തിരുവനന്തപുരം : ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനുള്ള 'ഐക്കോൺസിൽ' ഡയറക്ടർ കാലുകുത്തിയിട്ട് രണ്ട് വർഷം. സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ പുലയനാർകോട്ടയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേറ്റീവ് ആൻഡ് കോഗ്‌നിറ്റീവ് ന്യൂറോ സയൻസിന്റെ (ഐക്കോൺസ്) ഡയറക്ടർ ഡോ.പി.എ. സുരേഷ് രണ്ടുവർഷമായി ഓഫീസിൽ വരുന്നില്ല. ജീവനക്കാരുമായുള്ള കലഹമാണ് ഡയറക്ടറുടെ പിന്മാറ്റത്തിന് പിന്നിലെന്നാണ് വിവരം. ഐക്കോൺസിന്റെ മറ്റൊരു സെന്ററായ ഷൊർണൂർ കേന്ദ്രീകരിച്ചാണ് ഡയറക്ടറുടെ പ്രവർത്തനം. ചോദിക്കാനും പറയാനും ഉത്തരവാദിത്വപ്പെട്ടവരില്ലാതായതോടെ ദൈനംദിന പ്രവർത്തനങ്ങൾ അവതാളത്തിലായി. ജീവനക്കാരുടെ പോക്കുവരവ് തോന്നുംപടിയായി. താത്കാലിക ജീവനക്കാർക്ക് ശമ്പളം പോലും ലഭിക്കുന്നില്ല. സ്ഥാപനം തകർച്ചയിലേക്ക് കൂപ്പുകുത്തുമ്പോഴും സർക്കാർ ഇതുവരെ വിഷയത്തിൽ ഇടപെട്ടിട്ടില്ല. ആരോഗ്യമന്ത്രി ഗവേണിംഗ് കൗൺസിൽ ചെയർമാനും സാമൂഹ്യനീതി മന്ത്രി കോ-ചെയർമാനും ആരോഗ്യവകുപ്പ് സെക്രട്ടറി എക്‌സിക്യൂട്ടിവ് കമ്മിറ്റി ചെയർമാനുമാണ്. നിലവിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്കാണ് ചുമതല. തലവൻ ഇല്ലാത്തതിനാൽ പ്ലാൻഫണ്ട് വിനിയോഗിക്കുന്നതിലും ഐക്കോൺസ് പിന്നിലാണ്. ഓട്ടിസം, പഠനവൈകല്യം, ബുദ്ധിമാന്ദ്യം, സെറിബ്രൽ പാൾസി, ബധിരത, ഡിമൻഷ്യ എന്നിവ ബാധിച്ചവർക്കുള്ള ചികിത്സയും പുനരധിവാസവുമാണ് ഐക്കോൺസിന്റെ ലക്ഷ്യം.ന്യൂറോളജിസ്റ്റ്, സൈക്കോളജിസ്റ്റ്, സ്പീച്ച് പത്തോളജിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, ലിംഗ്വിസ്റ്റിക്‌സ് , സ്പെഷ്യൽ എഡ്യൂക്കേറ്റർ എന്നിവരുടെ സേവനം ലഭ്യമാണ്.
സേവനങ്ങൾ പേരിനു മാത്രം
ഡയറക്‌ടറുടെ മേൽനോട്ടം ഇല്ലാതായതോടെ ഐക്കോൺസിലൂടെയുള്ള സേവനങ്ങൾ പേരിന് മാത്രമായി. സ്വകാര്യ സ്ഥാപനങ്ങളിൽ വൻതുകയാകുന്ന തെറാപ്പി ചികിത്സകൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നുവെന്നതാണ് ഐക്കോൺസിന്റെ പ്രത്യേകത. ഇപ്പോൾ കുട്ടികളുമായി ചികിത്സയ്ക്കെത്തുന്നവർ നിരാശരായി മടങ്ങുകയാണ്.
അൻപതോളം കുട്ടികളുണ്ടായിരുന്ന സ്പെഷ്യൽ സ്‌കൂളിൽ ഇപ്പോൾ കുട്ടികൾ 30ൽ താഴെ മാത്രം.
ആകെ ജീവനക്കാർ 55. ഇതിൽ 31പേരും താത്കാലിക ജീവനക്കാരാണ്.
ശമ്പളം കുടിശികയായതോടെ താത്കാലിക ജീവനക്കാർ പലരും ജോലി മതിയാക്കി.
"രണ്ടിടത്തെയും കാര്യം ഒരുമിച്ച് നോക്കാൻ സാധിക്കില്ല. ഗവേണിംഗ് കൗൺസിലിന്റെ അനുവാദത്തോടെയാണ് ഷൊർണൂരിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്."
-ഡോ.പി.എ.സുരേഷ്, ഐക്കോൺസ് ഡയറക്ടർ
"ഐക്കോൺസിനെക്കുറിച്ച് പരാതികളൊന്നും കിട്ടിയിട്ടില്ല. സർക്കാർ വിളിക്കുന്ന യോഗങ്ങളിൽ ഡയറക്ടർ പങ്കെടുക്കുന്നുണ്ട്."
-രാജീവ് സദാനന്ദൻ, ആരോഗ്യ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |