യാതൊന്നിനും അടിമപ്പെടാത്ത മനുഷ്യനെയാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത്. മനുഷ്യനെന്ന നിലയിലുള്ള മനുഷ്യന്റെ യഥാർത്ഥ സ്വാതന്ത്ര്യത്തെയും മൗലികാവകാശങ്ങളെയും ഇത്രയധികം ഉയർത്തിപ്പിടിക്കുന്ന മറ്റൊരു ഭരണഘടന ലോകത്തിൽ വേറെയില്ലെന്നു പറയാം. സ്വതന്ത്രനായ മനുഷ്യന് സ്വതന്ത്രമായ ജീവിതം നയിക്കാൻ വേണ്ടതെല്ലാം നമ്മുടെ ഭരണഘടനയിലുണ്ട്.
മറ്റൊന്നിന്റേയും സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്നതോ ലംഘിക്കുന്നതോ യഥാർത്ഥ സ്വാതന്ത്ര്യത്തിന്റെ ലക്ഷണമല്ല. അങ്ങനെയുള്ള സ്വാതന്ത്ര്യമാണ് ഒരുവനെ യഥാർത്ഥ മനുഷ്യനാക്കി തീർക്കുന്നത്. ആ സർവതന്ത്ര സ്വതന്ത്രത നമ്മുടെ ജീവിതത്തിന്റെ അസ്ഥിവാരമായി നിലകൊള്ളണമെങ്കിൽ ഇന്ത്യൻ ഭരണഘടന ഒരു പോറലുപോലുമേൽക്കാതെ എക്കാലവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
വിശ്വാസ സ്വാതന്ത്ര്യം നൽകുന്നു എന്നതാണ് നമ്മുടെ ഭരണഘടനയുടെ ഏറ്റവും വലിയ മഹത്വം. ഇന്ത്യൻ ഭരണഘടന നിലവിൽ വരുന്നതിനും വളരെ മുൻപുതന്നെ ആ മഹത്വത്തിന്റെ ശ്രീകോവിൽ 1888- ൽ ഗുരുദേവൻ അരുവിപ്പുറം പ്രതിഷ്ഠയിലൂടെ തുറന്നിട്ടു.
വിശ്വാസ സ്വാതന്ത്ര്യമില്ലെങ്കിൽ ഒരു മനുഷ്യനും ജീവിതത്തിൽ ഒരു രംഗത്തും വിജയിക്കാനാവില്ല. സാംസ്കാരികവും സാമൂഹികവുമായ ബഹുസ്വരതകളെ അതേവിധം നിലനിറുത്തിയും ആത്മസാഹോദര്യം പുലർത്തിയും ഭാരതീയർ ലോകത്തിന് മാതൃകയാകുന്നത് വിശ്വാസ സ്വാതന്ത്ര്യം നൽകുന്ന ആത്മബലം കൊണ്ടാണ്.
ഉറച്ച ജനാധിപത്യബോധമാണ് വിശ്വാസസ്വാതന്ത്ര്യത്തിന്റെ കാതൽ.
1926 -ൽ ഗുരുദേവൻ ശിവഗിരിമഠത്തിന്റെ ഭരണ നിർവഹണത്തിനായി രൂപപ്പെടുത്തിയ ഒരു വില്പത്രമുണ്ട്. ജനാധിപത്യത്തിന്റെ ഇന്ന് നാം കേൾക്കുന്ന നിർവചനം ഉണ്ടാകുന്നതിനും വളരെ മുമ്പ് തന്നെ ജനാധിപത്യത്തിന്റെ ദാർശനിക സൗന്ദര്യവും ശബ്ദവും കേരളം കേൾക്കുന്നത് ഈ വില്പത്രത്തിലൂടെയാണ്. അതുപോലെതന്നെ മതനിരപേക്ഷമായൊരു സമൂഹസൃഷ്ടിയിലൂടെ സർവരും സോദരത്വേന വാഴുന്ന ഒരുലോകം സംസ്ഥാപനം ചെയ്യുക എന്നതായിരുന്നു ഗുരുദേവന്റെ ആത്യന്തികലക്ഷ്യം.
മതബോധം ഏതെങ്കിലും വിധത്തിൽ മനുഷ്യനെ അസ്വതന്ത്രനാക്കുന്നു എങ്കിൽ ആ മതബോധത്തെ മതനിരപേക്ഷതകൊണ്ട് തിരുത്തത്തക്ക നിലയിൽ മനുഷ്യൻ മാറണം. ലോകത്തിനും കേരളത്തിനും ഗുരുദേവൻ നൽകിയ ഈ കാഴ്ചപ്പാടിൽ നിന്നും നമ്മൾ വ്യതിചലിക്കുമ്പോഴാണ് മതസംഘർഷങ്ങൾ ഉണ്ടാകുന്നത്.
ഇങ്ങനെ മനുഷ്യനെ പരിവർത്തനപ്പെടുത്തുന്ന നവോത്ഥാനത്തിന്റെ ഏറ്റവും ഊഷ്മളമായ സംസ്കാരമാണ് ഗുരുദേവൻ നമുക്ക് നൽകിയ സംഭാവന. ആ സംഭാവനയുടെ തിളക്കം ഭാരതത്തിന്റെ ഭരണഘടനയിലും നമുക്ക് തെളിഞ്ഞു കാണാം. മതവും വിശ്വാസവും ആചാരപദ്ധതികളുമൊന്നും മനുഷ്യനെ മയക്കുന്നതാവരുത്. മറിച്ച് മനുഷ്യനെ മാറ്റാനുള്ളതാവണം. അതു തന്നെയാണ് നവോത്ഥാനത്തിന്റെ കരുതലും കരുത്തുമാകേണ്ടത്. മാനവികതയുടെ ഏറ്റവും മഹത്തും ബൃഹത്തുമായ ഗുരുവിന്റെ അരുവിപ്പുറം സന്ദേശത്തിൽക്കവിഞ്ഞ് നമുക്കൊരു മതേതര മൂല്യം കിട്ടാനില്ല. അതിനൊപ്പം മനുഷ്യനെ ചേർത്തുനിറുത്തുന്നതാണ് ഇന്ത്യൻ ഭരണഘടന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |