കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ സർജറി ചെയ്ത ഡോക്ടർമാരടക്കമുള്ളവർക്ക് ലീഗൽ സർവീസ് അതോറിറ്റി നോട്ടീസ് നൽകി. കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രി സൂപ്രണ്ട്, സർജറി നടക്കുമ്പോൾ ഉണ്ടായിരുന്ന ഗൈനക്കോളജി വിഭാഗം തലവൻ, സർജറി ചെയ്ത ഡോക്ടർ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകണം. അതിനുശേഷം തുടർ നടപടികളിലേക്ക് കടക്കും.
സർക്കാർ ഉത്തരവിട്ട മൂന്ന് അന്വേഷണങ്ങളിലും നീതികിട്ടാത്ത സാഹചര്യത്തിലാണ് കോഴിക്കോട് അടിവാരം സ്വദേശിയായ ഹർഷീന ലീഗൽ സർവീസ് അതോറിറ്റിയിൽ പരാതി നൽകിയത്.
അഞ്ചുവർഷം വയറ്റിൽ കത്രികയുമായി ജീവിച്ച ഹർഷീന അനുഭവിച്ച യാതനങ്ങൾ നിരവധിയാണ്. വയറ്റിൽ കുടുങ്ങിയ കത്രിക (ആർട്ടറി ഫോർസെപ്‌സ്) 2022 സെപ്തംബർ 17നാണ് മെഡിക്കൽകോളേജിലെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.
സംഭവത്തിൽ മെഡിക്കൽകോളേജിലെ വിദഗ്ദ്ധ സംഘം ആദ്യം അന്വേഷണം നടത്തിയിരുന്നു. അതിൽ നീതി ലഭിക്കാതെ വന്നപ്പോൾ ഹർഷീനയുടെ പരാതിയിൽ ആരോഗ്യവകുപ്പ് 2022 ഒക്ടോബർ 21ന് വീണ്ടും അന്വേഷണം പ്രഖ്യാപിച്ചു. മൂന്നുമാസം കഴിഞ്ഞിട്ടും അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടില്ല. ഇതിനിടെ ഹർഷീന വീണ്ടും ആശുപത്രിയിലായി. ഹർഷീനയുടെ ദുരിതം വാർത്തയായപ്പോൾ ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ വീണ്ടും അന്വേഷണം പ്രഖ്യാപിച്ചെങ്കിലും നടപടിയൊന്നുമായില്ല. തുടർന്നാണ് ലീഗൽ സർവീസ് അതോറിറ്റിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |