
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയായ ഉഷാ ജോസഫിന്റെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ വിശദീകരണവുമായി അന്ന് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബിക. രോഗിയുടെ വയറ്റിൽ കുടുങ്ങിയത് കത്രികയല്ലെന്നും മസ്‌കിറ്റോ എന്ന ചെറിയ ഉപകരണമാണെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഉപകരണം ശരീരത്തിനുള്ളിൽ പോയി 50 വർഷം കഴിഞ്ഞാലും ഒന്നും സംഭവിക്കില്ലെന്നും ലളിതാംബിക വിശദീകരിച്ചു. ഉഷാ ജോസഫ് നേരത്തെയും ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ടെന്നും അപ്പോൾ ഉപകരണം അകത്തുപോയതാകാമെന്നും അവർ വ്യക്തമാക്കി. അതേസമയം, ശസ്ത്രക്രിയ ചെയ്തത് താനല്ലെന്നും വകുപ്പു മേധാവിയായതിനാലാണ് തന്റെ പേര് പറയുന്നതെന്നും ലളിതാംബിക വ്യക്തമാക്കി.
'ഉപകരണം ശരീരത്തിനുള്ളിൽ പോകാൻ പാടില്ല. ശസ്ത്രക്രിയയ്ക്കുമുൻപും ശേഷവും ഉപകരണങ്ങളുടെ എണ്ണമെടുക്കണം. ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടർമാരും നഴ്സുമാരുമാണ് ഇപ്പോൾ എണ്ണമെടുക്കുന്നത്. ഉപകരണങ്ങളുടെ എണ്ണമെടുക്കാൻ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചിട്ടില്ല. അത് സിസ്റ്റത്തിന്റെ കുഴപ്പമാണ്. എണ്ണമെടുക്കുമ്പോൾ പിശകുവന്നാൽ ഇങ്ങനെയൊക്കെ വരാം. മൂത്രത്തിൽ കല്ലിന്റെ അസുഖത്തിനാണ് വീട്ടമ്മ ചികിത്സ തേടി വന്നത്. ഞാനല്ല ശസ്ത്രക്രിയ ചെയ്തത്. ആരാണ് ചെയ്തതെന്നു ഓർമയില്ല. കൊവിഡ് കാലമായതിനാൽ അതിന്റെ പ്രവർത്തനങ്ങളിലായിരുന്നു. രോഗിയെ ഓർമയില്ല. മൂന്നര കിലോയുള്ള ട്യൂമറായതിനാലാണ് ശസ്ത്രക്രിയ നടത്തിയത്. രോഗി വീട്ടിൽ വന്നിട്ടില്ല. ഞാൻ ഇതുവരെ ആരോടും ചികിത്സയ്ക്കായി പണം വാങ്ങിയിട്ടില്ല. വീട്ടിൽ രോഗികളെ കാണുന്നത് വലിയ കാര്യമില്ല. പരിചയക്കാർ പറയുമ്പോൾ രോഗികളെ നോക്കാറുണ്ട്'- ലളിതാംബിക പറഞ്ഞു.
പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് നാൽപ്പതിൽച്ചിറ സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയത്. അഞ്ചുവർഷം മുൻപായിരുന്നു സംഭവം. ഇതിൽ വിശദമായ അന്വേഷണം നടത്തുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |