെ ഗവേഷണങ്ങൾക്ക് അനുവദിച്ച 3.71 ശതമാനം തുക ചുരുങ്ങിയത് 10 ശതമാനമായി ഉയർത്തേണ്ടിയിരിക്കുന്നു.
നികുതിയിനങ്ങൾ (ടാക്സേഷൻ)
മെഡിക്കൽ ഉപകരണങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കണം. ജീവൻരക്ഷാ മരുന്നുകളുടേയും ഇംപ്ളാന്റുകളുടേയും നികുതി കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. മെഡിക്കൽ ഇൻഷ്വറൻസ് പ്രീമിയങ്ങളുടെ നിലവിലുള്ള ടാക്സ് ഡിഡക്ഷൻ ലിമിറ്റ് കൂട്ടണം.
വൈദ്യസേവന ജി.എസ്.ടി
47-ാം ജി.എസ്.ടി കൗൺസിൽ ബയോമെഡിക്കൽ വേസ്റ്റ് ട്രീറ്റ്മെന്റ് പ്ളാന്റുകളിൽ 12 ശതമാനം നികുതി ചുമത്തിയിരിക്കുകയാണ്. അതുപോലെ തന്നെ ആശുപത്രികളിൽ ഐ.സി.യു ഒഴികെ 5,000 രൂപയിൽ കൂടുതൽ മുറിവാടകയ്ക്ക് അഞ്ച് ശതമാനം ജി.എസ്.ടിയും ചുമത്തിയിട്ടുണ്ട്. മുൻകാലങ്ങളിൽ ഇവയെ ജി.എസ്.ടിയിൽ നിന്നൊഴിവാക്കിയിരുന്നതാണ്. ആശുപത്രി സേവനങ്ങളെ ജി.എസ്.ടിയിൽ നിന്നൊഴിവാക്കുന്നത് ജനങ്ങൾക്ക് ആശ്വാസകരമായിരിക്കും.
പബ്ളിക് പ്രൈവറ്റ് പാർട്ണർഷിപ്പ് - പി.പി.പി
സ്വകാര്യമേഖലയിലെ വൈദഗ്ദ്ധ്യം പൊതുമേഖലയുമായി സംയോജിപ്പിച്ച് കൂടുതൽ മെച്ചപ്പെട്ട വൈദ്യസേവനം ജനങ്ങൾക്ക് നൽകാൻ ഒരുശ്രമം നടത്തുന്നത് നല്ലതായിരിക്കും. അതുവഴി സർക്കാരിന് ഒരു ദാതാവിന്റെ (പ്രൊവൈഡർ) പങ്കിൽനിന്ന് പ്രവർത്തനക്ഷമമാകുന്ന (എനേബ്ളർ) പങ്കിലേക്ക് മാറാവുന്നതാണ്.
പ്രവർത്തന മൂലധനവും മുൻഗണനാ ധനസഹായവും
ഡോക്ടർമാരുടെയും നഴ്സുമാരുടെയും ആരോഗ്യപ്രവർത്തകരുടെയും കഴിവുകൾ വർദ്ധിപ്പിക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കി പരിശീലനം നൽകാൻ തുക നീക്കിവയ്ക്കണം.
ജീവിതശൈലീരോഗങ്ങൾ വർദ്ധിക്കാതിരിക്കാൻ അവ നേരത്തേ കണ്ടുപിടിച്ച് ചികിത്സിക്കാൻ വേണ്ട മൂലധനം സമാഹരിക്കണം.
നിലവാരമുള്ള ചികിത്സാ ഉപകരണങ്ങൾ ഇന്ത്യയിൽത്തന്നെ നിർമ്മിച്ച് ന്യായമായ വിലയ്ക്ക് വിതരണം ചെയ്യാൻ 'മെയ്ക്ക് ഇൻ ഇന്ത്യ" പദ്ധതിപ്രകാരം കമ്പനികളെ പ്രോത്സാഹിപ്പിക്കണം. ആവശ്യമായ സബ്സിഡി നൽകണം.
ആശുപത്രി സംവിധാനങ്ങൾക്ക് പ്രത്യേക പരിഗണന നൽകി വൈദ്യുതി, വെള്ളം നിരക്കുകുറച്ച്, ചികിത്സാച്ചെലവ് പ്രാപ്യവും താങ്ങാവുന്ന നിലവാരത്തിലും എത്തിക്കാൻ കഴിയണം.
മെഡിക്കൽ ടൂറിസം
നിലവാരമുള്ളതും താരതമ്യേന ചെലവ് കുറഞ്ഞതുമായ ചികിത്സാസൗകര്യമുള്ളതിനാൽ വിദേശരാജ്യങ്ങളിൽ നിന്ന് ചികിത്സയ്ക്കായി ഇന്ത്യയിൽ വരുന്നവരുടെ എണ്ണം കൂടിവരികയാണ്. സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി, മെഡിക്കൽ ടൂറിസത്തിന് വലിയ പ്രോത്സാഹനം നൽകണം.
ഡിജിറ്റൽ ഹെൽത്ത് പ്രോത്സാഹനത്തിന് അനുവദിച്ച 1,600 കോടി രൂപ വർദ്ധിപ്പിക്കണം.
ട്രോമാകെയർ
വർദ്ധിക്കുന്ന വാഹനാപകട മരണങ്ങൾ പരിഗണിച്ച് ട്രോമാകെയർ നെറ്റ്വർക്കും ആംബുലൻസ് നെറ്റ്വർക്കും കാര്യക്ഷമമാക്കാൻ കൂടുതൽ ഫണ്ട് അനുവദിക്കണം. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2017ൽ തന്നെ 4,64,910 വാഹനാപകടങ്ങളിൽ 4,70,975 പേർക്ക് പരിക്കേൽക്കുകയും 1,47,913 പേർ മരണമടയുകയും ചെയ്തിട്ടുണ്ട്. ഇത് നമ്മുടെ നാടിന് താങ്ങാവുന്നതിലും അധികമാണ്.
പ്രായമായവരുടെ പരിചരണം
വയോധികരുടെ എണ്ണം വർദ്ധിക്കുന്നത് പരിഗണിച്ച്, അവരുടെ ചികിത്സക്കും പുനരധിവാസത്തിനും മറ്റും ഡേകെയർ സെന്റർ, ഹോം കെയർ സൗകര്യങ്ങൾ വർദ്ധിപ്പിച്ച് പ്രത്യേക പരിഗണന നൽകണം. പൊതുജനാരോഗ്യ സേവനം മെച്ചപ്പെടുത്താൻ പ്രാഥമിക ആരോഗ്യകേന്ദ്രം (പി.എച്ച്.സി) കൂടുതൽ മികവുറ്റതാക്കണം.
ഇപ്പോൾ 30,000 പേർക്ക് ഒരു പി.എച്ച്.സി എന്നത് 15,000 പേർക്ക് ഒരു പി.എച്ച്.സി എന്ന നിലവാരത്തിലേക്ക് ഉയർത്തുകയും പ്രവർത്തനം 24 മണിക്കൂറും ലഭ്യമാക്കുകയും ചെയ്യുന്നത് ജനങ്ങൾക്ക് ഉപകാരപ്രദമായിരിക്കും. ഇതിനുവേണ്ട ഡോക്ടർമാരുടേയും നഴ്സുമാരുടേയും ആരോഗ്യപ്രവർത്തകരുടെയും എണ്ണം കൂട്ടാനും സംവിധാനം മെച്ചപ്പെടുത്താനും പണം കണ്ടെത്തണം.
മെഡിക്കൽ കോളേജുകളുടെ വികസനം - ജില്ലാ ആശുപത്രികളുടെ ബോർഡുമാറ്റി മെഡിക്കൽ കോളേജ് എന്ന് വച്ചതുകൊണ്ട് കാര്യമില്ല. നമ്മുടെ രണ്ടുമൂന്ന് പുതിയ മെഡിക്കൽ കോളേജുകളുടെ നിലവാരം മെച്ചപ്പെടുത്താൻ കൂടുതൽ ധനസഹായം ആവശ്യമാണ്.
ഈ വരുന്ന ബഡ്ജറ്റിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇക്കാര്യങ്ങൾ ഗൗരവമായി പരിഗണിക്കുമെന്നാണ് പ്രതീക്ഷ.
(ലേഖകൻ ഐ.എം.എ മുൻ
സംസ്ഥാന പ്രസിഡന്റും ദേശീയ
വൈസ് പ്രസിഡന്റുമാണ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |