SignIn
Kerala Kaumudi Online
Tuesday, 21 March 2023 2.00 PM IST

രണ്ടാം ദണ്ഡിയാത്രയിലെ വെടിയൊച്ചകൾ

opinion

ഗാന്ധിജിയുടെ ദണ്ഡിയാത്രയ്ക്കു ശേഷം ലോകത്തെ രോമാഞ്ചമണിയിച്ച ജോഡോ യാത്രനടത്തി രാഹുൽജി കോൺഗ്രസിനെ കരകയറ്റിക്കൊണ്ടിരിക്കുമ്പോഴാണ് പിന്നിൽനിന്ന് ചില വെടിയൊച്ചകൾ. സംഗതി ഏറുപടക്കം ആയിരുന്നെങ്കിലും പീരങ്കിയുടെ ഫലം ചെയ്തു. വില്ലാളിവീരന്മാർ ഒരുപാടുള്ള പാർട്ടിയായിട്ടും വേണ്ടപ്പെട്ടവരുടെ മർമ്മം നോക്കി പടക്കമെറിഞ്ഞത് രാജ്യത്തെ പ്രതിരോധമന്ത്രിയായിരുന്ന 'എ.കെ"ജിയുടെ മകനും പാവത്താനുമായ അനിൽമോൻ ആയിരുന്നു. ഗുജറാത്ത് കലാപത്തിനു പിന്നിലെ ഗുട്ടൻസുകൾ ചികഞ്ഞെടുത്ത് ബ്രിട്ടീഷുകാരുടെ ബി.ബി.സി പ്രയോഗിച്ച ചില ഒളിയമ്പുകൾക്കെതിരെ പാർട്ടിയിലെ ബൗദ്ധികവിഭാഗം യുവനേതാവായ അനിൽ പ്രതികരിച്ചതാണ് പീരങ്കിവെടിയായി കോൺഗ്രസുകാർക്ക് തോന്നിയത്. സത്യത്തിൽ, അച്ചടക്കമുള്ള ഒരു പാർട്ടിപ്രവർത്തകൻ ചെയ്യുന്ന പണിയാണോ ഇത്. അല്ലേയല്ല. കടുത്ത രാജ്യദ്രോഹമെന്നു വിളിച്ചാലും തെറ്റില്ല. രാജ്യത്തിനു നല്ലതുവരുന്ന, മാറ്റം ആഗ്രഹിക്കുന്ന, നല്ലകാര്യങ്ങൾ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ബി.ബി.സി പരിപാടിക്കെതിരെ ഗാന്ധിജിയുടെ പിൻമുറക്കാരുടെ പാർട്ടിയായ കോൺഗ്രസിലെ വിവരവും വിദ്യാഭ്യാസവുമുള്ള ഒരു പയ്യൻ നടത്തിയ പരാമർശം ക്രൂരവും പൈശാചികവുമാണെന്ന് താത്വികാചര്യൻമാരായ ജയറാം രമേശ്ജി, ഇന്റർനാഷണൽ ശശി എന്ന തരൂർജി തുടങ്ങിയവർ വെട്ടിത്തുറന്നു പറഞ്ഞു. ആന്റണിജി പതിവുപോലെ പ്രതികരണം ഗദ്ഗദങ്ങളിൽ ഒതുക്കി. കാര്യങ്ങൾ ഒന്നു സൈഡാകുന്നതിനിടെയാണ് ബി.ബി.സിക്കെതിരെ അനിൽ വീണ്ടും വെടിപൊട്ടിച്ചത്. ജമ്മു-കശ്മീർ ഇല്ലാത്ത ഇന്ത്യൻ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച ബി.ബി.സിക്കാർ അത്ര പുണ്യാളൻമാരല്ലെന്ന ആരോപണം വെറുമൊരു ഏറുപടക്കമാകില്ലെന്നുറപ്പ്.

കേരളത്തിലെ കോൺഗ്രസുകാർ ആകെ കലിപ്പിലാണ്. രാഹുൽജിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരുപിരിവും സമ്മേളനവും നടത്തി കാര്യങ്ങൾ ആഘോഷമാക്കാൻ അവസരം കിട്ടും മുൻപേ അനിൽമോൻ രാജിവച്ച് നൈസായി മുങ്ങി. മിണ്ടിയാൽ പിണങ്ങിയോടുന്ന, പിതാവിന്റെ അതേസ്വഭാവം ചെക്കനും കിട്ടി. കക്ഷി ബി.ജെ.പിയിലോട്ടു പോകുമോയെന്ന് അറിയാൻ ഇതിനകം പലരും ജ്യോത്സ്യൻമാരെ കണ്ടുകഴിഞ്ഞു. ഏതായാലും, പയ്യനിലൂടെ ഭാവിയിൽ പ്രതീക്ഷിച്ചിരുന്ന വലിയൊരു 'ഭീഷണി' ഇങ്ങനെയങ്ങ് ഒഴിവായതിന്റെ വലിയ ആശ്വാസത്തിലാണ് കേരളത്തിലെ ചില യൂത്തൻമാർ.
ഇന്ത്യയുടെ നന്മയ്ക്കായി ബി.ബി.സി ചെയ്ത ചെറിയൊരു കാര്യത്തിൽ കമ്മ്യൂണിസ്റ്റുകാർ വലിയ ആവേശത്തിലാണ്. ജോഡോയാത്ര അവസാനിക്കുന്ന ഘട്ടത്തിൽ വലിയൊരു രഹസ്യം പുറത്തുവന്നത് ലക്ഷണശാസ്ത്ര പ്രകാരം ഗുണകരമാകുമെന്ന് പാർട്ടി സൈദ്ധാന്തികന്മാർ വിലയിരുത്തിക്കഴിഞ്ഞു. ബി.ബി.സി പരിപാടി സ്വന്തം നിലയ്ക്കു പ്രദർശിപ്പിച്ച് വോട്ട് വാരി മോദിയെയും കൂട്ടുപ്രതിയായ താടിക്കാരനെയും പുകച്ചു പുറത്തുചാടിക്കാനാണ് പരിപാടി. സ്റ്റാലിൻജി, അഖിലേഷ് യാദവ്ജി, ലാലുജി, മോൻ തേജസ്വി യാദവ്ജി തുടങ്ങിയ ചാണക്യൻമാർ സഹായത്തിനുള്ളതിനാൽ ധൈര്യമായി മുന്നോട്ടുപോകാം. അണിയറയിലെ എല്ലാ കലാപരിപാടികൾക്കും പിന്നിൽ കന്നഡ സിംഹം ഡി.കെ. ശിവകുമാർജിയാണെന്നും റിപ്പോർട്ടുകളുണ്ട്.
ഇത്രയൊക്കെ പടയൊരുക്കം കണ്ടിട്ടും കേരളത്തിലെ സുരേന്ദർജിക്കു പോലും ആശങ്കയില്ലാത്തതാണ് പലർക്കും പിടികിട്ടാത്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു കൊല്ലം മാത്രമുള്ളപ്പോഴാണ് ഇങ്ങനെയൊരു ട്വിസ്റ്റ്. ബി.ബി.സി പരിപാടി സംഘപരിവാറുകൾ സ്വന്തം നിലയ്ക്ക് രാജ്യമാകെ പ്രദർശിപ്പിക്കുന്നതായാണ് ചില രഹസ്യ റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പഴയ കഥകൾ പൊടിതട്ടിയെടുക്കാനുള്ള അവസരമുണ്ടാക്കിയ ബി.ബി.സിയും മോദിയും തമ്മിൽ ചില അന്തർധാരകൾ സജീവമാണെന്നും ശ്രുതിയുണ്ട്. പണ്ട് ഇന്ദിരാഗാന്ധി ബി.ബി.സിക്ക് വിലക്ക്ഏർപ്പെടുത്തിയതുപോലുള്ള നീക്കം മോദിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതാണ് ഇങ്ങനെയൊരു സംശയത്തിനു കാരണം.
ഗുജറാത്ത് കലാപത്തിനു തൊട്ടുമുൻപുള്ള ഗോധ്രസംഭവം, മുൻകലാപങ്ങൾ, 84ലെ സിഖ് വിരുദ്ധ കലാപം, മാറാട് ഉൾപ്പെടെ ഓരോ സംസ്ഥാനത്തെയും കലാപങ്ങൾ എന്നിങ്ങനെ സകലതും പൊടിതട്ടിയെടുത്ത് ആഘോഷമാക്കാനാണ് പരിവാറുകാരുടെ പുറപ്പാട്. ടി.പി 51 വെട്ട് എന്ന സിനിമയും ഇതോടൊപ്പം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു. വേറെയും ചില സിനിമകൾ ഒരുങ്ങുകയാണത്രേ. സത്യത്തിൽ ബി.ബി.സിയുമായി ഒത്തുകളിച്ചത് ആരാണെന്ന കാര്യത്തിൽ സംശയങ്ങൾ ബലപ്പെടുകയാണ്. ബി.ജെ.പിക്കാരും കോൺഗ്രസുകാരും തമ്മിലടിക്കുന്നതു കാണാൻ കമ്മ്യൂണിസ്റ്റുകാർ ഒപ്പിച്ച പണിയാണെന്നാണ് ഒരു വാദം. ചുളുവിൽ പ്രധാനമന്ത്രിയാകാൻ രാഹുൽ ഒപ്പിച്ചതാണോ എന്ന് കമ്മ്യൂണിസ്റ്റുകാരും സംശയിക്കുന്നതിനാൽ യാത്രയുടെ ക്ലൈമാക്‌സ് ഗംഭീരമായി. എന്തായാലും ഒരുകാര്യം ഏവരും സമ്മതിക്കുന്നു. യാത്ര ഒന്നൊന്നര സംഭവമായി. കോൺഗ്രസ് ഒരു സാധാരണ പാർട്ടിയല്ലെന്നു കമ്മ്യൂണിസ്റ്റുകാരെയെങ്കിലും ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞത് നിസാരകാര്യമല്ല.

ഹിമാൻശു വരും,
വോട്ട് വാരും

രാഹുലിന് എല്ലാ ഐഡിയകളും പറഞ്ഞുകൊടുക്കുന്നത് താനാണെന്നും കോൺഗ്രസിന്റെ വിജയരേഖ ഈ കൈവെള്ളയിലാണെന്നും കൈകൾ നീട്ടിപ്പിടിച്ചു ചങ്കൂറ്റത്തോടെ വിളിച്ചുപറഞ്ഞ ചിന്തകനാണ് ഐ.ഐ.സി.സി സെക്രട്ടറിയായിരുന്ന ഹിമാൻശു വ്യാസ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് കക്ഷി ഗൾഫിലെത്തി രാഹുലിന്റെ സത്യപ്രതിജ്ഞയുടെ ദിവസവും മുഹൂർത്തവും വരെ ഗണിച്ചുപറഞ്ഞ് അറബികളെ വരെ ഞെട്ടിച്ചുകളഞ്ഞു. വിശ്രമമില്ലാതെ ഓടിനടക്കുന്ന പാവം രാഹുൽജി എന്നും രാത്രി ഒരുമണിയോടെയാണ് കിടക്കുന്നതെന്നും അതിനു മുമ്പ് അന്നു ചെയ്ത കാര്യങ്ങളും പിറ്റേന്നു ചെയ്യാൻ പോകുന്നതും തന്നോടു പറഞ്ഞ് അനുഗ്രഹം വാങ്ങുമെന്നും ഹിമാൻശു തന്റെ സിൽബന്ധികളിൽ ഒരാളോടു മാത്രമായി പറഞ്ഞിരുന്നു. തെളിവിനായി രാഹുൽജിയുടെ ചില സന്ദേശങ്ങളും ടിയാനു കാണിച്ചുകൊടുത്തു. അതോടെ ഹിമാൻശു മാത്രമല്ല,​ പക്കമേളക്കാരനും താരമായി. മാലോകരെല്ലാം രാഹുൽജിയുടെ വിജയം ഉറപ്പിക്കുകയും ചെയ്തു. ഹിമാൻശു എന്ന പേരിന്റെ അർത്ഥം ചന്ദ്രൻ എന്നാണെന്നും അദ്ദേഹത്തിന്റെ പ്രവചനങ്ങൾക്ക് ചന്ദ്രകാന്തശോഭയുണ്ടെന്നും പട്ടംപറത്തുന്നതാണ് ഈ മാന്യദേഹത്തിന്റെ ഹോബിയെന്നുമൊക്കെ മേളക്കാരൻ കണ്ടെത്തി. മടങ്ങും മുൻപ് ഗൾഫിലും ജന്മനാടായ ഗുജറാത്തിൽ എത്തിയശേഷവും പട്ടംപറത്തി അദ്ദേഹം മാതൃകയായി. മോദിയുടെ തട്ടകമായ ഗുജറാത്തിൽ ജനിച്ച ഹിമാൻശുജിയുടെ കൈയിൽ കളർഫുൾ പട്ടങ്ങൾ മാത്രമല്ല, വണ്ടർഫുൾ ഐഡിയകളും ഉണ്ടെന്ന് വിശ്വസിക്കുന്നവർ ഇന്നുമുണ്ടെങ്കിലും അദ്ദേഹം
പിന്നെയാ വഴിക്കു വന്നിട്ടില്ല. കോൺഗ്രസിൽ അദ്ദേഹത്തിന്റെ പൊടിപോലുമില്ലെന്നാണ് ലേറ്റസ്റ്റ് വിവരം.

സ്പെയർപാർട്സ് പോയാലും

എൻജിൻ ഉഷാർ
നാലായിരം കിലോമീറ്ററോളം നടന്ന് ജോഡോ യാത്ര ലക്ഷ്യത്തിലെത്തിയെങ്കിലും ഒപ്പംകൂടിയ പലരും സമാപനപരിപാടിയിൽ നിന്നു മുങ്ങിയത് ലേശം ക്ഷീണായി. സി.പി.എം, മമതാജിയുടെ തൃണമൂൽ കോൺഗ്രസ്, സമാജ് വാദി പാർട്ടി, ടി.ഡി.പി എന്നിങ്ങനെ ഗ്ലാമർ കക്ഷികളെല്ലാം ഓർക്കാപ്പുറത്താണ് പിന്നോട്ടു മാറിയത്. പക്ഷേ, രാഹുലും കെ.സി.വേണുഗോപാൽജിയും ഇതിലൊന്നും കുലുങ്ങുന്നവരല്ല.
ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയുടെ സ്‌പെയർ പാർട്‌സുകൾ ഊരിപ്പോയാലും എൻജിൻ കണ്ടീഷനാണെങ്കിൽ പേടിക്കേണ്ടെന്ന് സകല കോൺഗ്രസുകാർക്കും അറിയാം.
തങ്ങളുടെ ചെലവിൽ രാഹുൽജി ആളാകേണ്ടെന്നും പ്രധാനമന്ത്രിയെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് തീരുമാനിക്കാമെന്നും പ്രതിപക്ഷത്തെ പ്രധാനികൾ പറഞ്ഞുതുടങ്ങിയെന്നുമാണ് റിപ്പോർട്ടുകൾ. സ്ഥലം കശ്മീർ ആയതുകൊണ്ടാണെന്നും തണുപ്പ് തീരെ പറ്റില്ലെന്നും അതുകൊണ്ട് തെറ്റിദ്ധരിക്കരുതെന്നും പല നേതാക്കളും രാഹുലിനെ അറിയിച്ചു.
പ്രതിപക്ഷ ഐക്യത്തിൽ എല്ലാ നേതാക്കളും ഒന്നിനൊന്നു മെച്ചമാണ്. അതിൽ മുഖ്യമന്ത്രിമാരും മുൻമുഖ്യമന്ത്രിമാരും മുൻ കേന്ദ്രമന്ത്രിമാരും മാത്രമല്ല, പ്രധാനമന്ത്രിയായി കരുത്ത് തെളിയിച്ചവരുമുണ്ട്. തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലൂടെ തങ്ങളുടെ പിന്തുണയോടെ നടത്തി എല്ലാവരും കൂടി വിജയപ്പിച്ചെടുത്ത ജോഡോയാത്രയെ മൊത്തത്തിലങ്ങോട്ട് ചുളുവിൽ അടിച്ചുമാറ്റാൻ അനുവദിക്കണോ എന്നാണ് ഇവരുടെ ചോദ്യം. ജനാധിപത്യത്തിൽ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കാം, ഉത്തരങ്ങളില്ലെങ്കിലും.


അതിമോഹമില്ലാതെ
'കെ.ജെ.പി'

എല്ലാ വിവാദങ്ങളും പക്വതയോടെ കൈകാര്യം ചെയ്യുന്നതാണ് കേരള ജനതാ പാർട്ടി എന്ന കെ.ജെ.പിയുടെ രീതി. ഓടിനടന്നു കുത്തിത്തിരിപ്പ് ഉണ്ടാക്കി അധികാരത്തിലെത്തേണ്ടെന്നു തീരുമാനിച്ചതൊരു തെറ്റല്ല. മറിച്ച്, മനസിന്റെ നന്മയാണ്. അധികാരത്തിലെത്തിയാൽ തലവേദനയൊഴിഞ്ഞ നേരമുണ്ടാകില്ല. കിങ് ആകുന്നതിലും നല്ലത് കിങ് മേക്കറാകുന്നതാണെന്ന് കോൺഗ്രസ് നേതാവായിരുന്ന കെ.കാമരാജ് വരെ സ്വന്തം നിലപാടിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയാകാനുള്ള മോഹവുമായി വന്ന ഇന്ദിരാഗാന്ധിയെ കാമരാജ് പിന്തുണച്ചതിന്റെ കാരണവും മറ്റൊന്നല്ല. ഹിന്ദിയിലും ഇംഗ്ലീഷിലും അത്ര പിടിപാടില്ലാത്തതിനാൽ ലോക്‌സഭയിൽ വേണ്ടപോലെ തിളങ്ങാനാകില്ലെന്ന് തോന്നിയതിനാലാണ്, പ്രധാനമന്ത്രി ആകാമായിരുന്നിട്ടും അദ്ദേഹം തയ്യാറാകാതിരുന്നതെന്നാണ് കഥ. ഏതാണ്ട് അതേ നിലപാടിലാണ് കെ.ജെ.പി നേതാക്കൾ. പ്രശ്‌നം ഭാഷയല്ലെന്നു മാത്രം. അധികാരം കിട്ടിയാൽ ഉത്തരവാദിത്തങ്ങൾ കൂടും. എന്തെങ്കിലും ചെയ്താൽ ഇടതന്മാരും വലതന്മാരും കൂടി വിവാദമാക്കും. ടെൻഷൻ വന്നാൽ ബി.പിയും ക്ഷീണവും കൂടും. അതുകൊണ്ട് മനസിനിണങ്ങിയവരെ പാർട്ടി നോക്കാതെ ജയിപ്പിച്ചുവിട്ടാൽ കോംപ്രമൈസ് ലൈനിൽ പോകാം. എന്തെങ്കിലും കൈയബദ്ധം പറ്റിയാലും എല്ലാവരും കണ്ണടയ്ക്കും.
പരസ്യമായി എന്തൊക്കെ പറഞ്ഞാലും കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റുകാർക്ക് ബി.ജെ.പിക്കാരെ വലിയ ഇഷ്ടമാണെന്ന് കെ.ജെ.പി നേതാക്കൾക്കറിയാം. സ്വന്തമായി ജയിക്കുന്നതിനേക്കാൾ ആരെയെങ്കിലുമൊക്കെ മാറിമാറി ജയിപ്പിക്കുന്നതാണ് സുഖം. ഇടതുകൈയും വലതുകൈയും ഒന്നിക്കുമ്പോഴാണ് ഭാരതീയ സംസ്‌ക്കാരത്തിന്റെ ഭാഗമായ 'തൊഴുകൈ" ആകുക. പല വിപ്ലവകാരികളും ആത്മീയവാദികളായ ചരിത്രമുണ്ട് താനും. അതുകൊണ്ട് സകലരെയും തൊഴുതങ്ങ് നിന്നാൽ ഒഴുകിയങ്ങ് പോകാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BHARAT JODO YATRA AND ANIL ANTONY
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.