SignIn
Kerala Kaumudi Online
Saturday, 02 August 2025 5.07 PM IST

പല്ലക്കിലേറാൻ മോഹം , പക്ഷേ ഊന്നിക്കയറാൻ മേല

Increase Font Size Decrease Font Size Print Page

photo

വൈകിട്ട് രണ്ടെണ്ണം വീശുന്നവർക്ക് ഭാര്യമാരുടെ വഴക്കിൽനിന്ന് രക്ഷപ്പെടാൻ നല്ലൊരുപായം കണ്ടെത്തിയിട്ടുണ്ട് ലീഗ് അംഗം ഡോ.എം.കെ.മുനീർ. എന്തിന് കുടിച്ചെന്ന് ചോദിച്ചാൽ, സാമൂഹ്യസുരക്ഷാ പെൻഷനുള്ള വക കണ്ടെത്താൻ സർക്കാരിന് സെസ് കൊടുക്കാനായി കഴിച്ചുപോയതാണെന്ന് ദൈന്യഭാവത്തിൽ പറയുക. ബഡ്ജറ്റ് വരുമ്പോൾ ബാലഗോപാലനെ എണ്ണതേയ്‌പിക്കാൻ കാത്തിരുന്ന ജനങ്ങളെ പെട്രോൾ വിലവർദ്ധനയിൽ കുളിപ്പച്ചതിൽ ധനമന്ത്രിയോടുള്ള കട്ടകലിപ്പും ചിരിച്ചുകൊണ്ടാണ് അദ്ദേഹം പ്രകടിപ്പിച്ചത്.

'പല്ലക്കിലേറാൻ മോഹം , പക്ഷേ ഊന്നിക്കയറാൻ മേല' എന്ന നാട്ടുചൊല്ലിനെ കൂട്ടുപിടിച്ചാണ് മുനീർ സരസമായി സഭയിൽ നിറഞ്ഞാടിയത്. കേന്ദ്രസഹായത്തിൽ പ്രതീക്ഷയർപ്പിച്ച് ബഡ്‌ജറ്റ് തയ്യാറാക്കിയ ധനമന്ത്രി ബാലഗോപാലിനെ തോണ്ടിക്കൊണ്ടായിരുന്നു മുനീറിന്റെ തുടക്കം. അവഗണിക്കുന്നവരിൽ നിന്ന് പ്രതീക്ഷിക്കുന്നവരെ സ്വപ്നാടകർ എന്നല്ലാതെ എന്തുപറയാനെന്ന് മുനീർ പറഞ്ഞപ്പോൾ , ബാലഗോപാലിന്റെ ചുണ്ടിലും ചിരി മിന്നിമാഞ്ഞു.

ബഡ്‌ജറ്റിൽ പൊലീസിനെക്കുറിച്ച് ഒരുവാക്കുപോലും പറഞ്ഞിട്ടില്ലെന്ന് കണ്ടെത്തിയിട്ട് അനുബന്ധമായി ഒരു ആത്മഗതവും 'പറഞ്ഞിട്ടും കാര്യമില്ലെന്ന് ധനമന്ത്രിക്കും അറിയാം.'ക്ളിഫ് ഹൗസിലെ പശു ഇപ്പോൾ റോക്ക് മ്യൂസിക്ക് കേട്ടാണ് രാവിലെ ഉണരുന്നതെന്ന സത്യവും അദ്ദേഹം വെളിപ്പെടുത്തി. തൊഴുത്തിൽ എ.സി വയ്ക്കാൻ വൈകരുതെന്നും ഓർമിപ്പിച്ചു. ക്യാബിനറ്റ് പദവി സ്വപ്നംകണ്ട് ഡൽഹിക്ക് പോയ കെ.വി തോമസ് അഞ്ചുലക്ഷത്തിന്റെ വാടകവീട് അന്വേഷിച്ച് ഓടിനടക്കുന്ന കാര്യവും ചിന്തജെറോമിന്റെ റിസോർട്ട് വാസവുമെല്ലാം കിട്ടിയ സമയത്തിനുള്ളിൽ പരാമർശിക്കാനും അദ്ദേഹം മറന്നില്ല.

മനസിൽ തോന്നുന്നത് മറയില്ലാതെ പറയുമെങ്കിലും മുസ്ലീം ലീഗ് അംഗം പി.കെ.ബഷീർ ആളൊരു പാവത്താനാണ്. സഭയിൽ രണ്ടുവാക്ക് പറയാൻ എഴുന്നേറ്റാൽ പിന്നെ വല്ലാത്തൊരു ആവേശമാണ് ബഷീറിന്. ആവേശത്തിൽ പറയാനുള്ളത് പലപ്പോഴും പാതിവഴിയിൽ വിഴുങ്ങും. ഇരന്നു തിന്നുവനെ തുരന്നു തിന്നുന്ന ബഡ്‌ജറ്റാണെന്ന കാര്യത്തിൽ ബഷീറിന് ലവലേശം സംശയമില്ല. 'ലൈഫ് 'എന്ന വാക്കിന് ജീവൻ , ജീവിതം എന്നൊക്കെയാണ് നിഘണ്ടുവിലെ അർത്ഥം. എന്നാൽ പി.കെ.ബഷീർ നിയമസഭയിൽ അതിനൊരു ഭേദഗതി വരുത്തി, കാത്തിരിപ്പ്. സർക്കാരിന്റെ ലൈഫ് പദ്ധതിയെ തോണ്ടാനായിരുന്നു ബഷീറിന്റെ ഭേദഗതി. പദ്ധതിയെക്കുറിച്ച് പരത്തി, പടർത്തി പറഞ്ഞ് ഒക്കെ കുരുവാക്കുകയാണെന്നും ലൈഫ് പദ്ധതിയിലെ വീടുകളുടെ കണക്ക് എത്രയെന്നുമൊക്കെ ചോദിച്ച് അദ്ദേഹം രോഷം കൊണ്ടപ്പോൾ , മന്ത്രി എം.ബി.രാജേഷ് ചെറിയൊരു തടയിട്ടു. ബഷീറിന്റെ എടവണ്ണൂർ പഞ്ചായത്തിൽ 200 വീടുകളും എ.പി.അനിൽകുമാറിന്റെ വണ്ടൂർ മണ്ഡലത്തിലെ വണ്ടൂർ പഞ്ചായത്തിൽ 102 വീടുകളും തീർത്തെന്നു പറഞ്ഞപ്പോൾ ബഷീർ ഒന്നുനിശ്വസിച്ചു. പ്രളയകാലത്ത് കെ.പി.സി.സി പ്രഖ്യാപിച്ച 1000 വീടുകളുടെ സ്ഥിതിയെക്കുറിച്ച് രാജേഷ് പറഞ്ഞു തുടങ്ങിയതോടെ പ്രതിപക്ഷബെഞ്ചുകളിൽ നിന്ന് ഇരമ്പൽ തുടങ്ങി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മന്ത്രി രാജേഷും തമ്മിലായി കുറച്ചുനേരം വാദപ്രതിവാദം.

ബഡ്‌ജറ്റിന്റെ പേരിൽ ജനങ്ങളെ നോവിക്കാതെ എങ്ങനെ നികുതി പിരിക്കാമെന്നതിന്റെ സൂത്രപ്പണി, കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ നിന്ന് തിരഞ്ഞുപിടിച്ചാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ധനമന്ത്രിക്ക് ഓതിക്കൊടുത്തത്. 'തുമ്പി പൂവിൽനിന്ന് തേൻ നുകരുന്നതുപോലെ , പൂവറിയാതെ നുകരണം' എന്നു പറഞ്ഞത് ബാലഗോപാൽ ആസ്വദിച്ചെങ്കിലും ഇവിടെ ചെടിയെടുത്തു ചവിട്ടിയരയ്ക്കുകയാണ് ധനമന്ത്രിയെന്ന ബാക്കിഭാഗം കേട്ടതോടെ കഷായം കുടിച്ചതുപോലായി. ജി.എസ്.ടി കാലത്തെ കോമ്പൻസേഷൻ ആലസ്യത്തിലാണ് സർക്കാരെന്നും സതീശൻ നിഷ്കരുണം പറഞ്ഞു.

വീടിന്റെപേരിൽ കെ.പി.സി.സിക്കിട്ടു താങ്ങിയ മന്ത്രി രാജേഷിനോടുള്ള നീരസവും ഈ ഘട്ടത്തിൽ അദ്ദേഹം പ്രകടമാക്കി. മുകളിൽനിന്ന് താഴെയിറങ്ങിയിരിക്കുന്ന മന്ത്രി അതിലും തറയാവരുതെന്നായിരുന്നു സതീശന്റെ ഉപദേശം. ഇതിലുള്ള പരിഭവം രാജേഷ് ചെയറിനെ ബോധിപ്പിച്ചു. സഭയിൽനിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോകും മുമ്പ് തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചാണ് സതീശൻ മാന്യത കാട്ടിയത്.

അല്പം ആംഗലേയ ചേരുവചേർത്ത് സഭ നിയന്ത്രിക്കുന്ന സ്പീക്കർ എ.എൻ.ഷംസീർ ഇന്നലെ എഫ്.എം സംസാരിക്കൂ എന്ന് പറഞ്ഞപ്പോൾ പലർക്കും പിടികിട്ടിയില്ല. ചർച്ചയ്ക്ക് മറുപടി പറയാൻ ധനമന്ത്രി എഴുന്നേറ്റപ്പോഴാണ് എഫ്.എം ഫിനാൻസ് മിനിസ്റ്ററുടെ ചുരുക്കമാണെന്ന് സാമാജികർക്ക് പിടികിട്ടിയത്. ഇനി എം.ആർ എന്നും എം.എ എന്നുമൊക്കെ പറഞ്ഞാൽ റവന്യു, കൃഷിമന്ത്രിമാരാണെന്ന് ധരിച്ചോളണം.

വാർത്തകൾകണ്ട് നികുതി കുറയ്ക്കുമെന്ന പ്രതീക്ഷയിൽ സഭാകവാടത്തിൽ സമരമിരിക്കുന്നതുകണ്ട് ഇളവുകൾ വരുത്താനാവില്ലെന്ന് ധനമന്ത്രി നിർദ്ദാക്ഷണ്യം പറഞ്ഞതോടെ വിങ്ങിപ്പൊട്ടുന്ന മനസുമായാണ് പ്രതിപക്ഷം സഭവിട്ടത്.

TAGS: NIYAMASABHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.