SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.03 PM IST

ആഹ്ളാദക്കുട നിവർത്തും നമ്മുടെ പൂരം

Increase Font Size Decrease Font Size Print Page

pooram-

കുടമാറ്റം കാണാതെ എന്ത് തൃശൂർ പൂരം? ഈ വർഷം തൃശൂർ പൂരത്തിന് വരുന്നവർക്കെല്ലാം കുടമാറ്റം വേറിട്ടൊരു അനുഭൂതി സമ്മാനിക്കും. കാരണം കുടമാറ്റത്തിലെ കുടകളുടെ എണ്ണം കുറച്ച് കൂടുതൽ വർണാഭമാക്കാനും സമയദൈർഘ്യം കുറയ്ക്കാനും ഇരുദേവസ്വങ്ങളും തീരുമാനിച്ചിരിക്കുകയാണ്. ഒരു മണിക്കൂറിനുളളിൽ തീരേണ്ട കുടമാറ്റം രണ്ടുമണിക്കൂറോളം നീളുന്നത് മറ്റ് ചടങ്ങുകൾ വൈകുന്നതിന് പോലും കാരണമാകുന്നതുകൊണ്ടും സംഘാടനത്തിലെ സൗകര്യം ഉറപ്പാക്കാനുമാണിത്.
പൂരം നടക്കുന്നത് ഏപ്രിൽ 30 ഞായറാഴ്ചയാണ്. പിറ്റേ ദിവസം മേയ് ദിനമായതിനാൽ പൊതുഅവധിയുമാണ്. സ്വാഭാവികമായും ജനം കൂടും. അതുകൊണ്ട് കുടമാറ്റത്തിലെ കുടകളുടെ എണ്ണം കുറയ്ക്കാനുളള തീരുമാനം പ്രസക്തമാണെന്നാണ് ദേവസ്വങ്ങളുടെ നിലപാട്. തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്ത യോഗത്തിലെടുത്ത തീരുമാനത്തോട് പൂരപ്രേമികൾക്കും എതിർപ്പില്ല.
എഴുപത് സെറ്റ് കുടകൾ വരെ ഉയർത്തിയ വർഷമുണ്ടായിരുന്നു. എട്ടുമണി കഴിഞ്ഞാലും കുടമാറ്റം പൂർത്തിയാകാറില്ല. പതിറ്റാണ്ടുകൾക്ക് മുൻപ് 15 സെറ്റ് മുതൽ 18 സെറ്റ് വരെ കുടകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പേരും പെരുമയും കൂടുന്നതിന് അനുസരിച്ച് കുടകളും കൂടി. വർഷാവർഷം കുടകൾ കൂട്ടിയതുകൊണ്ട് കാര്യമില്ലെന്നും വർണശബളമായ 35 സെറ്റ് കുടകളും അഞ്ച് സെറ്റ് സ്‌പെഷൽ കുടകളും ഉയർത്തുന്നതുമാണ് നല്ലതെന്നുമാണ് ദേവസ്വങ്ങളുടെ നിലപാട്. രാത്രി ഏഴിനുള്ളിൽ തന്നെ കുടമാറ്റം തീർക്കണമെന്നാണ് ആഗ്രഹം. ഇത് ആനകൾക്കും ആശ്വാസമാകും. ആൾക്കൂട്ടത്തെ നിയന്ത്രിക്കേണ്ട സമയം കുറയുന്നത് പൊലീസിനും സഹായകരമാകും. സമയനിഷ്ഠ പാലിക്കുന്നതോടൊപ്പം നടത്തിപ്പുകാരുടെ അദ്ധ്വാനം കുറയ്ക്കാനും കുടമാറ്റം കൂടുതൽ ആസ്വാദ്യകരമാക്കാനും ഈ തീരുമാനത്തിലൂടെ കഴിയുമെന്നാണ് ഭാരവാഹികൾ പറയുന്നത്.

കുടകളുടെ എണ്ണം കൂടുമ്പോൾ ഉയർത്തുന്നതിന്റെ ഭംഗിയും താളവും ഇല്ലാതാകാറുണ്ട്. 15 കുടകളും ഒരേസമയത്ത് ആനപ്പുറത്ത് നിവർത്തേണ്ടതിനാൽ കുടകൾ മാറിപ്പോകാനും സാദ്ധ്യതകളുണ്ട്. അതെല്ലാം പുതിയ തീരുമാനത്തോടെ ഒഴിവാകും. കുട കയറ്റുന്നതോടൊപ്പം ഇറക്കുന്നതിലുമുള്ള നേരിയ പിഴവ് കുടമാറ്റച്ചന്തത്തെ കുറയ്ക്കുന്ന സാഹചര്യവുമുണ്ടാവില്ല. കുടകയറ്റാനും ഇറക്കാനുമായി ഉണ്ടാകാറുള്ള നൂറിലേറെപ്പേരെ കുറച്ചു കൊണ്ടുവരാനും കഴിയും.

വെടിക്കെട്ട്

അടുത്ത് നിന്ന്

കാണാമോ?


വെടിക്കെട്ട് കാണാൻ കാണികളെ അകറ്റി നിറുത്തുന്നത് സംബന്ധിച്ച് എല്ലാവർഷവും പൊലീസുമായി തർക്കമുണ്ടാകാറുണ്ട്. അതുകൊണ്ട് കാണികൾക്കുള്ള 100 മീറ്റർ ദൂരം എന്നത് അറുപത് മീറ്ററാക്കി കുറയ്ക്കാനാണ് ശ്രമം. കേന്ദ്രമന്ത്രിക്ക് ഇതിനായി സംയുക്തനിവേദനം നൽകിയിട്ടുണ്ട്. കടുപ്പമേറിയ ഡൈന പോലുള്ളവ ഒഴിവാക്കി ഏറെ സുരക്ഷിതമായാണ് വെടിക്കെട്ട് നടത്തുന്നതെന്നും സ്വരാജ് റൗണ്ടിലെ നിശ്ചിതസ്ഥലങ്ങളിൽ ജനങ്ങളെ നിറുത്തുന്നതിൽ അപകടമില്ലെന്നുമാണ് ദേവസ്വങ്ങളുടെ നിലപാട്. വെടിക്കെട്ടിന് വൻ സാമ്പത്തിക ചെലവുണ്ട്. അത് ജനങ്ങൾക്ക് ആസ്വദിക്കാനാകണമെന്നും ദേവസ്വങ്ങൾ പറയുന്നു. വെടിക്കെട്ടിന്റെ കൂട്ടപ്പൊരിച്ചിൽ നടക്കുന്ന സ്ഥലത്ത് മാത്രം കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താമെന്നും സംസ്ഥാന-കേന്ദ്ര സർക്കാറുകൾ ഇടപെട്ട് നിയമഭേദഗതി കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെടുന്നു. പൂരത്തിന്റെ ഒരുക്കങ്ങൾ ദേവസ്വങ്ങൾ തുടങ്ങിയിട്ടു കുടമാറ്റം സംബന്ധിച്ച തീരുമാനം കർശനമായി നടപ്പാക്കുമെന്നും തിരുവമ്പാടി ദേവസ്വം പ്രസിഡന്റ്

ഡോ.ടി.എ.സുന്ദർമേനോൻ പറഞ്ഞു. വെടിക്കെട്ട് കാണാൻ സൗകര്യമില്ലെങ്കിൽ ജനങ്ങൾ കുറയുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൂരദിവസവും പിറ്റേന്നും അവധി ദിനങ്ങളായതിനാൽ ജനം കൂടുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തീരുമാനം ഗുണകരമാകുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് പറഞ്ഞു. ഡൈനയും മറ്റുമില്ലാതെ കുഴിമിന്നലും ഗുണ്ടും മാത്രമാണ് വെടിക്കെട്ടിനുള്ളത്. പഴയപോലെ അപകടകരമല്ല. അതിനാൽ ദൂരപരിധിയുടെ കാര്യത്തിൽ സർക്കാർ ഇടപെടൽ വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

TAGS: THRISSUR POORAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY