SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.33 PM IST

അനുമതിയില്ലാതെ സ്‌പർശിക്കരുത്

opinion

സ്‌ത‌്രീസുരക്ഷയ്‌ക്കായി നിരവധി പദ്ധതികളും അതിനായി കോടിക്കണക്കിന് രൂപയും മിക്ക ബഡ്‌ജറ്റുകളിലും ഇടംപിടിക്കാറുണ്ട്. പദ്ധതികൾ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ പുത്തൻപ്രതീക്ഷകളാണ് ഉയരുന്നത്. എന്നാൽ, പല പദ്ധതികളും ഫലപ്രാപ്‌തിയിലെത്താറില്ല. അതിനെക്കുറിച്ച് പുനർവിചിന്തനത്തിന് ആരും തുനിയാറുമില്ല. അതുതന്നെയാണ് സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ പെരുകാൻ കാരണം. ഇതിനിടെയാണ് ഒരു കലാലയത്തിലെ സംഭവവുമായി ബന്ധപ്പെട്ട ഹർജിയിൽ ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.

പെൺകുട്ടികളെ അവരുടെ അനുമതിയില്ലാതെ തൊടാൻ പാടില്ലെന്ന് ആൺകുട്ടികൾ പഠിച്ചിരിക്കണമെന്നും 'നോ' എന്നു പറഞ്ഞാൽ അതിനർത്ഥം 'നോ' എന്നു തന്നെയാണെന്ന് അവർ മനസിലാക്കണമെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്. കാമ്പസിലെ ഒരുകൂട്ടം പെൺകുട്ടികളോടു മോശമായി പെരുമാറിയെന്നാരോപിച്ച് തനിക്കെതിരെ പ്രിൻസിപ്പൽ നടപടിയെടുത്തത് ചോദ്യംചെയ്ത് കൊല്ലം ജില്ലയിലെ ഒരു എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ചർച്ച ചെയ്യപ്പെടുന്ന പരാമർശം.

കോളേജിലെ പരാതിപരിഹാര സമിതി അന്വേഷണം നടത്തി ഹർജിക്കാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രിൻസിപ്പൽ അച്ചടക്ക നടപടി സ്വീകരിച്ചത്. എന്നാൽ തന്റെ വാദം കേൾക്കാതെയാണ് നടപടിയെന്നാരോപിച്ച് വിദ്യാർത്ഥി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് പരാതികേട്ട് പരിഹാരമുണ്ടാക്കാൻ കോളേജ് തലത്തിൽ പരാതിപരിഹാര കമ്മിറ്റി രണ്ടാഴ്ചയ്ക്കുള്ളിൽ രൂപീകരിക്കാനും തുടർന്ന് ഒരുമാസത്തിനുള്ളിൽ തീരുമാനമെടുക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു.

സ്‌കൂളുകളിലും കോളേജുകളിലും വിദ്യാർത്ഥികൾക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങൾ കൂടി വരികയാണെന്ന് വിലയിരുത്തിയ ഹൈക്കോടതി ഈ വിഷയം ആഴത്തിൽ ചിന്തിക്കേണ്ട സമയമായെന്നും അഭിപ്രായപ്പെട്ടു. നല്ല സ്വഭാവത്തിന്റെയും മികച്ച പെരുമാറ്റത്തിന്റെയും പാഠങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാകണം. പ്രൈമറി ക്‌ളാസുകൾ മുതൽ ഈ മൂല്യങ്ങൾ വളർത്തിയെടുക്കണം. ഇതിനായി വിധിന്യായത്തിന്റെ പകർപ്പ് ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നിവർക്കും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ബോർഡുകൾക്കും നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. യു.ജി.സിക്കും ഇതിൽ നിർണായക പങ്കുണ്ടെന്നും വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ആൺകുട്ടികൾ പൊതുവേ ചെറുപ്പം മുതൽ ലിംഗവിവേചന മനോഭാവത്തോടെയാണ് വളരുന്നത്. സ്ത്രീകളോട് ആദരവ് പ്രകടിപ്പിക്കുന്നത് പഴഞ്ചൻ രീതിയല്ലെന്ന് അവർ തിരിച്ചറിയണം. സ്ത്രീകളോട് എങ്ങനെ പെരുമാറുന്നു എന്നത് ഒരാളുടെ വ്യക്തിത്വം വെളിവാക്കുന്നു. മദ്ധ്യകാലഘട്ടത്തിലെ ഇസ്ളാമിക പണ്ഡിതൻ ഇബ്‌നുൽ ഖയിം അൽ ജൗസിയ പറയുന്നു : 'സമൂഹത്തിന്റെ ഒരു പാതിക്ക് ജന്മം നൽകുന്ന മറുപാതിയാണ് സ്ത്രീകൾ. അങ്ങനെ ഈ സമൂഹം തന്നെ അവരാകുന്നു.' ലിംഗവിവേചനം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

എതിർവിഭാഗത്തിലുള്ളവരോട് ആദരവോടെ പെരുമാറാൻ കുട്ടികളെ കുടുംബങ്ങളിലും പ്രാഥമിക സ്‌കൂൾതലത്തിലും പഠിപ്പിക്കുകയാണ് വേണ്ടത്.

ഉത്തമപുരുഷൻ പെണ്ണിനെ ഉപദ്രവിക്കില്ലെന്നും ദുർബലരായ പുരുഷന്മാരാണ് സ്ത്രീകളെ ഉപദ്രവിച്ച് ആധിപത്യം നേടുന്നതെന്നും അവരെ പഠിപ്പിക്കണമെന്നും കോടതി പറഞ്ഞുവയ്‌ക്കുമ്പോൾ ഉണർന്നെഴുന്നേൽക്കേണ്ടവർ നിരവധിയുണ്ട്. അവർ ആരാണെന്ന് വിധിയിൽ വ്യക്തമാക്കുന്നുണ്ട്. അവർ ഇനി എന്തു ചെയ്യുന്നുവെന്നാണ് പരിശോധിക്കപ്പെടേണ്ടത്. സമൂഹത്തിൽ പടർന്നുപിടിച്ച തെറ്റായ പ്രവണതയിൽനിന്ന് മോചിതമാകാനുള്ള സന്ദേശവും വഴിയുമാണ് ഹൈക്കോടതി വെട്ടിത്തുറന്നിരിക്കുന്നത്. അതിലൂടെ ഉത്തരവാദിത്വപ്പെട്ടവർ കടമ മറക്കാതെ സഞ്ചരിക്കുകയും ലക്ഷ്യത്തിലേക്ക് വളരെ വേഗം എത്തുകയുമാണ് വേണ്ടത്. ലൈംഗികാതിക്രമം തടയാൻ സ്കൂൾതലം മുതൽ നടപടിയെടുക്കണം. മാന്യമായ പെരുമാറ്റം എങ്ങനെയാകണം എന്നതടക്കം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി മൂല്യവർദ്ധിത വിദ്യാഭ്യാസത്തിന് ഉ‌‌‌ൗന്നൽ നൽകണം. ഇതിനെക്കുറിച്ച് ഉന്നത, പൊതുവിദ്യാഭ്യാസ വകുപ്പുകൾ, വിവിധ ബോർഡുകൾ എന്നിവ കാര്യമായി ചിന്തിക്കുകയും ഉചിതമായ നടപടി സ്വീകരിക്കുകയും വേണം. ലൈംഗികാതിക്രമങ്ങൾക്ക് എതിരായ ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് യു.ജി.സിയും ഉറപ്പാക്കണം. ലിംഗവിവേചനം തെറ്റാണ്, ഒരിക്കലും അംഗീകരിക്കാനും കഴിയില്ല. മറ്റൊരു വ്യക്തിയെ ബഹുമാനിക്കാൻ കുട്ടികളെ മാതാപിതാക്കളും അദ്ധ്യാപകരും പഠിപ്പിക്കണം. അതിന് ഉതകുന്ന പാഠ്യപദ്ധതിയും രൂപപ്പെടുത്തേണ്ടിയിരിക്കുന്നു എന്ന് നിത്യേനയുണ്ടാകുന്ന സംഭവങ്ങൾ തെളിയിക്കുന്നു.

സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാൻ രാജ്യത്ത് നിരവധി നിയമങ്ങളുള്ളപ്പോഴാണ് അതിന് തടയിടാൻ കഴിയാതെ പോകുന്നതെന്ന് ചിന്തിക്കണം. സ്ത്രീകൾക്കും കുട്ടികൾക്കും ഭരണഘടന പ്രത്യേക സംരക്ഷണം ഉറപ്പാക്കുന്നുണ്ട്. ബ്രിട്ടീഷ് കാലഘട്ടത്തിലെ ഇന്ത്യൻ ശിക്ഷാനിയമം മുതൽ പാർലമെന്റും നിയമസഭയും പാസാക്കിയ ഒട്ടേറെ നിയമങ്ങൾ സ‌്‌ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായുണ്ട്. എന്നിട്ടും നീതി ഉറപ്പാക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് ഓരോരുത്തരും ചിന്തിക്കണം. 2013ലെ നിർഭയ കേസിനെ തുടർന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഭേദഗതി വരുത്തിയതോടെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ കൂടുതൽ ശക്തമായ വകുപ്പുകൾ നിലവിൽ വന്നിരുന്നു. ഇതുപ്രകാരം സ്‌ത്രീകൾക്കെതിരെയുള്ള ലൈംഗിക പീഡനത്തിന് 354 എ വകുപ്പ് പ്രകാരവും സ്‌ത്രീകളെ ക്രൂരമായി അതിക്രമിച്ച് കീഴ്പ്പെടുത്താൻ ശ്രമിച്ചാൽ 354 ബി വകുപ്പ് പ്രകാരവും ഇരയുടെ ചിത്രങ്ങൾ അവരുടെ അനുമതിയില്ലാതെ പ്രദർശിപ്പിച്ചാൽ 354 സി പ്രകാരവും കുറ്റകൃത്യമായി കണക്കാക്കാം.

ദിവസങ്ങൾക്ക് മുമ്പ് എറണാകുളം ലാ കോളേജിൽ ഒരു പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ ചലച്ചിത്ര നടിയുടെ തോളിൽ കൈയിടാൻ വിദ്യാർത്ഥി ശ്രമിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സംഭവം ചർച്ചയായതോടെ വിദ്യാർത്ഥി മാപ്പ് പറഞ്ഞ് തടിയൂരുകയായിരുന്നു. ഇവിടെയും നടിയുടെ അനുമതിയില്ലാതെയാണ് വിദ്യാർത്ഥി ദേഹത്ത് തൊടാൻ ശ്രമിച്ചത്. കോടതിയുടെ നിർദ്ദേശങ്ങൾ മുഖവിലയ്‌ക്കെടുത്ത് എത്രയും വേഗം നടപ്പാക്കാനുള്ള പദ്ധതികളാണ് തയ്യാറാക്കേണ്ടത്. അതിനായി ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിച്ചാലും തെറ്റില്ല. മാറുന്ന സമൂഹത്തിനനുസരിച്ച് എല്ലാവരിൽ നിന്നും നല്ല പെരുമാറ്റവും ഉറപ്പാക്കേണ്ടതുണ്ട്. അത് കുട്ടികളിൽ നിന്ന് തുടക്കം കുറിക്കാൻ കഴിഞ്ഞാൽ വലിയൊരു സന്ദേശം കൂടിയാകും സമൂഹത്തിൽ പകരുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DONT TOUCH WOMAN WITHOUT THEIR CONSENT SAYS KERALAHC
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.