SignIn
Kerala Kaumudi Online
Thursday, 19 September 2024 10.34 AM IST

നാടകാന്തം നടുത്തളം (പ്രതിപക്ഷം വക)

Increase Font Size Decrease Font Size Print Page

photo

'നികുതിക്കൊള്ള ', 'പിടിച്ചുപറി ', 'പോക്കറ്റടി ' എന്ന് നീളത്തിൽ എഴുതിപ്പിടിപ്പിച്ച ബാനറും കുറേ പ്ലക്കാർഡുകളും പിടിച്ച് പ്രതിഷേധജാഥയായി എം.എൽ.എ ഹോസ്റ്റലിൽനിന്ന് നിയമസഭയിലേക്ക് നടന്നുവന്ന പ്രതിപക്ഷം ഉദ്ദേശലക്ഷ്യം മറച്ചുവച്ചില്ല.

കഴിഞ്ഞ ദിവസത്തെ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ മറുപടിപ്രസംഗത്തോടെ ബഡ്ജറ്റിൽ കൂട്ടിയ നികുതി- സെസാദികളൊന്നും ഇനി കുറയാൻ പോകുന്നില്ലെന്ന നഗ്നസത്യം അവർക്ക് ബോദ്ധ്യപ്പെട്ടു. അറുത്ത കൈയ്‌ക്ക് ഉപ്പ് തേക്കാത്ത പ്രകൃതമാണ് ഈ സർക്കാരിനെന്ന് അവരുറപ്പിച്ച സ്ഥിതിക്ക് സഭയ്ക്കകത്ത് അറ്റകൈ പ്രയോഗമല്ലാതെ വേറെ വഴിയില്ലായിരുന്നു.

രാവിലെ ഒൻപതിന് സുസ്മേരവദനനായി കടന്നുവന്ന സ്പീക്കർ എ.എൻ.ഷംസീറിനോട് ഗുഡ് മോണിംഗ് ഒക്കെ പറഞ്ഞെങ്കിലും അദ്ദേഹം വന്നപാടേ ചോദ്യോത്തരവേളയിലേക്ക് പ്രവേശിച്ചു. ഒപ്പം പ്രതിപക്ഷാംഗങ്ങൾ ബഹളത്തിലേക്കും. ആദ്യ ചോദ്യത്തിന് ഉത്തരം നൽകാനായി മന്ത്രി എം.ബി. രാജേഷ് എഴുന്നേറ്റു. പ്രതിഷേധവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശനും:

" സർ, ഈ ബഡ്ജറ്റിലെ നികുതി വർദ്ധനയ്‌ക്കെതിരെ ഞങ്ങളുടെ നാല് സഹപ്രവർത്തകർ ഇവിടെ സത്യഗ്രഹമിരിക്കുകയാണ്. നികുതി വർദ്ധന പിൻവലിച്ചില്ലെന്ന് മാത്രമല്ല, സമരം ചെയ്യുന്ന സഹപ്രവർത്തകരെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തിരിക്കുന്നു മന്ത്രി. ജനജീവിതത്തെ ദുരിതത്തിലാക്കുന്ന, കേരളജനതയുടെ ജീവിതക്രമത്തിന്റെ താളംതെറ്റിക്കുന്ന അശാസ്ത്രീയമായ നികുതിവർദ്ധനയോട് ശക്തമായ എതിർപ്പ് ഞങ്ങളിവിടെ രേഖപ്പെടുത്തുകയാണ്."

പിന്നാലെ പ്രതിപക്ഷത്തെ പിൻനിര അംഗങ്ങളെല്ലാവരും നടുത്തളത്തിലേക്കിറങ്ങി മുദ്രാവാക്യംവിളി തുടങ്ങി. കൊണ്ടുവന്ന നീളൻ ബാനർ സ്പീക്കറുടെ ഡയസിന് കുറുകെ നിവർത്തിപ്പിടിച്ചു. ചിലർ ഡയസിൽ പിടിച്ചുകയറിനിന്ന് സ്പീക്കറോട് കയർത്തു. ഇത് അവരുടെ ഡ്യൂട്ടിയെന്ന മട്ടിൽ അവഗണിച്ച്, സ്പീക്കർ ആദ്യ ചോദ്യത്തിന് മന്ത്രി എം.ബി. രാജേഷിനെ വീണ്ടും മറുപടിക്ക് ക്ഷണിച്ചു. ചോദ്യങ്ങളുന്നയിക്കാൻ എഴുന്നേറ്റ ചില ഭരണകക്ഷിയംഗങ്ങൾ മന്ത്രിയോടുള്ള ചോദ്യമെന്ന വ്യാജേന നടുത്തള ബഹളക്കാരെ കുത്തിനോവിക്കാനുള്ള 'പ്രത്യേക കരുതലും' കാട്ടി. 'പ്ലീസ്, പ്ലീസ് ഗോ ടു ദ സീറ്റ് ' എന്ന് ഇടയ്ക്ക് സ്പീക്കർ പ്രതിപക്ഷത്തെ ഉപദേശിച്ചെങ്കിലും അതിൽ പ്രയോജനമുണ്ടാവില്ലെന്ന് അദ്ദേഹത്തിന് നല്ല ബോദ്ധ്യമുള്ളതുപോലെ തോന്നി. സ്പീക്കറുടെ നിസംഗത കണ്ട പ്രതിപക്ഷനേതാവിന് സഹികെട്ടു. "സാധാരണ ഇങ്ങനെ പ്രതിപക്ഷ പ്രതിഷേധമുണ്ടാകുമ്പോൾ ചോദ്യോത്തരവേള സസ്പെൻഡ് ചെയ്യുന്നതാണ് കീഴ്‌വഴക്കം. അങ്ങ് അത് ചെയ്യണം "- സ്പീക്കറെ നോക്കി പ്രതിപക്ഷനേതാവ് വിളിച്ചുപറഞ്ഞു. ഞാനേതോ മാവിലായിക്കാരൻ എന്ന മട്ടിലായിരുന്നു അപ്പോൾ സ്പീക്കർ.

"ഓണറബിൾ എൽ.ഒ.പി, നിങ്ങൾ ഫ്ലോർ ഒന്ന് ഓർഡറിലാക്ക്" - സ്പീക്കർ ഇടയ്ക്ക് ഒന്നുകൂടി പറഞ്ഞു. എൽ.ഒ.പി എന്നത് പ്രതിപക്ഷനേതാവിനെ തന്നെ. ലീഡർ ഒഫ് ഒപ്പോസിഷൻ. സ്പീക്കർ ഷംസീർ ഇപ്പോൾ എല്ലാവരെയും ചുരുക്കപ്പേരിൽ വിളിക്കാൻ താത്‌പര്യപ്പെടുന്നു, നല്ല കാര്യം!

രണ്ടാമത്തെ ചോദ്യത്തിനും ഉപചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ ആരോഗ്യമന്ത്രി വീണാജോർജ് പൂർത്തിയാക്കിയപ്പോൾ ഒൻപത് മണിയും 29 മിനിറ്റും പിന്നിട്ടു. "ഇവിടെ ചോദ്യങ്ങളായി വന്നത് റീസന്റ് ഇഷ്യൂസാണ്. നിരവധി തവണ ചെയർ അഭ്യർത്ഥിച്ചിട്ടും ഒരുവിധത്തിലും സഹകരിക്കുന്നില്ല. അതുകൊണ്ട് ചോദ്യോത്തരവേളയുടെ ബാക്കിഭാഗം റദ്ദ് ചെയ്യുന്നു. ശ്രദ്ധക്ഷണിക്കൽ പ്രമേയങ്ങൾക്കും ഉപക്ഷേപങ്ങൾക്കുമുള്ള മറുപടി മേശപ്പുറത്ത് വയ്ക്കുന്നു"- സ്പീക്കർ നയം വ്യക്തമാക്കി.

റിപ്പോർട്ടുകളുടെ സമർപ്പണവും മാർച്ച് 31ന് അവസാനിക്കാൻ പോകുന്ന ഈ സാമ്പത്തികവർഷത്തേക്കുള്ള അവസാനത്തെ ചെലവിലേക്കുള്ള ഉപധനാഭ്യർത്ഥനകളും ബഹളത്തിനിടയിൽ ചർച്ചയൊന്നുമില്ലാതെ എളുപ്പം പാസാക്കി സഭ 27ന് ചേരുന്നതിനായി പിരിഞ്ഞു. സമയം ഒൻപത് മണി കഴിഞ്ഞ് 50 മിനിറ്റ്.

പ്രതിപക്ഷം മുദ്രാവാക്യം വിളിയോടെ പുറത്തേക്ക്. അവരെ പരിഹസിച്ച് ഭരണപക്ഷം സായൂജ്യമടഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NIYAMASABHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.