SignIn
Kerala Kaumudi Online
Monday, 18 May 2026 4.42 AM IST

ഭായിമാർ പറ്റിച്ച പണി, വ്യവസായ മേഖലയിൽ കോടികളുടെ നഷ്ടം

emigrants

കണ്ണൂർ: ജില്ലയിൽ തൊഴിലാളി ക്ഷാമം രൂക്ഷമായി തുടരുന്നു. അസം, ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോയ തൊഴിലാളികൾ തിരിച്ചെത്താത്തതിനെ തുടർന്നാണ് ജില്ലയിലെ തടി വ്യവസായം, ഹോട്ടൽ, നിർമാണ മേഖല പ്രതിസന്ധിയിലേക്ക് വീണിരിക്കുന്നത്.

ബംഗാൾ, അസം സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ കൂട്ടത്തോടെയാണ് ഇക്കുറി നാട്ടിലേക്ക് വോട്ട് ചെയ്യാൻ വണ്ടി കയറിയത്. പൗരത്വം സംബന്ധിച്ച ആശങ്കയാണ് ഇതിനു കാരണം. മുൻ തിരഞ്ഞെടുപ്പുകളിൽ തൊഴിലാളികൾ കൂട്ടത്തോടെ പോയിരുന്നില്ല. തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി നാട്ടിലേക്ക് പോയ അന്യസംസ്ഥാന തൊഴിലാളികളിൽ വെറും അഞ്ച് ശതമാനം മാത്രമാണ് ഇതുവരെ തിരിച്ചെത്തിയിട്ടുള്ളത്. മടങ്ങിയെത്തിയ തൊഴിലാളികളെ ഉയർന്ന കൂലി വാഗ്ദാനം ചെയ്ത് വശത്താക്കാൻ ശ്രമിക്കുന്നത് പതിവാണ്.

എന്നാൽ ഇവർ മടങ്ങിയെത്താത്തിനെ തുടർന്ന് ദേശീയപാതയുടെ നിർമ്മാണമടക്കം സ്തംഭിച്ചു. മഴ നേരത്തെ എത്തിയതോടെ വെള്ളക്കെട്ട് അടക്കമുള്ള പ്രശ്നങ്ങൾ ദേശീയപാതയിലുണ്ട്.

അന്യസംസ്ഥാന തൊഴിലാളികളെ മടക്കിയെത്തിക്കാൻ ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും ബക്രീദ് അടുത്തതിനാൽ ഭായിമാരുടെ മടങ്ങി വരവ് ഇനിയും വൈകുമെന്നാണ് സൂചന.

വ്യവസായ മേഖലയിൽ

കോടികളുടെ നഷ്ടം

മൂന്ന് മാസമായി തുടരുന്ന തൊഴിലാളി ക്ഷാമം ഉത്പാദന മേഖലയിലടക്കം വൻ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. നാട്ടിലെ വ്യവസായ മേഖലയിൽ കോടികളുടെ നഷ്ടമുണ്ടായെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. മലയോര മേഖലയിലെ ശ്രീകണ്ഠപുരം ചേപ്പറമ്പിൽ ചെങ്കൽപണകൾ പേരിനു വേണ്ടി മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ജില്ലയിലെ അഞ്ഞൂറോളം ചെങ്കൽപണകളിലെ പ്രവർത്തനങ്ങൾ പലതും ഭാഗികമായി സ്തംഭിച്ച നിലയിലാണ്. കല്ല് വെട്ടാനോ, കയറ്റാനോ, ഇറക്കാനോ ആളില്ലാത്ത അവസ്ഥ തുടരുകയാണ്. നാട്ടിൽ നിന്നുള്ള തൊഴിലാളികൾക്ക് അധിക കൂലി നൽകിയാണ് ഇതിൽ ചിലത് പ്രവർത്തിക്കുന്നത്. അതേസമയം നിർമ്മാണ മേഖലയിൽ തൊഴിലാളികൾ കുറഞ്ഞതിനാൽ ചെങ്കല്ലിനും ഡിമാൻഡ് കുറവാണ്.

വരുമാനം നിലച്ച്
കെട്ടിട ഉടമകൾ

നാട്ടിൽ കെട്ടിട വാടക ആശ്രയിച്ചു കഴിയുന്നവരുടെ വരുമാനത്തിലടക്കം വൻ ഇടിവാണ് ഉണ്ടായിട്ടുള്ളത്. കുറുമാത്തൂർ മേഖലയിലും, തളിപ്പറമ്പ് മേഖലയിലും വാടക മുറികൾ ഇപ്പോൾ ഒഴിഞ്ഞുകിടക്കുകയാണ്. മാസങ്ങൾക്ക് മുൻപ് മുറികൾക്ക് വൻ ഡിമാൻഡ് ഉണ്ടായിരുന്നിടത്താണ് ഇപ്പോൾ മുറികളെല്ലാം ഒഴിഞ്ഞുകിടക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികൾ എത്തുന്നത് ഇനിയും വൈകിയാൽ കെട്ടിട ഉടമകളുടെ വരുമാനത്തെ സാരമായി ബാധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA