തിരുവനന്തപുരം: മുസ്ലീം ലീഗ് ഉടൻ യു.ഡി.എഫ് വിട്ടുവരുമെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു . യു.ഡി.എഫിന്റെ പ്രധാന ഭാഗമല്ലേ ലീഗും കോൺഗ്രസും. ഇതിൽ ആരെങ്കിലും വിട്ടാൽ ആ മുന്നണിയുണ്ടോ?. നിങ്ങളുടെ മുന്നണിയിലെ പ്രശ്നങ്ങൾ നിങ്ങൾ തന്നെ തീർത്തോളൂ. നിങ്ങളെക്കുറിച്ച് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ അതിന് ഞങ്ങളെ ഭള്ള് പറയേണ്ടതുണ്ടോ?- നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി ചോദിച്ചു.
ലീഗിനൊപ്പം ചേരാൻ സി.പി.എമ്മിനെ ക്ഷണിച്ച ലീഗ് അംഗത്തിന്, അണ്ണാനും ആനയുമായി ബന്ധപ്പെട്ടുള്ള കഥ ഓർമിപ്പിച്ചാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ബി.ജെ.പിക്ക് ഗുണം ചെയ്യുന്ന, ആർ.എസ്.എസിനെ പരിപോഷിപ്പിക്കുന്ന എന്തെങ്കിലും നിലപാട് ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടായെന്ന് ഒരു ലീഗ് നേതാവിനും പറയാനാവില്ല. റിപ്പബ്ലിക് ദിനത്തിൽ ഗവർണർ പതാക ഉയർത്തുന്ന പരിപാടിയിലും വൈകിട്ടുള്ള അറ്റ് ഹോം പരിപാടിയിലും ഞാൻ പങ്കെടുത്തു. അത് മുമ്പേ നടക്കുന്ന കാര്യമാണ്. ' പോകില്ലെന്നാണ് നിങ്ങൾ കരുതിയത്, പക്ഷെ ഞാൻ പോയി'. എന്നാൽ അതിനെ ബോധപൂർവം തെറ്റായ പ്രചാരണത്തിന് ആയുധമാക്കുകയാണ്. 'നിങ്ങൾക്ക് ഉള്ളിൽ കളിയുണ്ടാകും. പക്ഷേ, ഉള്ളിൽ കളിയില്ലാത്തവരാണ് ഞങ്ങൾ.'
എല്ലാ കാലത്തും ഭരണപക്ഷത്തിന് സമരങ്ങളെ നേരിടേണ്ടിവരുമെന്നും ,പിന്നീട് അനുകമ്പയോടെയുള്ള നിലപാട് സ്വീകരിക്കുന്നതാണ് പിന്തുടർന്ന് വരുന്ന രീതിയെന്നും യൂത്ത് ലീഗുകാരെ അറസ്റ്റ് ചെയ്ത സംഭവത്തെ പരാമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |