SignIn
Kerala Kaumudi Online
Monday, 04 May 2026 7.49 AM IST

ആകാശപ്പൊയ്കയിലെ  പൊന്നും തോണി

Increase Font Size Decrease Font Size Print Page
v

'ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണി, അക്കരയ്ക്കോ ഇക്കരയ്ക്കോ,പൊൻമുകിലോല പായ കെട്ടിയ പൊന്നും തോണി." നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധി ഇന്നറിയാനിരിക്ക, എക്സിറ്റ് പോൾ ഫലങ്ങൾ സൃഷ്ടിച്ച ആകാശപ്പൊയ്കയിലെ പൊന്നും തോണി ഏത് കരയ്ക്കടുക്കും?. വലത് തീരത്ത് അടുക്കുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും.ആഹ്ളാദ കൊടുമുടിയിലേറി യു.ഡി.എഫ് നേതാക്കൾ.

കോൺഗ്രസിന്റെ മുഖ്യമന്ത്രി ആരാവുമെന്നത് സസ്പെൻസ്. ഹൈക്കമാൻ‌ഡ് കനിഞ്ഞാലും പോരാ,​ ജയിച്ചു വരുന്ന കോൺഗ്രസ് എം.എൽ.എമാരുടെ തലയും എണ്ണണം.കൂടുതൽ തലകൾ ഉറപ്പിക്കുന്നയാൾക്ക് ലോട്ടറി. 2021ൽ പിണറായി സർക്കാരിന് തുടർഭരണം ലഭിച്ചപ്പോൾ, അന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയെ വെട്ടി, കൂടുതൽ എം.എൽ.എമാരുടെ തലകൾ ഉറപ്പിച്ച വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ്.ഇത്തവണ ഭൈമീകാമുകന്മാർ ഇരുവർക്കും പുറമെ, ഡൽഹിയിലിരുന്ന് പാർട്ടിയുടെ വളയം പിടിക്കുന്ന കെ.സി.വേണുഗോപാലും.

സമൂഹ മാദ്ധ്യമങ്ങളിൽ സ്വന്തം പ്രതിഛായ മിനുക്കലിലായിരുന്നു മൂവരും. ധീര സമര പോരാട്ടങ്ങൾ വർണിക്കുന്ന ഡോക്യുമെന്ററികളും റെഡി. അതിനിടയിൽ, രമേശിനെയും സതീശനെയും ഉൾപ്പുളകമണിയിച്ച് ഡൽഹിയിൽ നിന്ന് കിഞ്ചന

വർത്തമാനം. ലോക്സഭയിൽ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായി കെ.സി.വേണുഗോപാലിന് തുടർ നിയമനം. കെ.സിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ നിർമ്മാണവും നിറുത്തിവച്ചു. കെ.സി പക്ഷം നിശബ്ദം. ഗോദയിൽ

പോരാളികൾ രണ്ട്,​ പക്ഷേ,അവ‌ർക്കും അത്ര വിശ്വാസം പോരാ.കെ.സിയുടേത് കൊടുങ്കാറ്റിന് മുമ്പുള്ള നിശബ്ദതയാവുമോ?. ആ കൊടുങ്കാറ്റിൽ തങ്ങൾ നിലംപതിക്കുമോ?.എല്ലാം പുതിയ പാർട്ടി എം.എൽ.എമാരുടെ കൈയിൽ.കോൺഗ്രസല്ലേ. എന്തും സംഭവിക്കാം.

എക്സിറ്റ് പോളുകൾ ഏറെയും യു.ഡി.എഫ് വിജയം പ്രവചിക്കുമ്പോഴും, ഒരു ഫലത്തിലും മുന്നണി 90ന് മുകളിൽ സീറ്റ് നേടുമെന്ന് പറയുന്നില്ല.എൽ.ഡി.എഫ് നേതാക്കൾ ആത്മവിശ്വാസം കൈവിടാതിരുന്നതും അതിനാലാണ്.ഭരണവിരുദ്ധ വികാരമില്ലെന്നും അവർ ആശ്വാസം കൊണ്ടു. പിറ്റേദിവസം അതാ വരുന്നു 'ടുഡേയ്സ് ചാണക്യ'യുടെ സർവേ. എൽ.ഡി.എഫിനും യു.ഡി.എഫിനും പ്രതീക്ഷകൾ നൽകുന്ന ഫലം. യു.ഡി.എഫിന് 60 മുതൽ 78 വരെ സീറ്റ്. എൽ.ഡി.എഫിന് സീറ്റ് സാദ്ധ്യത 54 മുതൽ 73 വരെ. മുങ്ങിച്ചാകാൻ പോകുന്നവന് രക്ഷപ്പെടാൻ ഒരു കച്ചിത്തുരുമ്പ് കിട്ടിയ ആശ്വാസത്തിൽ ഇടതു നേതാക്കൾ.

2021ലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 92 മുതൽ 110 സീറ്റുവരെ പ്രവചിച്ചതും ഇതേ ഏജൻസി. അന്ന് ,99 സീറ്റോടെ ഇടതിന് തുടർഭരണം. പ്രതീക്ഷ കൈവിടേണ്ട. പോരാത്തതിന്, എക്സിറ്റ് പോൾ ഫലങ്ങളിലും മുഖ്യമന്ത്രിയാവാൻ കൂടുതൽ സമ്മതൻ പിണറായി വിജയൻ.പിണറായിക്ക് 32 % വോട്ട്. വി.ഡി.സതീശന് 23%. പിന്നെ, ഭരണം എൽ.ഡി.എഫിനല്ലേ?. മോഹങ്ങൾക്കും പ്രതീക്ഷകൾക്കും മണിക്കൂറുകളുടെ ആയുസുള്ളപ്പോഴും, തുടർഭരണ സ്വപ്നത്തേരിലേറി അവരും സഞ്ചരിക്കട്ടെ. ഇന്ന് ഫലമറിയുന്നത് വരെ.



നിയമസഭയിൽ വീണ്ടും അക്കൗണ്ട് തുറക്കുമെന്നും ,അത് അഞ്ചു സീറ്റ് വരെയാകാമെന്നും അവകാശപ്പെടുന്ന എൻ.ഡി.എയ്ക്കും കുളിര് കോരുന്നതാണ് 'ടുഡേയ്സ് ചാണക്യ'യുടെ ഫലം.ബി.ജെ.പിക്ക് മറ്റെല്ലാ പോളുകളും പറയുന്നത് പൂജ്യം മുതൽ 3വരെ സീറ്റ്. ചിലപ്പോൾ മൂന്ന് സീറ്റ്.ഒരു സീറ്റും കിട്ടാതെയുമിരിക്കാം.പക്ഷേ, 'ടുഡേയ്സ് ചാണക്യ' പറയുന്നത് ബി.ജെ.പിക്ക് 3 മുതൽ 11 സീറ്റുവരെ കിട്ടാമെന്നാണ്. വല്ലാതെ കൊതിപ്പിക്കുന്നു. എങ്കിലും കുറഞ്ഞത് അഞ്ച് സീറ്റിൽ വിജയം അവർ ഉറപ്പിക്കുന്നു.

(വിദുരരുടെ ഫോൺ:9946108221)

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.