
പൂനെ: രാജ്യത്ത് പല ഭാഗത്തും രാമക്ഷേത്രത്തിന് സമാനമായ രീതിയിലുള്ള തർക്കങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിനെതിരെ ആർ എസ് എസ് മേധാവി മോഹൻ ഭഗവത്. ഇത്തരം പ്രവൃത്തികൾ സ്വീകാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിലെ സംഭാൽ ഷാഹി ജുമാ മസ്ജിദും രാജസ്ഥാനിലെ അജ്മീർ ഷെരീഫും ഉൾപ്പെടെയുള്ള ആരാധനാലയങ്ങളുടെ ഉത്ഭവത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മോഹൻ ഭഗവതിന്റെ പ്രതികരണം.
'രാമക്ഷേത്രം വിശ്വാസത്തിന്റെ കാര്യമാണ്, അതൊരു വികാരമാണ്. ക്ഷേത്രം നിർമ്മിക്കണമെന്ന് ഹിന്ദുക്കൾക്ക് തോന്നി. എന്നാൽ വിദ്വേഷം കൊണ്ടും ശത്രുത കൊണ്ടും മറ്റിടങ്ങളിൽ തർക്കമുണ്ടാകുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല.'- അദ്ദേഹം പറഞ്ഞു. 'വിശ്വഗുരു ഭാരത്' എന്ന വിഷയത്തെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയുടെ ഭാഗമായി പൂനെയിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭഗവത്.
തർക്ക വിഷയങ്ങൾ ഒഴിവാക്കിക്കൊണ്ട് മുൻകാല തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഭാരതീയർ തങ്ങളുടെ രാജ്യത്തെ ലോകത്തിന് മാതൃകയാക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പൗരാണിക സംസ്‌കാരത്തിലേക്ക് തിരിച്ചുവരികയാണ് സമൂഹത്തിലെ സംഘർഷം കുറയ്ക്കുന്നതിനുള്ള പരിഹാരമെന്ന് മോഹൻ ഭഗവത് വ്യക്തമാക്കി.
'തീവ്രവാദം, മറ്റു മതസ്ഥരുടെ ദൈവങ്ങളെ അപമാനിക്കൽ എന്നിവ നമ്മുടെ സംസ്‌കാരമല്ല. ഇവിടെ ഭൂരിപക്ഷമോ ന്യൂനപക്ഷമോ ഇല്ല. നമ്മൾ എല്ലാവരും ഒന്നാണ്. ഓരോരുത്തർക്കും അവരവരുടെ ആരാധനാരീതിയുണ്ട്. അതുപ്രകാരം ആരാധന നടത്താൻ ഈ രാജ്യത്ത് സാധിക്കണം.' - മോഹൻ ഭഗവത് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |