SignIn
Kerala Kaumudi Online
Friday, 26 April 2024 4.11 PM IST

ഈ പറക്കും തളിക

varavisesham

മഹാസാധു പിണറായി സഖാവും ബാലഗോപാൽ സഖാവും വളരെ കഷ്ടത്തിലായിട്ടുകൂടി ആളുകളെയും സകല ചരാചരങ്ങളെയും പറപ്പിക്കാനാണ് ഉത്‌കടമായി ആഗ്രഹിക്കുന്നത്. മുണ്ട് മുറുക്കിയുടുത്താലും വയർ പിന്നെയുമൊട്ടി ഉടുമുണ്ടും അഴിഞ്ഞുവീഴുന്ന അവസ്ഥയിലാണ് പിണറായി സഖാവും ബാലഗോപാൽ സഖാവും നിൽക്കുന്നത്. അങ്ങേയറ്റം ദയനീയമാണ് അവസ്ഥ. എന്നിരുന്നാലും അത് ആളുകളെക്കൊണ്ട് പറയിപ്പിക്കരുതല്ലോ.

നമ്മുടെ ആളുകൾ പൊതുവേ പറക്കുന്നതിനോട് വളരെ താത്‌പര്യമുള്ളവരാണെന്ന് പിണറായി സഖാവിനും ബാലഗോപാൽ സഖാവിനും അറിയാം. പട്ടം പറത്താൻ വലിയ ആഗ്രഹം നമ്മുടെ ആളുകളിൽ കലശലാണ്. ഇക്കാര്യവും പിണറായി സഖാവിന് നല്ലതുപോലെ ബോദ്ധ്യമുള്ളതാണ്. ഈയിടയ്ക്ക് മഴ ന്യൂനമർദ്ദം കന്യാകുമാരിയിൽ വരുന്നെന്ന് കേട്ടപ്പോൾ ആരും പട്ടം പറത്തരുതെന്ന മുന്നറിയിപ്പ് നല്‌കാൻ പിണറായി സഖാവ് തുനിഞ്ഞത് അതുകൊണ്ടായിരുന്നു. "റാകിപ്പറക്കുന്ന ചെമ്പരുന്തേ,​ നീയുണ്ടോ മാമാങ്ക വേല കണ്ടൂ,​ വേലയുംകണ്ടു വിളക്കും കണ്ടു,​ കടൽത്തിര കണ്ടു കപ്പൽ കണ്ടു..." എന്ന പാട്ട് പാടാത്ത ആരും നമ്മുടെ കൂട്ടത്തിലുണ്ടെന്ന് പറയാനാവില്ല. ചെമ്പരുന്ത് റാകിപ്പറക്കുന്നത് പോലെ പറക്കാൻ കൊതിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നിട്ട് മാമാങ്കവും വേലയും വിളക്കും കടൽത്തിരയും കണ്ട് രസിക്കുകയും ചെയ്യും.

ഈ പറക്കൽ അഭിനിവേശം മനസിലാക്കി പ്രവർത്തിക്കാൻ പിണറായി സഖാവ് ബാലഗോപാൽ സഖാവിനോട് ചട്ടംകെട്ടിയത് പറക്കാനാഗ്രഹിക്കുന്ന മനുഷ്യന്മാരോടുള്ള കരുതൽ ഒന്നുകൊണ്ട് മാത്രമായിരുന്നു. അതുകൊണ്ട് ബാലഗോപാൽസഖാവ് അക്കാര്യം പ്രഖ്യാപിച്ചു. പിണറായി സഖാവിന്റെ നിർദ്ദേശാനുസരണം കാസർകോട് തൊട്ട് തിരുവനന്തപുരം വരെയും എയർസ്ട്രിപ്പ് പണിയാനുള്ള ഏർപ്പാട് ബാലഗോപാൽസഖാവ് ചെയ്തിരിക്കുകയാണ്. കാസർകോട്ട് തൊട്ട് തിരുവനന്തപുരം വരെയുള്ള പറക്കലിന് ആകാശ സ്ട്രിപ്പ് പണിയാൻ പ്രത്യേക കമ്പനിയുണ്ടാക്കുമെന്നാണ് കഴിഞ്ഞദിവസം നിയമസഭയിൽ അവതരിപ്പിച്ച ബഡ്ജറ്റിൽ ബാലഗോപാൽസഖാവ് പ്രഖ്യാപിച്ചിരിക്കുന്നത്.

പറക്കൽ പ്രക്രിയ അനുസ്യൂതം തുടരാൻ ശേഷിയും ശേമുഷിയുമുള്ള നമ്മൾക്ക് ചുട്ടകോഴിയെ വേണമെങ്കിൽ പറപ്പിക്കാൻ സാധിക്കും. അങ്ങനെ പറപ്പിക്കാൻ കെല്പുള്ള വർഗത്തെ ഒരു എയർസ്ട്രിപ്പിൽ നിന്ന് മറ്റൊന്നിലേക്ക് പറപ്പിക്കാൻ പിണറായി സഖാവും ബാലഗോപാൽ സഖാവും താത്‌പര്യപ്പെടുന്നെങ്കിൽ അവരിലെ സഹൃദയമനസിനെ നമ്മൾ മാനിക്കുകയാണ് വേണ്ടത്.

ഈയൊരു സവിശേഷത കൊണ്ട് മാത്രം ബാലഗോപാൽ സഖാവ് അവതരിപ്പിച്ച ബഡ്ജറ്റിന് പറപ്പിക്കൽ ബഡ്ജറ്റ് എന്ന ഓമനപ്പേര് വീഴുകയുണ്ടായി. ചുട്ടകോഴിയെ പറപ്പിക്കും പോലെ നമ്മളെ ഓരോരുത്തരെയും പറപ്പിക്കാൻ തന്നെയാണ് ബാലഗോപാൽ സഖാവിന്റെ നിശ്ചയദാർഢ്യത്തോടെയുള്ള തീരുമാനമെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. പറന്ന്, പറന്ന് ഫുൾടൈം എയറിൽ നിൽക്കാൻ നമ്മളെ പര്യാപ്തമാക്കുമെന്ന ദൃഢപ്രതിജ്ഞ പിണറായി സഖാവിന്റെ ആജ്ഞാനുസാരം ബാലഗോപാൽസഖാവ് എടുത്തുകഴിഞ്ഞിട്ടുണ്ട്. പട്ടിണി കിടന്നിട്ടായാലും അത് ചെയ്യുമെന്ന് തന്നെയാണ്, ഊർന്നുവീഴാൻ നിൽക്കുന്ന ഉടുമുണ്ട് തെറുത്തുകയറ്റിപ്പിടിച്ച് കൊണ്ട് പിണറായിസഖാവും ബാലഗോപാൽസഖാവും ഒറ്റശ്വാസത്തിൽ പറയുന്നത്. പതിനെട്ട് അക്ഷൗഹിണിപ്പടയുടെ അകമ്പടിയോടെ ആളുകളെ ആകാശത്ത് പറപ്പിക്കുന്നതാണ് ഉചിതമെന്ന് പിണറായിസഖാവിന് വിദഗ്ദോപദേശം കിട്ടിയത് കാരണമാണ് എയർസ്ട്രിപ്പ് പണിയുന്നതെന്ന് ചിലർ പറയുന്നുണ്ട്. അതെത്രത്തോളം ശരിയാണെന്ന് പറയാനാവില്ല. പിണറായിസഖാവിന്റെ ഈ വിഹാരം എന്നത് ചെലവ് തീരേ കുറഞ്ഞ ഏർപ്പാടാണ്. അദ്ദേഹം അങ്ങനെ ആർഭാടം ആഗ്രഹിക്കുന്നയാളല്ല. സാഹചര്യത്തിന്റെ സമ്മർദ്ദം ഏത് സസ്യഭുക്കിനെയും നരഭോജിയാക്കാറുണ്ടെങ്കിലും പിണറായിസഖാവ് അങ്ങനെയല്ല.

ഏതായാലും പറപ്പിക്കൽ യജ്ഞം ഏറ്റെടുത്തതിന്റെ ഒരു ബഹിർസ്ഫുരണം ബഡ്ജറ്റ് പ്രസംഗത്തിൽ കാണാൻ സാധിക്കുന്നുണ്ടെന്ന് പറക്കൽശാസ്ത്രത്തിൽ ഗവേഷണം നടത്തിയിട്ടുള്ള പ്രമുഖരായ ശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നു. പെട്രോളിനും ഡീസലിനും രണ്ട് രൂപാ സെസ് ഏർപ്പെടുത്തിയത് പറക്കാനുള്ള ആഗ്രഹത്തെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ്. ഉപ്പുതൊട്ട് കർപ്പൂരം വരെ സകലതും പറക്കട്ടെ. മണ്ണും വിണ്ണും പറക്കട്ടെ. സകലചരാചരങ്ങളും പറന്നുല്ലസിക്കട്ടെ.

ജി.സുധാകരൻ സഖാവ് കിംഫി എന്ന ഓമനപ്പേരിട്ട് വിളിച്ച കിഫ്ബിക്കകത്തെ ശമ്പളച്ചെലവ് മാത്രം കൊണ്ട് നൂറ് എയർസ്ട്രിപ്പ് പണിയാമെങ്കിലും അതിനെ തൊടാതെയുള്ള എയർസ്ട്രിപ്പാണ് ആരോഗ്യത്തിന് നല്ലതെന്ന് ചിന്തിക്കാനുള്ള മാനസികാവസ്ഥയാണ് എല്ലാവർക്കും നല്ലത്.

....................................

- ന.മോ.ജി, അമിത് ഷാജി, നിർമലാസീതാരാമൻജി എന്നിവരെ പിടിക്കാൻ വിധിക്കപ്പെട്ട പിണറായി സഖാവിന്റെയും ബാലഗോപാൽസഖാവിന്റെയും അവസ്ഥ ഒരർത്ഥത്തിൽ കഷ്ടമാണ്. പുലിയുടെ വാലിൽ പിടിച്ചുപോയ അവസ്ഥയാണ്. പുലി ഓടുമ്പോൾ പിറകേ ഓടണം. പുലി ചാടുമ്പോൾ കൂടെ ചാടണം. കടം ഇത്രയേ തരൂ എന്ന് ന.മോ.ജി തൊട്ട് നിർമലാജി വരെയുള്ളവർ പറഞ്ഞാൽ അത്രയേയുള്ളൂ എന്ന് തന്നെയാണർത്ഥം. 'കിംഫി'യുടെ 2700കോടിയും കേന്ദ്രന്റെ കടമായിട്ടേ കരുതൂവെന്ന് നിർമലാജി, ബാലഗോപാൽസഖാവ് ബഡ്ജറ്റ്പെട്ടി തുറക്കുന്നതിന്റെ തലേന്ന് രാവിലെ പറഞ്ഞതോടെയാണ്, അറ്റകൈയ്‌ക്ക് പെട്രോളും ഡീസലും കള്ളും തന്നെ ശരണം എന്ന അവസ്ഥയിലേക്ക് പിണറായി സഖാവും ബാലഗോപാൽസഖാവും എത്തിയതെന്നാണ് പറയുന്നത്. ന.മോ.ജി ഇതൊന്നും അറിയാത്ത മട്ടിൽ ഇരിപ്പാണെങ്കിലും...

ഇ-മെയിൽ: dronar.keralakaumudi@gmail.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA BUDGET
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.