SignIn
Kerala Kaumudi Online
Saturday, 02 August 2025 12.14 AM IST

പടരട്ടെ ഈ നല്ല നടപ്പ്

Increase Font Size Decrease Font Size Print Page

opinion

വർഷങ്ങളായി ജയിലിൽ കഴിയുന്നവർക്കായി സർക്കാരുകൾ ചെലവഴിച്ചത് കോടികളാണ്. തടവുകാരുടെ സുരക്ഷ, ഭക്ഷണം, അടിസ്ഥാനസൗകര്യ വികസനം, ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും ചെലവുകൾ..അങ്ങനെയങ്ങനെ... അതൊക്കെ എങ്ങനെ തടവുകാരിലൂടെതന്നെ തിരിച്ചുപിടിക്കാം ഒപ്പം അവരെ നല്ലമനുഷ്യരായി സമൂഹത്തിലേക്ക് തിരിച്ചുവിടാം എന്ന ചിന്തയിൽ നിന്ന് രൂപപ്പെട്ടതാണ് ചപ്പാത്തി വിപ്ലവവും ചെരിപ്പ് നിർമാണ യൂണിറ്റുമൊക്കെ. ഒരുപക്ഷേ രാജ്യത്ത് കേരളത്തിന് മാത്രം അവകാശപ്പെടാവുന്ന നേട്ടം.

കേരളത്തിലെ ജയിലുകളിൽ വസിക്കുന്നവർ തിന്മകളിൽ നിന്നും നന്മയിലേക്ക് നടത്തുന്ന യാത്രയ്‌ക്കൊപ്പം പുതിയ തൊഴിൽ സംസ്‌കാരവും വളരുന്നുണ്ട്.


രണ്ടുരൂപ ചപ്പാത്തി വിപ്ലവം

ചപ്പാത്തി രണ്ടു രൂപ. 20രൂപ കൊടുത്താൽ ഒരു ചെറിയ കുടുംബത്തിനുള്ള ഭക്ഷണം. ഒപ്പം കിട്ടുന്ന നല്ല വെജിറ്റബിൾ കുറുമയ്ക്ക് 15 രൂപ. മുട്ടക്കറിയ്‌ക്കും 15രൂപ, ചിക്കൻ കറിക്ക് 25രൂപ, ചില്ലി ചിക്കന് 60. അതും പോരെങ്കിൽ വെറും 65 രൂപയ്ക്ക് ചിക്കൻ ബിരിയാണിയുണ്ട്, . 20രൂപയ്ക്ക് വാങ്ങുന്ന കുടിവെള്ളം 10രൂപയ്ക്കും... കഴിഞ്ഞ ഏതാനും വർഷമായി കേരളത്തിലെ ജയിലുകളിൽ നിന്നുള്ള വാർത്തയാണിത്. കോഴിക്കോട് ജില്ലാ ജയിലിൽ മാത്രം ചപ്പാത്തിയും കറികളും വിറ്റഴിച്ചതിലൂടെ നേടിയത് രണ്ടേകാൽക്കോടിയോളം രൂപ. ഫണ്ടിന്റെ അപര്യാപ്തതകാരണം വീർപ്പുമുട്ടുന്ന ജയിലുകൾക്ക് സ്വന്തമായ വരുമാനമാർഗം. ഒപ്പം നഗരങ്ങളിൽ എത്തുന്നവർക്കും സാധാരണക്കാർക്കും ചെറിയ ചെലവിൽ മികച്ച ഭക്ഷണവും. ജയിലിനോട് ചേർന്ന ഒറ്റകൗണ്ടറിലായിരുന്നു ആദ്യകാല വിൽപനയെങ്കിൽ ഇപ്പോൾ മിഠായിത്തെരുവിലും സിവിൽസ്റ്റേഷനിലും പുതിയ സ്റ്റാൻഡിലുമായി മൂന്ന് പ്രത്യേക കൗണ്ടറുകളും ഒരു സഞ്ചരിക്കുന്ന ചപ്പാത്തിവണ്ടിയും. വിവിധ ജില്ലാ ജയിലുകളിൽ പദ്ധതി വിജയകരമായെങ്കിലും നാല് സ്ഥലങ്ങളിൽ യൂണിറ്റുകളും സഞ്ചരിക്കുന്ന വണ്ടിയും കോഴിക്കോടിന് മാത്രം സ്വന്തം.

ഫ്രീഡം ഫുഡ്

'ഫ്രീഡം ഫുഡ് ' എന്നാണ് ഭക്ഷ്യപദ്ധതിയുടെ പേര്. ജില്ലാ ജയിൽ ഇതുവരെ വിറ്റതിന്റെ കണക്ക് 2,13,84,951 രൂപ. ദിവസവും 1500 ലധികം ആളുകളാണ് ജയിൽ ഭക്ഷണം വാങ്ങാനെത്തുന്നത്. 5000 മുതൽ 6000 വരെ ചപ്പാത്തികളും 200 ഓളം ബിരിയാണിയും, നൂറോളം ചില്ലിചിക്കനും ദിവസവും വിറ്റുപോകുന്നു. പ്രതിദിനം 30000മുതൽ 40000 രൂപയുടെ ഭക്ഷണമാണ് വിൽക്കുന്നത് . കൊവിഡിന് മുമ്പ് ഇത് അരലക്ഷത്തിലധികമായിരുന്നു. വിലക്കുറവും ഗുണമേന്മയുമാണ് ജയിൽ ചപ്പാത്തിക്ക് ആരാധകരേറാൻ കാരണം. ജയിൽ ചപ്പാത്തിയും ജയിൽ ബിരിയാണിയും ഹിറ്റായതോടെയാണ് പുതിയറ ജില്ലാ ജയിൽവളപ്പിൽ നിന്ന് മിഠായിത്തെരുവ് , സിവിൽ സ്റ്റേഷൻ, പുതിയ ബസ്റ്റാൻഡ് എന്നിവിടങ്ങളിലേക്കും കൗണ്ടറുകൾ വ്യാപിപ്പിച്ചത്. രാവിലെ എട്ടുമണി മുതൽ വൈകിട്ട് ഏഴുമണി വരെ ജയിലുദ്യോഗസ്ഥർ വാഹനങ്ങളിലെത്തി ഭക്ഷണം വിൽക്കും.

കോഴിക്കോട്ട്

2011ൽ തുടക്കം

2011ലാണ് കോഴിക്കോട് ജില്ലാജയിലിൽ ഭക്ഷണ കൗണ്ടർ ആരംഭിച്ചത്. ചപ്പാത്തി, പച്ചക്കറി, മുട്ടക്കറി, ചിക്കൻ കറി,ചില്ലി ചിക്കൻ, ചിക്കൻ ബിരിയാണി, കുടിവെള്ളം തുടങ്ങിയവയാണ് പ്രധാന ഭക്ഷണം. തടവുകാരായ 10 പേരാണ് ഭക്ഷണം പാകം ചെയ്യുന്നത്. 170 രൂപയാണ് ഇവരുടെ കൂലി. തടവുകാരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന പാചകക്കൂലി ശിക്ഷ കഴിഞ്ഞ് തിരികെ പോകുമ്പോൾ നൽകും. കൊവിഡ് പ്രതിസന്ധിയിൽ തടവുകാർ പരോളിൽ പോയതോടെ ജയിലിലെ പല പദ്ധതികളും ഭാഗികമായി മുടങ്ങിയിരുന്നു. തടവുകാർ തിരിച്ചെത്തിയതോടെ എല്ലാം സജീവമായി. തുടക്കത്തിൽ ജയിൽ ചപ്പാത്തി പുറത്തിറങ്ങിയപ്പോൾ ആവശ്യക്കാർ വളരെക്കുറവായിരുന്നു. രണ്ടുരൂപ ചപ്പാത്തി പുറത്തിറങ്ങിയപ്പോൾ പാരയാകുമെന്ന് കരുതി ഹോട്ടലുകാരുടെ ഇടപെടലും ഇതിന് പിന്നിലുണ്ടായിരുന്നു. വലിയ പ്രഖ്യാപനവുമായി തുടങ്ങിയത് നിറുത്തേണ്ടിവരുമോ എന്നുപോലും ആലോചനയുണ്ടായി. എന്നാൽ ജയിൽവകുപ്പും ഉദ്യോഗസ്ഥരും കൂടെ ഉറച്ചുനിന്നു. തടവുകാർ മായം കലർത്തുമോ എന്ന് പേടിയുണ്ടെങ്കിൽ അവരും തങ്ങളും ഈ ഭക്ഷണമാണ് കഴിക്കുന്നതെന്ന ഉദ്യോഗസ്ഥരുടെ വിളിച്ചുപറയൽ കുപ്രചരണങ്ങളേയെല്ലാം തള്ളിക്കളഞ്ഞു. ഒടുക്കം ഒറ്റകൊല്ലം കൊണ്ടുതന്നെ പദ്ധതി ഹിറ്റായി. വിവാഹം പോലുള്ള പാർട്ടികൾക്ക് ഓർഡർ വന്നു. നഗരത്തിലെ ചില ഹോട്ടലുകാർ രണ്ടുരൂപയ്ക്ക് ചപ്പാത്തിവാങ്ങി ഹോട്ടലുകളിൽ 10രൂപയ്ക്ക് വിൽക്കുന്ന സ്ഥിതിയുമായി.

നല്ല നടപ്പിന്

നല്ല ചെരിപ്പുകളും

ഫ്രീഡം ഫുഡിന് പിന്നാലെയാണ് ഹവായ് ചെരിപ്പ് നിർമ്മാണ യൂണിറ്റ് ജയിലിൽ ആരംഭിച്ചിരിക്കുന്നത്. 'ഫ്രീഡം ഹവായ് ചപ്പൽസ് ' എന്ന് പേരിട്ടിരിക്കുന്ന ചപ്പലുകളാണ് നിർമിക്കുന്നത്. തടവുകാരുടെ ക്ഷേമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മാനുവൽ ചപ്പൽ മെഷീനുകൾ ജയിലിൽ സ്ഥാപിച്ചിരിക്കുന്നത്. കോഴിക്കോട് ഫൂട്ട് വെയർ ഡിസൈൻ ആൻഡ് ഡെവലപ്പ്‌മെന്റ് സെന്ററിൽ നിന്ന് പരിശീലനം ലഭിച്ച നാല് തടവുകാരാണ് ചെരിപ്പ് നിർമ്മിക്കുന്നത്. ചുവപ്പ്, പച്ച, നീല നിറങ്ങളിലും 6,7,8,9,10 സൈസുകളിലും ചെരിപ്പുകൾ ലഭ്യമാണ്. രണ്ട് മാസമായി ആരംഭിച്ച ചെരിപ്പ് നിർമാണ യൂണിറ്റിൽ ദിവസവും 30 മുതൽ 50 വരെ ചെരിപ്പുകൾ നിർമിക്കും. ജയിലിലെ കൗണ്ടർ കൂടാതെ നഗരത്തിൽ പ്രവർത്തിക്കുന്ന ജയിൽ വകുപ്പിന്റെ നാലോളം ഭക്ഷണ കൗണ്ടറുകൾ വഴിയും ചെരിപ്പ് ലഭിക്കും. വരുമാനത്തോടൊപ്പം തടവുകാർക്ക് തൊഴിൽ പരിശീലനം കൂടി ലക്ഷ്യമാക്കിയാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. നിലവിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലാണ് ചെരിപ്പ് നിർമാണ യൂണിറ്റുള്ളത്. 100 രൂപയാണ് ഫ്രീഡം ചെരിപ്പിന്റെ വില. അടുത്ത ഘട്ടത്തിൽ 80 രൂപയ്ക്ക് വിൽക്കാനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിയിൽ നിന്നാണ് ചെരിപ്പ് നിർമാണത്തിനാവശ്യമായ റബർ ഷീറ്റുകളും സ്ട്രാപ്പുകളും എത്തുന്നത്. രണ്ടുലക്ഷം രൂപ ചെലവഴിച്ചാണ് നാലോളം യന്ത്രങ്ങളും അസംസ്‌കൃത വസ്തുക്കളും വാങ്ങിയത്. കൊവിഡിന് മുൻപേ ചെരിപ്പ് നിർമാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കൾ ജയിലിൽ എത്തിച്ചിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധിയിൽ ചെരിപ്പ് നിർമാണം നീണ്ടപോവുകയായിരുന്നു. പരോളിലിറങ്ങിയ തടവുകാരെല്ലാം തിരിച്ചെത്തിയതോടെയാണ് ചെരിപ്പ് നിർമ്മാണം സജീവമായത്. ഇതിനായി രണ്ടാംഘട്ടത്തിൽ 16000 രൂപയാണ് അനുവദിച്ചത്. ഫാൻസി ചെരുപ്പുകൾ, പ്രമേഹ രോഗികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ചെരുപ്പുകൾ എന്നിവയും നിർമിക്കാനുള്ള ആലോചനയിലാണ് ജയിൽ അധികൃതർ.വലിയൊരു വിപ്ലവമാണ് കേരളത്തിലെ ജയിലുകളിൽ നടക്കുന്നത്. ആദ്യഘട്ടത്തിൽ സെൻട്രൽ ജയിലുകളും ജില്ലാ ജയിലുകളും മാത്രമാണ് പദ്ധതി ഏറ്റെടുത്തിരിക്കുന്നതെങ്കിലും കേരളത്തിലെ മുഴുവൻ ജയിലുകളിലും പദ്ധതി നടപ്പിലാക്കണം.

TAGS: JAIL CHAPATHI AND CHAPPAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.