SignIn
Kerala Kaumudi Online
Thursday, 25 April 2024 4.20 PM IST

പാളിപ്പോകുന്ന ഫയൽ യജ്ഞം

photo

ഫയലുകൾ തീർപ്പാകാത്തതിന് ഉദ്യോഗസ്ഥർക്ക് പറയാൻ നിരവധി ന്യായങ്ങളുണ്ടാകും. എന്നാൽ സ്വാധീനമുള്ളവർക്കും കൈമടക്ക് കൊടുക്കാൻ തയ്യാറാകുന്നവർക്കും ഫയലുകൾ വേഗത്തിൽ നീങ്ങുമെന്ന ധാരണ ജനങ്ങളിൽ ശക്തമാണ്. അനുഭവങ്ങളാണ് ഈ ധാരണ ശക്തമാക്കിയത്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രിതന്നെ ഓർമ്മിപ്പിച്ചിട്ടുണ്ടെങ്കിലും അത് ഉൾക്കൊള്ളുന്ന രീതിയിലല്ല ഉദ്യോഗസ്ഥർ ഫയലുകളെ സമീപിക്കുന്നത്. ഓരോ ഫയലും തീർപ്പാകാതിരിക്കാൻ എന്തെല്ലാം കാരണങ്ങളുണ്ട് എന്നതിലാണ് ഉദ്യോഗസ്ഥർ ഉൗന്നൽ നല്‌കുന്നത്.

ഫയലുകളിൽ തീരുമാനമെടുക്കാനുള്ള അധികാരം മുകൾത്തട്ടിൽ മാത്രം കേന്ദ്രീകരിച്ചിട്ടുള്ള ഇന്നത്തെ സംവിധാനമാണ് ആദ്യം മാറ്റേണ്ടത്. പക്ഷേ തീരുമാനമെടുക്കുന്നതിന്റെ ഉത്തരവാദിത്വമേറ്റെടുക്കാൻ താഴെത്തട്ടിലുള്ളവർ ഒരിക്കലും തുനിയാറില്ല. ഒരു ഫയലിൽ ഇത്ര ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് ആരും നിഷ്‌കർഷിച്ചിട്ടുമില്ല. അതിനാൽ സ്വാധീനമില്ലാത്തവരുടെ ഫയലുകൾ ഒച്ചിഴയുന്ന വേഗത്തിൽ പോലും നീങ്ങാറില്ലെന്നതാണ് യാഥാർത്ഥ്യം. ഇത് മാറാൻ ആദ്യം വേണ്ടത് താഴ്‌ന്ന തട്ടിൽത്തന്നെ തീരുമാനമെടുക്കേണ്ട ഫയലുകൾ മുകളിലേക്ക് വിടാൻപാടില്ലെന്ന വ്യവസ്ഥ നടപ്പാക്കുന്ന അധികാര വികേന്ദ്രീകരണമാണ്. സെക്രട്ടേറിയറ്റിൽ സമ്പൂർണ ഇ - ഫയൽ സംവിധാനമാണുള്ളത്. ഫയൽ വേഗത്തിൽ തീർപ്പാക്കാൻ സഹായകമാണിത്. എന്നിട്ടും ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ രണ്ടാം പതിപ്പും ഉദ്ദേശിച്ച ഫലം കാണാതെ പാളിയിരിക്കുകയാണ്. ഡിസംബർ 15 വരെയുള്ള കണക്കനുസരിച്ച് സെക്രട്ടേറിയറ്റിൽ മാത്രം ഇനിയും തീർപ്പാക്കാനുള്ളത് 93,014 ഫയലുകളാണ്. രണ്ടാം യജ്ഞത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായില്ലെന്ന് പറയാനാകില്ല. 1,75,415 ഫയലുകളിൽ 82,401 ഫയലുകൾ അവർ തീർപ്പാക്കി. അതുതന്നെ വലിയ കാര്യം. എന്നാൽ, ഇതുകൂടാതെ വകുപ്പുതലത്തിൽ 7,89,623 ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. ഏറ്റവും കൂടുതൽ ഫയലുകൾ കെട്ടിക്കിടക്കുന്നത് തദ്ദേശവകുപ്പിലാണ്. 2,51,769 ഫയലുകൾ. ഇതിനി എന്ന് തീരുമെന്ന് ചോദിച്ചാൽ ആർക്കും കൃത്യമായ മറുപടി നല്‌കാനില്ല. തെളിവെടുപ്പുകൾ നടത്തേണ്ട ഫയലുകളിൽ അത് നീണ്ടുപോകുന്നത് ഒഴിവാക്കാനുള്ള നടപടി ത്വരിതപ്പെടുത്തിയാൽത്തന്നെ കേസുകളിൽ ഉൾപ്പെട്ടത് ഒഴികെയുള്ളവ തീർപ്പാക്കാനാവും.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അസൗകര്യങ്ങൾ കാരണം നയപരമായ തീരുമാനങ്ങൾ വൈകുന്നതും ഫയൽ തീർപ്പാക്കൽ യജ്ഞത്തിന് തടസമായിട്ടുണ്ട്. മന്ത്രിമാർ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇത്തരം കാര്യങ്ങൾക്ക് കർശനമായി നീക്കിവയ്ക്കണം. ഏതു മന്ത്രിസഭയിലും ഫയൽനീക്കത്തിന് ഏറ്റവും തടസം സൃഷ്ടിക്കുന്നത് ധനവകുപ്പാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ തീരുമാനമെടുക്കാതെ അവർ പല ഫയലുകളും മാറ്റിവയ്ക്കും. ഇതുകൊണ്ട് പ്രത്യേകിച്ച് നേട്ടമൊന്നും ഉണ്ടാകാറില്ല. ഒടുവിൽ ഫയലിലെ സാമ്പത്തിക ആനുകൂല്യം അനുവദിക്കുമ്പോൾ അത്രയും കാലത്തെ കുടിശികകൂടി നല്‌കേണ്ടിവരും. വിവിധ വകുപ്പുകൾ അദാലത്തുകൾ നടത്തിയാൽത്തന്നെ പകുതി ഫയലുകളിൽ തീർപ്പുണ്ടാക്കാനാകും. അത്തരം നീക്കങ്ങൾക്കാണ് ഇനി ഉൗന്നൽ നല്‌കേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PENDING FILES
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.