
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന സൂചനയാണ് ലഭിക്കുന്നത്. കേരളത്തിൽ ഇടത്കോട്ടകൾ ഇളക്കി യുഡിഎഫ് മുന്നേറുകയാണ്. മുഖ്യമന്ത്രി ഉൾപ്പെടെ എൽഡിഎഫ് മന്ത്രിമാർ ലീഡ് നിലയിൽ പിന്നിലാണ്. യുഡിഎഫിന്റെ ലീഡ് 100 കടന്നു. ഭരണവിരുദ്ധ വികാരം ശക്തമാണെന്ന സൂചനകളാണ് വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകൾ നൽകുന്നത്. പശ്ചിമ ബംഗാളിൽ ബിജെപിയും തൃണമൂലും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമ്പോൾ തമിഴ്‌നാട്ടിൽ ടിവികെ മുന്നേറ്റം നടത്തുകയാണ്.
പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി വലിയ ലീഡ് ഉയർത്തുകയാണ്. ആദ്യഘട്ട ഫലസൂചനകൾ പ്രകാരം ബിജെപി 157 സീറ്റിലും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് 95 സീറ്റിലുമാണ് മുന്നേറുന്നത്. മറ്റ് കക്ഷികളെ അപ്രസക്തരാക്കി ബംഗാളിൽ ബിജെപി തൃണമൂൽ നേരിട്ടുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും താരത്തിളക്കമുള്ള മണ്ഡലമായ ഭവാനിപ്പൂരിൽ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളിൽ മുഖ്യമന്ത്രി മമതാ ബാനർജി രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് ബിജെപി സ്ഥാനാർത്ഥി.
തമിഴ്നാട്ടിൽ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് കന്നി അങ്കത്തിൽ ടിവികെയാണ് മുന്നിൽ തുടരുന്നത്. ഡിഎംകെ തമിഴ്‌നാട്ടിൽ മികച്ച ഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നത്. 100 സീറ്റാണ് ടിവികെയുടെ ലീഡ്. തൊട്ടുപിന്നിൽ എഐഎഡിഎംകെയ്ക് 78 സീറ്രിന്റെ ലീഡാണുള്ളത്. ഭരണകക്ഷിയായ ഡിഎംകെ 53 സീറ്റിന്റെ ലീഡുമായി പുറകിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |