SignIn
Kerala Kaumudi Online
Friday, 19 April 2024 12.33 PM IST

വെറുപ്പിനെ കീഴടക്കിയ ചരിത്രയാത്ര

photo

ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അതിവിടെയാണെന്ന് മുഗൾ ചക്രവർത്തിമാരിലൊരാൾ ലോകത്തോട് വിളിച്ചുപറഞ്ഞ ഇന്ത്യയുടെ കശ്മീരിലായിരുന്നു രാഹുൽ ഗാന്ധിയും ഞങ്ങളുമടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം വരെ. ചരിത്രം ഒരുപക്ഷേ, ഒരുകാലത്തും നീതികാണിക്കാതിരുന്ന കശ്മീരിന്റെ ഭീതി നിറഞ്ഞ വഴികളിലൂടെ സ്‌നേഹത്തിന്റെഭാഷ സംസാരിച്ചു നടന്നുനീങ്ങുമ്പോൾ ഈ ജനത സ്‌നേഹപൂർവം നീട്ടിത്തന്ന പൂക്കൾക്ക് അവരുടെ പ്രതീക്ഷകളുടെ ഗന്ധമുണ്ടായിരുന്നു.

ഒരേമനസോടെ ജീവിക്കുന്ന കശ്മീരി മുസ്ലീങ്ങളെയും കശ്മീരി പണ്ഡിറ്റുകളെയും വിഭജിച്ച് ഈ നാടിനെ ഇന്ത്യയിൽനിന്ന് വേർപെടുത്താനാഗ്രഹിക്കുന്ന വിഘടനവാദികൾക്കുള്ള താക്കീതും ഈ നാട് നൽകി. അഖണ്ഡഇന്ത്യയുടെ ഭാഗമാണ് കശ്മീരെന്ന് ഹൃദയം തുറന്നുപറയാൻ ആഗ്രഹിക്കുന്ന ജനതയാണ് ദുർഘടപാതകളിൽ അതിശൈത്യത്തെ അതിജീവിച്ച് ഭാരത് ജോഡോ യാത്രയെ കാത്തുനിന്നത്. ഏത് സമയവും അപകടം പതിയിരിക്കുന്ന കശ്മീരിൽ വാഹനത്തിൽ യാത്ര നടത്താമെന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങളെ തള്ളിയത് രാഹുൽഗാന്ധി തന്നെയാണ്. സ്വയം സുരക്ഷിതനായിരുന്നിട്ടല്ല സ്‌നേഹത്തിന്റെ കരങ്ങൾ നീട്ടേണ്ടതെന്ന് രാഹുലിനറിയാമായിരുന്നു.

യാത്ര ദിവസങ്ങൾ പിന്നിട്ടപ്പോൾ കണ്ട കാഴ്ച എന്റെ മനസിൽ തങ്ങിനിൽക്കുന്നു. തൊണ്ണൂറിന് മുകളിലുണ്ട് പ്രായം. ഷൂവിനകത്ത് പാദങ്ങൾ പൊട്ടിത്തുടങ്ങിയിരുന്നു. നടക്കുമ്പോൾ ഏന്തിവലിയുന്നുണ്ട്. ഉജ്ജയിനിൽനിന്ന് യാത്രക്കൊപ്പം ചേർന്ന കരുണാ പ്രസാദ് മിശ്ര എന്ന മനുഷ്യൻ യാത്രയുടെ അവസാനം വരെ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ലക്ഷ്യത്തിലെത്തും മുൻപ് വീണുപോയ പ്രിയപ്പെട്ട സന്തോഖ് സിങ് ചൗധരി എം.പി, മംഗിലാൽ ഷാ, ഗണേശൻ പൊൻരാമൻ, കൃഷ്ണ കുമാർ പാണ്ഡെ. ഇങ്ങനെ നിരവധി മനുഷ്യർ ചേർന്ന് ഈ രാജ്യഹൃദയത്തിൽക്കൂടി ഒന്നായി ചുവടുകൾതീർത്ത ചരിത്രമാണ് 'ഭാരത് ജോഡോ യാത്ര' . വെറുപ്പിന്റെ രാഷ്ട്രീയം വമിപ്പിക്കുന്ന അന്തരീക്ഷത്തിൽ ശ്വാസംമുട്ടിയ ജീവിതങ്ങൾ രാഹുൽ ഗാന്ധിയെന്ന സ്‌നേഹത്തിന്റെ ആൾരൂപത്തിലേക്ക് ഓടിയടുക്കുന്ന കാഴ്ചകൾ ആദ്യദിനം മുതൽ യാത്രയുടെ സന്ദേശങ്ങളായി.

ജാതിമതാടിസ്ഥാനത്തിൽ മനുഷ്യനെ വിഭജിക്കാനൊരുമ്പെടുന്ന സംഘപരിവാർ ഭരണകൂടത്തിനെതിരെ, സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും ചേർത്തുപിടിക്കലിന്റെയും രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് ഇന്ത്യയെന്ന ഒരൊറ്റ ആശയവുമായി മുന്നോട്ട് കുതിച്ച ചരിത്രയാത്ര. സ്വന്തം വീടിന്റെ സുരക്ഷിതത്വം വിട്ടാണ് യാത്രികരായ ഒരുകൂട്ടം മനുഷ്യർ കണ്ടെയ്നറുകളിൽ അന്തിയുറങ്ങിയത്. യാത്രയാരംഭിക്കുമ്പോൾ 3570 കിലോമീറ്റർ എന്ന ദൂരമായിരുന്നില്ല ആ വലിയ ദൂരത്തിനിടയിൽ താണ്ടേണ്ടിയിരുന്ന ഇന്ത്യയുടെ വൈവിദ്ധ്യങ്ങളായിരുന്നു മുന്നിൽ.

യാത്രയുടെ പരമമായ ലക്ഷ്യത്തെ ഭയപ്പെടുന്ന കൂട്ടർ അഹോരാത്രം 'ജോലി' ചെയ്ത ദിവസങ്ങൾക്ക് കൂടി രാജ്യം സാക്ഷ്യംവഹിച്ചു. തിരഞ്ഞെടുപ്പുകാലം പോലും കാണാത്ത 'കാഴ്ചകൾ' അവരുണ്ടാക്കി. ഒരൊറ്റ ദിവസം കൊണ്ട് മൈസൂരുവിലെ ക്ഷേത്രവും പള്ളിയും മസ്ജിദും സന്ദർശിച്ച രാഹുൽഗാന്ധി അവരെ അസ്വസ്ഥരാക്കി. പഞ്ചാബിലെ ഗുരുദ്വാരകളിൽ സ്‌നേഹവും കരുതലും കണ്ടെത്തിയ രാഹുൽ സംഘപരിവാറിന് ആശയങ്കയായിരുന്നു. നാഗ്പുർ കേന്ദ്രത്തിൽ നിന്നുവരുന്ന താത്പര്യങ്ങളെ മാത്രം ചേർത്തുപിടിക്കാൻ നിയോഗിക്കപ്പെട്ടവർക്ക് മതജാതി വ്യത്യാസങ്ങളില്ലാതെ മനുഷ്യരെ ചേർത്തുപിടിച്ച രാഹുൽഗാന്ധി തീരെ 'ആശ്വാസം ' നൽകിയില്ല. യാത്രയെ പരാജയപ്പെടുത്താൻ കൊവിഡിനെ കൂട്ടുപിടിക്കുന്ന ഭരണകൂടത്തെയും കണ്ടു. കൊവിഡിന്റെ ഇല്ലാക്കഥ സർക്കാർ സ്‌പോൺസർഷിപ്പിൽ പുറത്തിറങ്ങി. രാഹുലിനെ കാണാൻ തിങ്ങിക്കൂടിയ ജനം അതിന് മറുപടി നൽകിയപ്പോൾ ബി.ജെ.പിയുടെ നുണപ്രചാരവേലയുടെ മറ്റൊരു ദയനീയപരാജയം കൂടി നമ്മൾ കണ്ടു.

പരമ്പരയിലെ ഒടുവിലത്തെകാഴ്ച അതിദാരുണമായിരുന്നു. തണുപ്പിനെ അതിജീവിക്കാൻ മുറിക്കൈയ്യൻ ടീഷർട്ടിനുള്ളിൽ രാഹുൽഗാന്ധി തെർമൽ സംവിധാനം ഉപയോഗിച്ചെന്നായിരുന്നു ആരോപണം. സമയമുണ്ടെങ്കിൽ കശ്മീരിലെ മഞ്ഞുമൂടിയ താഴ്വരയിൽ ദിവസങ്ങൾ മുൻപുണ്ടായിരുന്ന കാഴ്ചയിലേക്ക് ഒന്നു നോക്കൂ. മൈനസ് രണ്ട് ഡിഗ്രി സെൽഷ്യസിന്റെ അതിശൈത്യത്തെ പ്രതിരോധിക്കാൻ മാത്രമായി മഴക്കോട്ടിട്ട് നടക്കുന്ന മനുഷ്യനെ അവിടെ കാണാമായിരുന്നു. വീണ്ടും പരാജയപ്പെട്ട് പിൻവാങ്ങുകയല്ലാതെ വേറെ വഴിയില്ലാതായി ഇന്നാട്ടിലെ ഭരണകൂടത്തിന് !

ഈ കാഴ്ചകൾക്കിടയിൽ മറ്റൊന്നുകൂടി കണ്ടു. ദൗർബല്യങ്ങൾ മുഴച്ചുനിന്നിടങ്ങളിൽ കരുത്ത് സംഭരിക്കുന്ന, തോറ്റിടങ്ങൾക്ക് മുകളിൽ ഫീനിക്സ് പക്ഷിയായി പറന്നുയരുന്ന കോൺഗ്രസിനെ. 22 വർഷങ്ങൾക്ക് ശേഷം ഒരിക്കൽക്കൂടി രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനത്തിന്റെ സംഘടനാ തിരഞ്ഞെടുപ്പിന് ഇന്ത്യ സാക്ഷ്യം വഹിച്ചു. കണ്ടെയ്നറുകൾ പോലും പോളിങ് ബൂത്തുകളായി മാറി! ഒപ്പം അധികാരമില്ലാതിരുന്ന ഹിമാചൽപ്രദേശിൽ ഭരണത്തിലേറി. അന്വേഷണ ഏജൻസികളെ ഉപയോഗിക്കാതെ, ജനാധിപത്യത്തിന്റെ അതിശക്തമായ വഴിയിൽകൂടി.

പ്രതിപക്ഷശബ്ദത്തെ അടിച്ചമർത്താൻ ലോക്‌സഭാ ടി.വിയുടെ സംപ്രേഷണംവരെ നിറുത്തിവെച്ച ബി.ജെ.പിയുടെ ഫാസിസ്റ്റ് ഭരണകൂടം രാജ്യം ഭരിക്കുമ്പോൾ ജനാധിപത്യത്തിന്റെ അനന്തസാദ്ധ്യതകൾ ഉപയോഗപ്പെടുത്തി കോൺഗ്രസ് രാജ്യത്തോട് സംവദിച്ചു. തങ്ങളോടൊപ്പം നിൽക്കാത്തവരുടെ വീടുകളിലേക്ക് ഇ.ഡിയെയും ആദായനികുതി വകുപ്പിനെയും പറഞ്ഞുവിട്ട് മാത്രം പരിചയമുള്ള മോദിസർക്കാരിനെ തെല്ലും ഭയക്കാത്ത മനുഷ്യർ യാത്രയ്‌ക്കൊപ്പം ചുവടുവച്ചു.

സംഘപരിവാർ ആശയത്തെ അടിമുടി എതിർത്തതിന്റെ പേരിൽ ജീവൻനഷ്ടപ്പെട്ട ഗൗരി ലങ്കേഷിന്റെ സഹോദരി കവിതാ ലങ്കേഷ്, ദളിത് സ്വത്വം ഉയർത്തിപ്പിടിച്ചതിന് ആത്മാഹൂതി ചെയ്യേണ്ടിവന്ന രോഹിത് വെമുലയുടെ അമ്മ രാധികാ വെമുല, എക്കാലവും മതേതര നിലപാടുകളിലൂന്നി ജീവിക്കുന്ന കമൽഹാസൻ, മോദി ഭരണകൂടത്തിന്റെ സാമ്പത്തികനയം രാജ്യത്തിന് ആപത്താണെന്ന് വിളിച്ചുപറയുന്ന റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ, മുൻ കരസേനാ മേധാവി ജനറൽ ദീപക് കപൂർ, സ്വരാ ഭാസ്‌കർ, അമോൽ പലേക്കർ, തുഷാർഗാന്ധി, മേധാ പട്കർ, ടി.എം കൃഷ്ണ തുടങ്ങി ഇന്ത്യ ഒരൊറ്റ സാഗരമായി യാത്രയിലേക്ക് ഒഴുകിയെത്തി. സൈനിക ഉദ്യോഗസ്ഥർ, സാംസ്‌കാരികസാമൂഹിക വ്യക്തിത്വങ്ങൾ, കായികതാരങ്ങൾ, ഇതര രാഷ്ട്രീയപാർട്ടിയിൽ നിന്നുള്ളവർ വരെ അണിനിരന്നപ്പോൾ ഇന്ത്യയുടെ മഹാപരിച്ഛേദമായി ഈ യാത്ര.

ഭാരത് ജോഡോ യാത്രയുടെ ഈ ചരിത്രവിജയം ഗുണം ചെയ്യുന്നത് കോൺഗ്രസിന് മാത്രമല്ല, പ്രതിപക്ഷത്തിനാകെയാണ്. ഈ യാത്രയിലൂടെ വിജയം കാണുന്നത് രാജ്യത്തെ മതേതര, ജനാധിപത്യശക്തികളാണ്. പരാജയപ്പെടുന്നത് രാജ്യത്ത് ആർ.എസ്.എസ് നേതൃത്വം ഉത്പാദിപ്പിക്കുന്ന വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയമാണ്. സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ഭാഷയിൽ കർഷകരുമായും, തൊഴിലാളികളുമായും, ദരിദ്രരുമായും, അരികുവത്കരിക്കപ്പെട്ടവരുമായും യാത്ര തുറന്നു സംവദിച്ചു.

ശ്രീനഗറിലെ ലാൽ ചൗക്കിൽ ഞായറാഴ്ച രാഹുൽഗാന്ധി ദേശീയപതാക ഉയർത്തിയതോടെ ഒപ്പം ചേരാനെത്തിയ രാഷ്ട്രീയ കക്ഷികളുടെ ചിന്തകളിലും തിരഞ്ഞെടുപ്പ് വിജയത്തിലുപരി സ്‌നേഹവും ഐക്യബോധവും ഉയർന്നുനിന്നു. വിദ്വേഷം ഉത്പാദിപ്പിക്കുന്ന ഇന്ത്യയിൽ നിന്ന് സ്‌നേഹം പരക്കുന്ന വിശാലമായ ഇന്ത്യയിലേക്കുള്ള തീർത്ഥാടനമായിരുന്നു ഈ യാത്ര. വെറുപ്പിന്റെ വിഷവായുവിനെ തുടച്ചുനീക്കി ശുദ്ധവായു പടർത്തിയ യാത്ര.

ഫെബ്രുവരി 24ന് കോൺഗ്രസ് പാർട്ടി അതിന്റെ പ്ലീനറി സമ്മേളനത്തിലേക്ക് കടക്കുമ്പോൾ ഈ രാജ്യത്തെ അതിന്റെ എല്ലാവിധ ഭരണഘടനാ മൂല്യങ്ങളിലേക്കും തിരികെ നടത്താനുള്ള, ഇവിടെ നിലനിന്നിരുന്ന ഐക്യവും സാഹോദര്യവും വീണ്ടെടുക്കാനുള്ള യത്നങ്ങൾക്കുകൂടി തുടക്കമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BHARAT JODO YATHRA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.