
കോട്ടയം: കണ്ണീരൊഴുക്കുന്ന ജനസാഗരത്തിന് നടുവിലൂടെ ഉമ്മൻചാണ്ടിയെന്ന ജനകീയ നേതാവിന്റെ തിരുവനന്തപുരം മുതൽ പുതുപ്പള്ളിവരെയുള്ള അന്ത്യയാത്രാ വാഹനമായ ലോഫ്ളോർ ബസിന്റെ മാതൃക അദ്ദേഹത്തിന്റെ കല്ലറിയിൽ സ്ഥാപിച്ചു.
ഇരുപതിനായിരത്തിലെറെ രൂപ മുടക്കി ഒന്നരയാഴ്ചയോളമെടുത്ത് തെങ്ങണയിലെ ബ്ളൂ ബേർഡ് ഗ്രാഫിക്സ് ഉടമ തോട്ടയ്ക്കാട് മാത്തൂർ ജോണിക്കുട്ടി വറുഗീസിന്റെ നേതൃത്വത്തിലാണ് മിനിയേച്ചർ നിർമിച്ചത്. ഉമ്മൻചാണ്ടിയുടെ ജൻമദിനമായ ഒക്ടോബർ 31വരെ മിനിയേച്ചർ കല്ലറയിലുണ്ടാവും. ഉമ്മൻചാണ്ടിയുടെ ചിത്രങ്ങൾ ചാർത്തി പുഷ്പമാലകൾ കൊണ്ടലങ്കരിച്ച് കണ്ണീരോടെ ലോകം മുഴുവൻ കണ്ട ലോഫ്ളോർ ബസ് അതേപോലെ പുനരാവിഷ്കരിച്ചിരിക്കുകയാണ്.

ഫോറെക്സ് ഷീറ്റ്, അക്രാലിക് അലൂമിനിയം കോംപാക്ട് പാനൽ, തുണി, സ്റ്റിക്കർ, തുടങ്ങിയ വസ്തുക്കളാണ് നിർമാണത്തിന് ഉപയോഗിച്ചത്. നാലടി നീളവും ആനുപാതികമായ പൊക്കവുമുണ്ട്.
ബസിലെ പൂമാലകളും ഉമ്മൻചാണ്ടിയുടെ ചിത്രങ്ങളുമെല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബസിനുള്ളിൽ മൊബൈൽ മോർച്ചറിക്ക് സമീപം കൂപ്പുകൈകളോടെ ചാണ്ടിഉമ്മൻ നിൽക്കുന്നതും ആവിഷ്കരിച്ചിട്ടുണ്ട്.
പുതുപ്പള്ളി മണ്ഡലംകാരനായ ജോണിക്കുട്ടി ഉമ്മൻചാണ്ടിയോടുള്ള അടുപ്പം മൂലമാണ് ഇത്തരമൊരു ചിന്തയിലേയ്ക്ക് കടന്നത്. ആശയം ജീവനക്കാരോടു പറഞ്ഞപ്പോൾ അവരും ഒപ്പം ചേർന്നു. ജീവനക്കാരായ സുബിൻ വറുഗീസ്, പവൻ മാത്യു, കിച്ചു വിഷ്ണു എന്നിവരുടെ കരവിരുതിൽ ചരിത്രം പുനർജനിച്ചു. 31ന് ശേഷം മിനിയേച്ചർ ചാണ്ടി ഉമ്മൻ വാടകയ്ക്ക് എടുത്ത പുതുപ്പള്ളി കവലയ്ക്ക് സമീപത്തെ വീട്ടിലേയ്ക്ക് മാറ്റുമെന്ന് ജോണിക്കുട്ടി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |