
ദിസ്‌പൂർ: അസം മുൻ മുഖ്യമന്ത്രി പ്രഫുല്ല കുമാർ മഹന്തയുടെ മകൾ ഡ്രൈവറെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ രാത്രി പുറത്തുവന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പലരും യുവതിക്കെതിരെ മോശമായി കമന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു പുരുഷൻ മുട്ടുകുത്തി നിൽക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. യുവതി അയാളെ ചെരുപ്പ് ഉപയോഗിച്ച് അടിക്കുന്നതും അസഭ്യം പറയുന്നതും കാണാം. ദിസ്‌പൂരിലെ എംഎൽഎ ഹോസ്റ്റലിന് സമീപത്താണ് സംഭവം നടന്നത്. മർദിക്കുന്നത് നിരവധിപേർ കണ്ടുനിൽക്കുന്നുണ്ടെങ്കിലും ആരും പ്രതികരിക്കുന്നില്ല. അൽപ്പം ദൂരെയുള്ള മറ്റൊരു വീട്ടിൽ നിന്നയാളാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വർഷങ്ങളായി പ്രഫുല്ല കുമാർ മഹന്തയുടെ കുടുംബത്തിൽ ജോലി ചെയ്യുന്ന ഡ്രൈവർക്കാണ് മർദനമേറ്റതെന്നാണ് വിവരം.
സംഭവത്തിൽ പ്രഫുല്ല കുമാറിന്റെ മകൾ പ്രതികരണവുമായി രംഗത്തെത്തി. ഡ്രൈവർ സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി തനിക്കെതിരെ സംസാരിക്കാറുണ്ട്. പരിചയക്കാർക്കെല്ലാം ഇതേപ്പറ്റി അറിയാം. അദ്ദേഹത്തെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു. പക്ഷേ, ഇന്നയാൾ എന്റെ മുറിയുടെ വാതിലിൽ മുട്ടി. ഇതോടെയാണ് എല്ലാ പരിധിയും വിട്ട് മർദിക്കേണ്ടി വന്നതെന്നും യുവതി പറഞ്ഞു. പൊലീസിൽ പരാതിപ്പെടാത്തത് എന്താണെന്ന് ചോദിച്ചപ്പോൾ ഇത്തരം കേസുകളിൽ സ്‌ത്രീയെ കുറ്റപ്പെടുത്താറല്ലേ പതിവെന്ന് അവർ മറുപടി നൽകി.
ഈ ഡ്രൈവർ സർക്കാർ ജീവനക്കാരനാണോ അതോ കുടുംബം ശമ്പളം നൽകി നിർത്തിയ ആളാണോ എന്നകാര്യം വ്യക്തമല്ല. ഇപ്പോൾ നിയമസഭാംഗമല്ലെങ്കിലും പ്രഫുല്ല കുമാർ മഹന്തയ്‌ക്ക് എംഎൽഎ ഹോസ്റ്റലിൽ താമസിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. 1985 - 1990, 1996 - 2001 കാലയളവിൽ രണ്ടുതവണ അസമിന്റെ മുഖ്യമന്ത്രിയായിരുന്നു പ്രഫുല്ല കുമാർ. വീഡിയോ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |