SignIn
Kerala Kaumudi Online
Tuesday, 19 May 2026 5.54 PM IST

'ഉമ്മൻ  ചാണ്ടിക്ക്  നീതി  ലഭിച്ചു'; രണ്ടര വർഷത്തെ കാത്തിരിപ്പിനുശേഷം കല്ലറ പണിയുന്നുവെന്ന് ചാണ്ടി ഉമ്മൻ

chandi-oommen

കോട്ടയം: ഉമ്മൻ ചാണ്ടിക്കെതിരെയുള്ള രാഷ്‌ട്രീയ വേട്ടയാടലുകൾക്കുള്ള മറുപടി കൂടിയാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് പുതുപ്പള്ളിയിൽ നിന്ന് വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പ്രതിപക്ഷത്തിരുന്നപ്പോഴും ഭരണത്തിലിരുന്നപ്പോഴും ഇടതുമുന്നണി അദ്ദേഹത്തെ അനാവശ്യമായി വേട്ടയാടി. ഉമ്മൻ ചാണ്ടിക്ക് നീതി ലഭിച്ച തിരഞ്ഞെടുപ്പാണിത്. അതുകൊണ്ട് അദ്ദേഹത്തിന് കല്ലറ പണിയാൻ പോവുകയാണ്. രണ്ടര വർഷം കല്ലറ പണിയാതെ കാത്തുനിൽക്കുകയായിരുന്നുവെന്നും ചാണ്ടി ഉമ്മൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

'ഒരു വികസന പ്രവർത്തനം പോലും കേരളത്തിൽ നടപ്പിലാക്കാത്തതിന്റെ പ്രതിഷേധമാണ് തിരഞ്ഞെടുപ്പ് ഫലം. അയ്യപ്പന്റെ സ്വർണം കൊള്ളയടിക്കാൻ അനുവാദം കൊടുത്ത സർക്കാരിനെതിരെ ജനം വോട്ട് ചെയ്യാതിരിക്കുമോ? അയ്യപ്പൻ കേരളത്തിന്റെ മുഴുവനുമാണ്'- എന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.

പുതുപ്പള്ളി ഉമ്മൻ ചാണ്ടിക്ക് നൽകിയ സ്‌നേഹവും പിന്തുണയുമാണ് തന്റെ വലിയ വിജയത്തിന്റെ പിന്നിലെന്ന് ഫലപ്രഖ്യാപനത്തിന് പിന്നാലെ ചാണ്ടി ഉമ്മൻ ഫേസ് ബുക്കിൽ കുറിച്ചിരുന്നു. 84,031 വോട്ടുകൾക്കാണ് ചാണ്ടി ഉമ്മൻ വിജയിച്ചത്. 52,907 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം.

'നിങ്ങൾ അപ്പയ്ക്ക് നൽകിയ സ്നേഹവും പിന്തുണയും തന്നെയാണ് ഈ വിജയത്തിന്റെ അടിസ്ഥാനം. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് നമ്മൾ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോയ ഓരോ പുതിയ ചുവടുകളും, ഓരോ നവീന ആശയങ്ങളും, നിങ്ങൾ ഹൃദയത്തോടെ ഏറ്റെടുത്തതും വിശ്വാസത്തോടെ കൈകോർത്തതുമാണ് വലിയ വിജയമായി മാറിയത്. ഈ വിജയം എന്റേത് മാത്രമല്ല ഇത് പുതുപ്പള്ളിയുടെ ജനങ്ങളുടെയും കൂടി വിജയമാണ്. നമ്മൾ ഒരുമിച്ച് നേടിയ വിശ്വാസത്തിന്റെ വിജയം. പുതുപ്പള്ളിയുടെ പുതുവികസന യാത്ര നമുക്ക് ആരംഭിക്കാം'- എന്നായിരുന്നു ചാണ്ടി ഫേസ്ബുക്കിൽ കുറിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OOMMEN CHANDY, CHANDY OOMMEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA