SignIn
Kerala Kaumudi Online
Monday, 04 May 2026 12.14 AM IST

ലീഗ്‌ അദ്ധ്യക്ഷൻ സാദിഖലി തങ്ങൾക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് കെ ടി ജലീൽ

Increase Font Size Decrease Font Size Print Page
k-t-jaleel

മലപ്പുറം: മുസ്ലിം ലീഗ് അദ്ധ്യക്ഷൻ സാദിഖലി തങ്ങൾക്കെതിരായ അധിക്ഷേപ പോസ്റ്റിനെ രൂക്ഷമായി വിമർശിച്ച് തവനൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ ടി ജലീൽ. രാഷ്ട്രീയഭേദമന്യേ ബഹുമാനിക്കപ്പെടുന്ന സാദിഖലി തങ്ങളെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിനെതിരെ കരുതിയിരിക്കണമെന്നും കെ ടി ജലീൽ പ്രതികരിച്ചു. എഐ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വ്യാജമായ ചിത്രങ്ങൾ നിർമ്മിച്ച് പ്രചരിപ്പിക്കുന്നവരുടെ പ്രവൃത്തി മാപ്പർഹിക്കാത്തതാണെന്ന് പറഞ്ഞ അദ്ദേഹം അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. രാഷ്‌ട്രീയപരമായി സാദിഖലി തങ്ങളെ വിമർശിക്കുന്നത് തുടരുമെന്നും എന്നാൽ, ഒരിക്കൽ പോലും അദ്ദേഹത്തെ വ്യക്തിഹത്യ നടത്തിയിട്ടില്ലെന്നും ജലീൽ കുറിച്ചു.


കുറിപ്പിന്റെ പൂർണരൂപം

'സാദിഖലി തങ്ങളെ അപമാനിക്കാനുള്ള ശ്രമം കരുതിയിരിക്കുക. കക്ഷി രാഷ്ട്രീയ ഭേദമന്യെ ബഹുമാനിക്കുന്ന വ്യക്തിയാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. ഞാൻ ഉൾകൊള്ളുന്ന തൊഴുവാനൂർ മഹല്ലിൻ്റെ ഖാളി കൂടിയാണ് ആദരണീയനായ തങ്ങൾ. അദ്ദേഹത്തെ സമൂഹ മദ്ധ്യത്തിൽ താറടിച്ചു കാണിക്കാൻ നടത്തുന്ന കുൽസിത നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം. പുതിയ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് ആരെയും എന്തും ആക്കാൻ സാധിക്കും.

സാദിഖലി തങ്ങളെ സ്കൂൾ പഠന കാലം തൊട്ട് വ്യക്തിപരമായി എനിക്കറിയാം. എൻ്റെ മൂന്നു വർഷം സീനിയറായി ചേളാരി 'സമസ്താലയ'ത്തിൽ ഞങ്ങൾ ഒരുമിച്ച് പഠിച്ചവരാണ്. അന്ന് മുതൽക്കേ സാദിഖലി തങ്ങളെ എനിക്ക് വളരെ അടുത്തറിയാം. മാന്യമായ പെരുമാറ്റം കൊണ്ടും കുലീനമായ സമീപനം കൊണ്ടും എൻ്റെ മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് സാദിഖലി തങ്ങൾ. രാഷ്ട്രീയമായി ഞാൻ അദ്ദേഹത്തെ വിമർശിച്ചിട്ടുണ്ട്. ആ വിമർശനം മേലിലും തുടരും. പക്ഷെ ഒരിക്കലും വ്യക്തിഹത്യ നടത്തിയിട്ടില്ല. നടത്തുകയുമില്ല.

സാദിഖലി തങ്ങളുടെ സഹധർമ്മിണി സുൽഫത്ത് ബീവി, പി.എസ്.എം.ഒ കോളേജിൽ എൻ്റെ ക്ലാസ്മേറ്റാണ്. ഇംഗ്ലീഷിനും അറബിക്കിനും ഞങ്ങൾ ഒരേ ക്ലാസിലായിരുന്നു. സാദിഖലി തങ്ങൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ചുള്ള ചിത്രങ്ങൾ തീർത്തും വ്യാജമാണ്. ഏതു മാന്യനേയും മോശമാക്കാൻ ഇതുപോലുള്ള വഴികൾ സ്വീകരിക്കുന്നവർ ചെയ്യുന്ന മഹാപരാധം മാപ്പർഹിക്കാത്തതാണ്. ശക്തമായ നിയമ നടപടി വ്യാജ പ്രചരണങ്ങൾക്കെതിരെ സ്വീകരിക്കുമെന്ന ലീഗ് നേതൃത്വത്തിൻ്റെ നിലപാട് സ്വാഗതാർഹമാണ്. പോലീസ് ശക്തമായ ഇടപെടൽ നടത്തണം. കുറ്റക്കാരെ കർശനമായി ശിക്ഷിക്കണം. മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് കാര്യങ്ങളുടെ ഗൗരവം ധരിപ്പിക്കും. ഇക്കാര്യത്തിൽ സാദിഖലി തങ്ങൾക്കൊപ്പം'-കെ ടി ജലീൽ കുറിച്ചു.

വ്യാജ ഐഡിയിൽ നിന്ന് തങ്ങളെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചാണ് പോസ്റ്റിട്ടിരിക്കുന്നതെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. നിലവിൽ പോസ്റ്റ് ഡിലീറ്റ് ചെയ്‌‌തിരിക്കുകയാണ്. ലീഗ് നൽകിയ പരാതിയിൽ മലപ്പുറം സൈബർ ക്രൈം പൊലീസ് കേസെടുത്തു. അപകീർത്തിപ്പെടുത്തൽ, പ്രകോപനം സൃഷ്‌ടിക്കൽ, വ്യാജരേഖ ചമയ്‌ക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

TAGS: POLITICS, AI, CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.