
ലോകവ്യാപകമായി ഉയരുന്ന വലിയ പരിസ്ഥിതി പ്രശ്നങ്ങളിലൊന്നാണ് മൈക്രോ പ്ലാസ്റ്റിക് മലിനീകരണം. കുടിവെള്ളത്തിൽ വരെ പ്രവേശിച്ചിരിക്കുന്ന ഈ സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങൾ മനുഷ്യാരോഗ്യത്തിനും പരിസ്ഥിതിക്കും കനത്ത ഭീഷണിയാണ്. വെള്ളത്തിലടങ്ങിയിരിക്കുന്ന ഇത്തരം മൈക്രോ പ്ലാസ്റ്റിക് മാലിന്യങ്ങളെ എങ്ങനെ നീക്കം ചെയ്യാനാകുമെന്ന വർഷങ്ങളായുള്ള ശാസ്ത്രലോകത്തിന്റെ അന്വേഷണം ഇപ്പോൾ എത്തിനിൽക്കുന്നത് നമ്മുടെ വീട്ടുമുറ്റത്താണ്. പറഞ്ഞുവരുന്നത് 'അത്ഭുത മരം' എന്ന് അറിയപ്പെടുന്ന മുരിങ്ങയെ കുറിച്ചാണ്.
കുടിവെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക്കുകളെ 99 ശതമാനത്തോളം നീക്കം ചെയ്യാൻ മുരിങ്ങ വിത്തുകൾക്ക് കഴിയുമെന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. മുരിങ്ങ വിത്തുകൾ ഉപയോഗിച്ച് വെള്ളത്തിൽനിന്നുള്ള മൈക്രോപ്ലാസ്റ്റിക്കുകൾ ഫലപ്രദമായി നീക്കം ചെയ്യുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ബ്രസീലിലെ സാവോപോളോ സ്റ്റേറ്റ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. മുരിങ്ങ വിത്തുകളിൽനിന്നുള്ള ലവണ സാരാംശം വെള്ളത്തിൽ കലർത്തുമ്പോൾ മൈക്രോപ്ലാസ്റ്റിക് കണങ്ങൾ തമ്മിൽ ചേർന്ന് വലിയ കൂട്ടങ്ങളാകുന്നു. ഇതിലൂടെ അവയെ ഫിൽട്ടർ ചെയ്യുന്നത് എളുപ്പമാകുന്നു.
മൈക്രോപ്ലാസ്റ്റിക് കണങ്ങൾക്ക് സാധാരണയായി നെഗറ്റിവ് വൈദ്യുത ചാർജ് ഉണ്ടാകുന്നതിനാൽ അവ പരസ്പരം അകന്നു നിലകൊള്ളുന്നു. എന്നാൽ, മുരിങ്ങ വിത്തുകളിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ ഈ ചാർജിനെ ന്യൂട്രലൈസ് ചെയ്ത് കണങ്ങളെ കൂട്ടിച്ചേർക്കുന്നു. ഇങ്ങനെ കൂടിച്ചേരുമ്പോൾ അവ ശുദ്ധീകരിക്കാൻ എളുപ്പമാണെന്നാണ് കണ്ടെത്തൽ. മുരിങ്ങയുടെ ജലശുദ്ധീകരണ ശേഷി പുത്തൻ അറിവല്ലെന്ന് പഠനത്തിന് നേതൃത്വം നൽകിയ സാവോ പോളോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ പ്രൊഫസറും പഠനത്തിന്റെ രചയിതാവുമായ അഡ്രിയാനോ ഗോൺസാൽവസ് ഡോസ് റെയ്‌സ് പറയുന്നു.
ഇപ്പോൾ ജലശുദ്ധീകരണത്തിനായി വ്യാപകമായി ഉപയോഗിക്കുന്ന രാസവസ്തുക്കൾക്ക് ചില പരിമിതികളും പരിസ്ഥിതി പ്രശ്നങ്ങളും ഉണ്ട്. എന്നാൽ മുരിങ്ങ വിത്തുകൾ പ്രകൃതിദത്തവും വിഷരഹിതവുമായതിനാൽ കൂടുതൽ പരിസ്ഥിതി സൗഹൃദമാണ്. മുരിങ്ങ ഇന്ത്യയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും സാധാരണയായി വളരുന്ന ഒരു സസ്യമാണ്. ഭാവിയിൽ ഈ സാങ്കേതിക വിദ്യ കൂടുതൽ വികസിപ്പിച്ച് വ്യാപകമായി പ്രയോഗിക്കാനാണ് ഗവേഷകർ ലക്ഷ്യമിടുന്നത്.
അതേസമയം , മനുഷ്യ ശരീരത്തിൽ നിന്ന് മൈക്രോപ്ലാസ്റ്റിക് നീക്കം ചെയ്യാൻ സഹായിക്കുന്ന ഭക്ഷണവും കണ്ടെത്തിയിരിക്കുകയാണ് മറ്റൊരു പുതിയ പഠനം. കൊറിയക്കാരുടെ ഇഷ്ട ഭക്ഷണമായ കിംചിയാണ് അത്. ശരീരത്തിൽ നിന്ന് മൈക്രോപ്ലാസ്റ്റിക് നീക്കം ചെയ്യാൻ കിംചിക്ക് കഴിയുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. പുളിപ്പിച്ച കാബേജ്, റാഡിഷ് അല്ലെങ്കിൽ കുക്കുമ്പർ എന്നിവയിൽ നിന്ന് നിർമ്മിച്ച പരമ്പരാഗത കൊറിയൻ വിഭവമാണ് കിംചി. ധാരാളം പ്രോബയോട്ടിക്കുകൾ അടങ്ങിയിട്ടുള്ള കിംചി കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കുടലിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള ബാക്ടീരിയകളാണ് കിംചിയിൽ അടങ്ങിയിട്ടുള്ളത്. ഇത് മൈക്രോ പ്ലാസ്റ്റികിനെ നീക്കം ചെയ്യുന്നുവെന്നാണ് പഠനത്തിലൂടെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |