
ന്യൂഡൽഹി : തീഹാർ ജയിലിൽ കഴിയുന്ന അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയും ബ്രിട്ടീഷ് പൗരനുമായ ക്രിസ്‌ത്യൻ ജെയിംസ് മിഷേലിന് ബ്രിട്ടീഷ് പാസ്‌പോർട്ടിന് അപേക്ഷിക്കാൻ അനുമതി. ഡൽഹി റൗസ് അവന്യു കോടതിയാണ് അനുമതി നൽകിയത്. സി.ബി.ഐ കേസിൽ സുപ്രീംകോടതിയും ഇ.ഡി കേസിൽ ഡൽഹി ഹൈക്കോടതിയും ജാമ്യം അനുവദിച്ചെങ്കിലും പാസ്‌പോർട്ട് കാലാവധി കഴിഞ്ഞതിനാൽ ജയിൽമോചിതനാകാൻ സാധിച്ചിരുന്നില്ല. ഇക്കാര്യം ക്രിസ്‌ത്യൻ മിഷേലിന്റെ അഭിഭാഷകരായ അൽജോ കെ. ജോസഫ്, വിഷ്‌ണു ശങ്കർ, ശ്രീറാം പറക്കാട്ട് എന്നിവർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ജയിലിൽ നിന്ന് ഓൺലൈൻ മുഖേന ബ്രിട്ടീഷ് പാസ്‌പോർട്ടിന് അപേക്ഷിക്കാൻ മിഷേലിന് അനുമതി നൽകുകയായിരുന്നു. ജയിൽ അധികൃതർ സൗകര്യമൊരുക്കണം. സി.ബി.ഐക്ക് പക്കലുള്ള കേസ് രേഖകൾ പരിശോധിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു.
പാസ്‌പോർട്ട് ലഭിക്കുന്ന മുറയ്‌ക്കായിരിക്കും, ആറു വർഷത്തിലധികമായി തടങ്കലിൽ കഴിയുന്ന ക്രിസ്‌ത്യൻ മിഷേലിന് ജയിൽമോചിതനാകാൻ കഴിയുക. 2018 ഡിസംബറിലാണ് ക്രിസ്‌ത്യൻ മിഷേൽ അറസ്റ്റിലായത്. യു.പി.എ ഭരണകാലത്തെ ഇടപാടുമായി ബന്ധപ്പെട്ട് 225 കോടിയിൽപ്പരം ഇടനിലക്കാരന് ലഭിച്ചുവെന്നും, 2666 കോടിയുടെ നഷ്‌ടം സർക്കാർ ഖജനാവുണ്ടായെന്നും കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |