
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) എട്ട് മണിക്കൂർ ഓഫീസിൽ ഇരുത്തിയെങ്കിലും ചോദ്യം ചെയ്തത് ഒരു മണിക്കൂർ മാത്രമെന്ന് സിപിഎം നേതാവ് കെ രാധാകൃഷ്ണൻ എംപി. കൊച്ചി ഇഡി ഓഫീസിൽ ഇന്നലെ രാവിലെ 11നാരംഭിച്ച ചോദ്യം ചെയ്യൽ വൈകിട്ട് ആറരയോടെയാണ് അവസാനിച്ചത്. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് ബാങ്കിൽ നടന്ന ഇടപാടുകൾ, പാർട്ടി അക്കൗണ്ടുകൾ തുടങ്ങിയവയുടെ വിവരങ്ങളാണ് ഇഡി ചോദിച്ചത്.
'എട്ടുമണിക്കൂർ ചോദ്യം ചെയ്തു എന്നൊക്കെ പ്രചരിപ്പിച്ച് ആത്മവീര്യം തകർക്കാൻ നോക്കുകയാണ്. കരുവന്നൂർ തട്ടിപ്പ് കേസിൽ ബാങ്കിലെ പാർട്ടി സംവിധാനങ്ങളെക്കുറിച്ച് അറിയില്ലെന്ന് ഇഡിയോട് പറഞ്ഞു. ഡയറക്‌ടർ ബോർഡിനപ്പുറം പാർട്ടിക്ക് മറ്റ് സംവിധാനങ്ങളില്ല. ബാങ്കിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാറില്ലെന്ന് വിശദീകരിച്ചു. സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയും കരുവന്നൂർ ബാങ്കുമായുമുള്ള ബന്ധത്തെക്കുറിച്ചായിരുന്നു ഇഡിക്ക് അറിയേണ്ടത്. കരുവന്നൂർ ബാങ്കിലെ സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടിനെക്കുറിച്ച് ചോദിച്ചു. അങ്ങനെ ഒരു അക്കൗണ്ട് ഇല്ലെന്ന് പറഞ്ഞിട്ടും അവർ അതുതന്നെ ചോദിച്ചുകൊണ്ടിരുന്നു. രേഖകൾ പരിശോധിക്കാൻ പറഞ്ഞപ്പോൾ അവർക്ക് കാര്യം ബോധ്യപ്പെട്ടു.
തന്റെ സ്വത്തുവിവരങ്ങളും അക്കൗണ്ടിലെ കാര്യങ്ങളുമൊക്കെ ഇഡിക്ക് നേരത്തെ കൈമാറിയിരുന്നു. അഞ്ച് തവണ എംഎൽഎയും എംപിയുമായ എനിക്ക് വരുമാനത്തിനും അപ്പുറം എന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കാം. ഇപ്പോൾ നടക്കുന്നത് ബോധപൂർവമായ കാര്യങ്ങളാണ്'- കെ രാധാകൃഷ്ണൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |