ന്യൂഡൽഹി: ബഡ്ജറ്റ് സമ്മേളനത്തിൽ പാർലമെന്റിനെ അഭിസംബോധന ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. പുതിയ രാഷ്ട്രപതിയുടെ ആദ്യത്തെ പാർലമെന്റ് അഭിസംബോധനയാണിത്. നാളെ അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്ജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവേയും ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും.
'സന്തോഷ നിമിഷമാണിത്. രാജ്യത്തിന്റെ അമൃതകാലമാണിത്. എല്ലാവരുടെയും വികസനമാണ് സർക്കാരിന്റെ ലക്ഷ്യം. വികസന പാതയിൽ രാജ്യം മുന്നേറുന്നു. ലോകത്തിന് ഇന്ത്യയോടുള്ള കാഴ്ചപ്പാട് മാറി. ജനങ്ങളുടെ ആത്മവിശ്വാസം വർദ്ധിച്ചു. ആത്മനിർഭർ ഭാരതത്തെ നമ്മൾ പടുത്തുയർത്തുകയാണ്. ഇന്ത്യ ഇന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ്. ഇത് രാജ്യത്തിന്റെ പ്രയാണത്തിൽ സുപ്രധാന മുഹൂർത്തമാണ്. പ്രകടമായ പല മാറ്റങ്ങളും ഈ സർക്കാരിന്റെ കാലത്തുണ്ടായി. ഇന്ത്യയുടെ ഡിജിറ്റൽ നെറ്റ്‌വർക്ക് ലോകത്തിന് മാതൃകയാണ്. ആഗോള തലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായ മാറി. സർക്കാർ പ്രവർത്തിക്കുന്നത് സുതാര്യമായാണ്. സ്വന്തം ആവശ്യങ്ങൾക്കായി ഇന്ത്യ മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നില്ല. മറ്റ് രാജ്യങ്ങളാകട്ടെ ഇന്ത്യയുടെ സഹായം പലപ്പോഴും തേടുന്നു. ഇന്ത്യയുടെ അഭിമാനം ഏറ്റവും ഉന്നതിയിലെത്തിയ കാലമാണ് ഈ സർക്കാരിന്റേത്. സ്ത്രീ മുന്നേറ്റം എടുത്തുപറയേണ്ട കാര്യമാണ്. ഈ സർക്കാരിന്റെ നയങ്ങളിൽ ദൃഢതയുണ്ട്. രാജ്യം ഇന്ന് ഭീകരതയെ അതിശക്തമായി നേരിടുന്നു. ലോകത്തിന്റെ പ്രതീക്ഷകൾ സഫലമാക്കുന്ന ബഡ്‌ജറ്റാകും ഇത്.'- രാഷ്ട്രപതി പറഞ്ഞു.
അതേസമയം, പാർലമെന്റ് ബഡ്ജറ്റ് സമ്മേളനത്തിന് മുന്നോടിയായി ചേർന്ന സർവകക്ഷി സമ്മേളനത്തിൽ വിവാദമായ ബി.ബി.സി ഡോക്യുമെന്ററി നിരോധനവും ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. ഇന്നലെ പാർലമെന്റ് അനക്സിൽ പാർലമെന്ററി കാര്യ മന്ത്രി പ്രൾഹാദ് ജോഷി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ 27 പാർട്ടികളെ പ്രതിനിധീകരിച്ച് 37 നേതാക്കൾ പങ്കെടുത്തു. എന്നാൽ, കോൺഗ്രസ്, എസ്.പി എന്നീ പാർട്ടികൾ യോഗത്തിൽ പങ്കെടുത്തില്ല.
പ്രതിപക്ഷത്തിന്റെ ആവശ്യം
ഗവർണർ - സംസ്ഥാന സർക്കാർ പോര്, ബി.ബി.സി വിവാദം, ചൈനീസ് കടന്നു കയറ്റം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യണം. ഗവർണർ - സംസ്ഥാന സർക്കാർ പോര് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടത് തെലങ്കാനയിലെ ബി.ആർ.എസ് പാർട്ടിയാണ്. അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റത്തിൽ ചർച്ച വേണമെന്നാവശ്യമുന്നയിച്ചത് ബി.എസ്.പിയും. തൃണമൂൽ കോൺഗ്രസാണ് ബി.ബി.സി വിവാദം ചർച്ച ചെയ്യണമെന്ന ആവശ്യമുന്നയിച്ചത്. രാജ്യവ്യാപകമായി ജാതി അടിസ്ഥാനമാക്കി സാമ്പത്തിക സെൻസസ് നടത്തണമെന്നും വനിതാ സംവരണ ബിൽ കൊണ്ടുവരണമെന്നുമായിരുന്നു വൈ.എസ്.ആർ കോൺഗ്രസിന്റെ ആവശ്യം. വനിതാ ബില്ലിന് വേണ്ടി ബിജു ജനതാദളും ഇതേ ആവശ്യമുന്നയിച്ചു. അദാനി വിഷയം സംബന്ധിച്ച ചർച്ച ആവശ്യപ്പെട്ടത് ആർ.ജെ.ഡിയാണ്. പാർലമെന്റിന്റെ സുഗമമായ നടത്തിപ്പിന് കേന്ദ്ര സർക്കാർ എല്ലാ കക്ഷികളുടെയും സഹകരണം ആവശ്യപ്പെട്ടു. പ്രൾഹാദ് ജോഷിക്ക് പുറമെ കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്,പിയൂഷ് ഗോയൽ, അർജുൻ രാംമേഘ്‌വാൾ, വി. മുരളീധരൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ഡി.എം.കെ നേതാവ് ടി.ആർ ബാലു, ടി.എം.സി നേതാക്കളായ സുദീപ് ബന്ദോപാദ്ധ്യായ, സുഖേന്ദു ശേഖർ റേ, ടി.ആർ.എസ് നേതാക്കളായ കെ. കേശവ റാവു, നാമ നാഗേശ്വരറാവു, നാഷണൽ കോൺഫറൻസിലെ ഫാറൂഖ് അബ്ദുള്ള, ശിവസേനാ നേതാവ് പ്രിയങ്ക ചതുർവേദി തുടങ്ങിയ പ്രതിപക്ഷ നേതാക്കളും പങ്കെടുത്തു. ബഡ്ജറ്റ് സമ്മേളനത്തിൽ രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്ക്കരിക്കണമോയെന്ന് ഉടൻ തീരുമാനമെടുക്കുമെന്ന് ബി.ആർ.എസ് നേതാവ് കെ. കേശവറാവു എം.പി അറിയിച്ചു. സർവകക്ഷി യോഗത്തിന് ശേഷം എൻ.ഡി.എ സഭാ നേതാക്കളുടെ യോഗം ചേർന്നു.
ഇന്ന് രാഷ്ട്രപതിയുടെ അഭിസംബോധനയോടെ പാർലമെന്റ് സമ്മേളനം തുടങ്ങും. ധനമന്ത്രി സാമ്പത്തിക സർവെ സഭയിൽ വയ്ക്കും. നാളെയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ബഡ്ജറ്റ് അവതരിപ്പിക്കുന്നത്. ഫെബ്രുവരി 13 വരെ ബഡ്ജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |