പോർബന്തറിലെ കുട്ടിക്കാലം മുതൽ 1921വരെയുള്ള ജീവിത പരീക്ഷണങ്ങളാണ് ഗാന്ധിജിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളിൽ. ഗുജറാത്തി ഭാഷയിലായിരുന്നു എഴുത്ത്. ആത്മമിത്രവും, ഗാന്ധിജി ആരംഭിച്ച നവജീവൻ, യംഗ് ഇന്ത്യ വാരികളുടെ മാനേജറും ആയിരുന്ന സ്വാമി ആനന്ദിന്റെ പ്രേരണയില്ലായിരുന്നെങ്കിൽ ഗാന്ധിജി ആത്മകഥ എഴുതുമായിരുന്നില്ല. 1925 നവംബർ 25 ന് നവജീവൻ വാരികയിൽ പ്രസിദ്ധീകരണം തുടങ്ങിയ ആത്മകഥ 1929 ഫെബ്രുവരി 03 ലക്കം വരെ തുടർന്നു.
സത്യ ന പ്രയോഗോ അഥവാ ആത്മകഥ എന്നാണ് ഗാന്ധിജിയുടെ ആത്മകഥയുടെ ഗുജാറാത്തി ഭാഷയിലെ പേര്. ഇംഗ്ളീഷിലേക്ക് തർജ്ജമ നിർവഹിച്ചത് മഹാദേവ് ദേശായി. ഗാന്ധിജിയുടെ സമരരീതികളുടെ പശ്ചാത്തലം വിശദീകരിക്കുന്ന കുറിപ്പുകൾ വേണമെന്ന സ്വാമി ആനന്ദിന്റെ നിർബന്ധമായിരുന്നു ആത്മകഥാ രചനയ്ക്കു പിന്നിൽ. നവജീവനിൽ പ്രതിവാരം പ്രസിദ്ധീകരിച്ച ആത്മകഥയുടെ ഇംഗ്ളീഷ് രൂപം അതേസമയം തന്നെ യംഗ് ഇന്ത്യയിലും പ്രസിദ്ധീകരിക്കപ്പെട്ടു. യഥാർത്ഥത്തിൽ 1921 മുതൽ തന്നെ ഗാന്ധിജി ആത്മകഥാ രചന ആരംഭിച്ചെങ്കിലും തിരക്കുകൾക്കിടെ മുടങ്ങിപ്പോയതു മൂലം നവജീവനിലെ പ്രസിദ്ധീകരണം വൈകുകയായിരുന്നു.
ഇതുവരെ പതിനാറ് ഭാഷകളിലേക്ക് ഗാന്ധിജിയുടെ ആത്മകഥ വിവർത്തനം ചെയ്യപ്പെട്ടു. നവജീവൻ ട്രസ്റ്റ് ആണ് പ്രസാധകർ. 60 ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞെന്നാണ് നവജീവൻ ട്രസ്റ്റിന്റെ കണക്ക്. ഇന്ത്യയിലെ ബെസ്റ്റ് സെല്ലറുകളിലൊന്ന്. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ പിറ്റേ വർഷം, 1948-ലാണ് അമേരിക്കയിൽ ആത്മകഥ പ്രസിദ്ധീകരിക്കപ്പെട്ടത്. അഞ്ചു ഭാഗങ്ങളിലായി 167 അദ്ധ്യായങ്ങൾ ഉള്ളതാണ് ഗാന്ധിജിയുടെ ആത്മകഥ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |