കാൻബെറ : ഓസ്ട്രേലിയൻ ബീച്ചുകളിലെത്തുന്നവരുടെ ശ്രദ്ധയ്ക്ക്....അതിമനോഹരമായ നീലനിറത്തിലെ ഈ ജീവിയെ വെള്ളത്തിൽ കണ്ടാൽ കൗതുകം തോന്നി തൊടാൻ പോകരുത്. കാഴ്ചയിലെ ഭംഗി പോലെയല്ല കക്ഷിയുടെ സ്വഭാവം. നല്ല ഒന്നാന്തരം കുത്ത് കിട്ടും.! ' ഗ്ലോക്കസ് അറ്റ്ലാൻഡിക്കസ് " എന്നാണ് ശാസ്ത്ര ലോകത്ത് ഈ ജീവിയുടെ ശരിക്കുമുള്ള പേര്. എന്നാൽ ' ബ്ലൂ ഡ്രാഗൺ " എന്നാണ് പൊതുവേ അറിയപ്പെടുന്നത്. ന്യൂസൗത്ത്‌വെയ്‌ൽസിലേയും ക്വീൻസ്‌ലൻഡിലേയും ബീച്ചുകളിൽ ഈ മാസം ഡസൻകണക്കിന് ബ്ലൂ ഡ്രാഗണുകളെയാണ് കണ്ടെത്തിയത്. ഇതേ തുടർന്നാണ് അധികൃതർ സന്ദർശകർക്ക് മുന്നറിയിപ്പ് നൽകിയത്. വളരെ അപൂർവമായാണ് ഇവയെ കാണാനാവുക. കടുത്ത വിഷമുണ്ടെന്നതിനാൽ ബ്ലൂ ഡ്രാഗണിന്റെ കുത്തേറ്റാൽ അതിശക്തമായ വേദന അനുഭവപ്പെടും. ഇവയുടെ കുത്തേൽക്കുന്നത് മനുഷ്യരിൽ തലകറക്കം, ഛർദ്ദി ഉൾപ്പെടെയുള്ള അസ്വസ്ഥതകൾക്കിടയാക്കാം. ബ്ലൂ ഡ്രാഗൺ വിഷം വളരെ അപൂർവം സന്ദർഭങ്ങളിൽ മനുഷ്യന്റെ ജീവനും ഭീഷണിയായേക്കാം. അതുകൊണ്ട് കുത്തേറ്റാൽ ഉടൻ തന്നെ ചികിത്സ തേടണം. ബ്ലൂ ഡ്രാഗണുകൾ ശരിക്കും ഒരു സീ സ്ലഗ് അഥവാ കടൽ ഒച്ചാണ്. മൂന്ന് സെന്റിമീറ്ററോ ഒരിഞ്ചിലേറെയോ വലിപ്പമുള്ള ബ്ലൂ ഡ്രാഗണുകൾ അറ്റ്ലാൻഡിക്, പസഫിക്, ഇന്ത്യൻ സമുദ്രങ്ങളിൽ കാണപ്പെടുന്നു. ജെല്ലിഫിഷുമായി സാദൃശ്യമുള്ള പോർച്ചുഗീസ് മാൻ ഒഫ് വാർ എന്ന കടൽജീവികളെ ഇവ ആഹാരമാക്കാറുണ്ട്. പോർച്ചുഗീസ് മാൻ ഒഫ് വാറിന്റെ ശരീരത്തിലുള്ള വിഷമാണ് ബ്ലൂ ഡ്രാഗൺ തന്റെ ശരീരത്തിൽ ശേഖരിച്ചു വയ്ക്കുന്നത്. ഈ വിഷത്തെ ബ്ലൂ ഡ്രാഗൺ പോർച്ചുഗീസ് മാൻ ഒഫ് വാറിലേതിനേക്കാൾ തീവ്രതയേറിയ വിഷമാക്കി മാറ്റുകയും ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |