
തിരുവനന്തപുരം: ചലച്ചിത്ര മേഖലയ്ക്കായി 2026ലെ സംസ്ഥാന ബഡ്‌ജറ്റിൽ പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനത്തിനായി 16 കോടി നൽകുമെന്ന് മന്ത്രി അറിയിച്ചു.
തോപ്പിൽ ഭാസി, പി ജെ ആന്റണി, കെ ടി മുഹമ്മദ് എന്നിവരെ ആദരിക്കാൻ സ്ഥിരം നാടക തിയേറ്ററുകൾ നിർമിക്കും. വനിതാ സംവിധായകർക്ക് ഫീച്ചർ സിനിമ ഒരുക്കാൻ ഏഴ് കോടി നൽകും. എംടി മെമ്മോറിയൽ സാംസ്‌കാരിക കേന്ദ്രത്തിനായി 1.5 കോടി രൂപ നൽകും. കലാ - സാംസ്‌കാരിക ബഡ്‌ജറ്റ് വിഹിതം 30 ശതമാനമായി ഉയർത്തിയതായും ബഡ്‌ജറ്റ് അവതരണത്തിൽ മന്ത്രി അറിയിച്ചു.
രാവിലെ ഒമ്പത് മണിയോടെയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചത്. കേന്ദ്രത്തെ വിമർശിച്ചുകൊണ്ടായിരുന്നു തുടക്കം. കേന്ദ്രത്തിന്റെ കടുത്ത അവഗണനയ്ക്കിടെയും കേരളം വളർന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്നും നികുതി വരുമാനം വെട്ടിക്കുറക്കുകയാണെന്നും വിമർശനം ഉയർന്നു. പിണറായി വിജയൻ സർക്കാരിന്റെ പന്ത്രണ്ടാമത്തെയും മന്ത്രി കെ എൻ ബാലഗോപാലിന്റെ ആറാമത്തെയും ബഡ്ജറ്റ് അവതരണമാണ് സഭയിൽ നടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |