
ചിറയിൻകീഴ്: ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികൾക്ക് മതിയായ ചികിത്സയൊരുക്കുന്നതിൽ അലംഭാവവും കാലതാമസവും ഉണ്ടാകുന്നതായി പരാതി. പാമ്പുകടിയേറ്റ് ആശുപത്രിയിലെത്തിയ എട്ടുവയസുകാരന് മതിയായ ചികിത്സ ലഭ്യമാക്കാതെ മരണമടഞ്ഞ സംഭവമാണ് ഏറ്റവും ഒടുവിലത്തേത്. കുട്ടിയുടെ കുടുംബത്തിന് പുറമേ മറ്റ് സംഘടനകളും ഈ സംഭവത്തിൽ പ്രതിഷേധിച്ചിരുന്നു.
ദിനംപ്രതി 100കണക്കിന് രോഗികളെത്തുന്ന തീരദേശ മേഖലയിലെ നിർദ്ധനരുടെയും മത്സ്യത്തൊഴിലാളികളുടെയും ആശ്രയ കേന്ദ്രമാണിവിടെ. മതിയായ ഡോക്ടർമാരില്ല, അടിസ്ഥാന സൗകര്യങ്ങളുമില്ല. ഇവിടെയെത്തുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ് പതിവ്. രോഗികളെ കിടത്തി ചികിത്സിക്കുന്ന മൂന്ന് നിലകളുള്ള ജനറൽ വാർഡ് പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായി. ഇപ്പോൾ ജലക്ഷാമം കാരണം പേവാർഡുകളിലും രോഗികളെ അഡ്മിറ്റ് ചെയ്യാറില്ല.
ഡോക്ടർമാരും കുറവ്
രാത്രിയിൽ രണ്ട് ഡോക്ടർമാർ കാണുമെങ്കിലും ഒരാൾ വാർഡ് ഡ്യൂട്ടിക്കും മറ്റൊരാൾ ഒ.പിയിലുമാണ്.
സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്കടക്കം നൈറ്റ് ഡ്യൂട്ടി വരുന്നതിനാൽ പിറ്റേദിവസം ആ വിഭാഗത്തിന്റെ ഒ.പി അടഞ്ഞുകിടക്കും. ആയിരങ്ങൾ വന്നുപോകുന്ന ആശുപത്രിയിൽ ഫിസിഷൻ ഒരാൾ മാത്രമാണുള്ളത്. രണ്ടുപേർ ഉണ്ടായിരുന്നെങ്കിലും ഒരാൾ ട്രാൻസ്ഫറായി പോയി. ഫിസിഷന്റെ നൈറ്റ് ഡ്യൂട്ടി വരുമ്പോൾ രണ്ട് ദിവസം ഡ്യൂട്ടിക്കാണ് ആളില്ലാതെയാകുന്നത്.
സ്കാനിംഗ് മെഷീൻ പ്രവർത്തരഹിതമായിട്ട് വർഷങ്ങളായി.
പ്രവർത്തനം അനിശ്ചിതത്വത്തിൽ
ആശുപത്രി പരിസരമാകെ തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമാണ്. ആശുപത്രിയുടെ പദവി ഉയർത്തി ജില്ലാ ആശുപത്രിയാക്കണമെന്ന ആവശ്യം വർഷങ്ങളായി നിലനിൽക്കുകയാണ്. ഇവിടെ ഒരു ഐ.സി യൂണിറ്റ് വേണമെന്ന ആവശ്യവും നടപ്പായിട്ടില്ല. അതിനായി ഒരു സ്വകാര്യവ്യക്തി ഐ.സി യൂണിറ്റ് മന്ദിരം നിർമ്മിച്ചു നൽകിയിരുന്നു. ആധുനിക രീതിയിലുള്ള ബഹുനില മന്ദിരം നിർമ്മിച്ച് അതിന്റെ ഉദ്ഘാടനം നടന്നെങ്കിലും പ്രവർത്തനം ആരംഭിച്ചില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |