
തിരുവനന്തപുരം: വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ നിയന്ത്രണത്തിൽ അയവു വന്നിട്ടും അത് ഗുണഭോക്താക്കൾക്ക് നൽകാത്ത ഗ്യാസ് ഏജൻസികൾക്കെതിരെ നടപടിയെടുക്കാൻ സിവിൽ സപ്ലൈസ് വകുപ്പ്.
എൽ.പി.ജി ക്ഷാമ സാഹചര്യം മെച്ചപ്പെട്ടതിനാൽ വാണിജ്യ എൽ.പി.ജിയുടെ വിതരണ അവശ്യ മേഖലകളിലേക്ക് ആവശ്യമായ 100% വിതരണത്തിനും, ഹോട്ടൽ, റസ്റ്റോറന്റ് അടക്കമുള്ള ഇൻഡസ് ട്രിയൽ മേഖലകളിൽ ആവശ്യകതയുടെ 62% മുതൽ 66% വരെ വിതരണത്തിനും നിർദ്ദേശം നൽകിയിട്ടും ഗ്യാസ് ഏജൻസികളിൽ നിന്നും ഈ അളവ്
ലഭിക്കുന്നില്ലെന്ന് പരാതി ഉയരുന്ന സാഹചര്യത്തിലാണിത്.ഇതു സംബന്ധിച്ച പരാതികൾ ഉദ്യോഗസ്ഥർ അന്വേഷിക്കും. കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് സിവിൽ സപ്ലൈസ് കമ്മീഷണർ കെ.ഹിമ അറിയിച്ചു.
ഏതെങ്കിലും വിഭാഗത്തിന് അനുവദിച്ച വാണിജ്യ എൽ.പി.ജി ബില്ലടിച്ച ശേഷം മറ്റേതെങ്കിലും വിഭാഗത്തിന് വിതരണം ചെയ്യുന്നതായി കണ്ടെത്തിയാലോ ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നതിലും കൂടുതൽ വില ഈടാക്കിയാലോ ബന്ധപ്പെട്ട ഗ്യാസ് ഏജൻസികൾക്കെതിരെ അവശ്യ സാധന നിയമപ്രകാരവും എൽ.പി.ജി വിതരണ നിയന്ത്രണ ഉത്തരവു പ്രകാരവും നടപടിയെടുക്കും. ഓയിൽ കമ്പനികൾക്ക് ഡിസിപ്ലിൻ ഗൈഡൻസിന്റെ അടിസ്ഥാനത്തിൽ ലൈസൻസ് റദ്ദാക്കൽ അടക്കമുള്ള നടപടികൾ സ്വീകരിക്കുന്നതിന് ശുപാർശ ചെയ്യും. ഇതുവരെ സംസ്ഥാനത്തെ ഗ്യാസ് ഏജൻസികളിലും ഹോട്ടലുകളിലും പൊതു വിപണിയിലുമായി 6158 പരിശോധനകൾ നടത്തി. 70 ഗാർഹിക പാചക വാതക സിലിണ്ടറുകളും 137 വാണിജ്യ സിലിണ്ടറുകളും പിടിച്ചെടുത്തു.. ആവശ്യമെങ്കിൽ സംസ്ഥാന തലത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡ് രൂപീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |