SignIn
Kerala Kaumudi Online
Sunday, 03 August 2025 10.16 AM IST

ഒഴിവാക്കാവുന്ന ആത്മഹത്യകൾ

Increase Font Size Decrease Font Size Print Page

photo

പ്രണയനൈരാശ്യം, സാമ്പത്തിക പ്രതിസന്ധി, രോഗം തുടങ്ങിയവയാണ് ആത്മഹത്യയുടെ പ്രധാന കാരണങ്ങൾ. കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്യുന്നത് പലപ്പോഴും സാമ്പത്തിക പ്രതിസന്ധി കാരണമാവാം. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന ബോധവത്‌കരണം നടക്കുന്നുണ്ടെങ്കിലും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടുകയാണ്. 2017-ൽ സംസ്ഥാനത്ത് 7870 പേരാണ് ആത്മഹത്യ ചെയ്തത്. 2021-ൽ അത് 9,549 ആയി ഉയർന്നു. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിലെ ആത്മഹത്യാനിരക്ക്. ആത്മഹത്യയ്ക്ക് ശ്രമിച്ച് പരാജയപ്പെടുന്നവരുടെ എണ്ണവും നമ്മുടെ സംസ്ഥാനത്ത് വളരെ കൂടുതലാണ്. ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്ന ജില്ല തിരുവനന്തപുരമാണ്. ഏറ്റവും കുറവ് മലപ്പുറത്തും. 15 നും 45നും ഇടയിൽ പ്രായമുള്ളവരാണ് ആത്മഹത്യ ചെയ്യുന്നവരിൽ ഭൂരിപക്ഷവും. മൂന്ന് പുരുഷന് ഒരു സ്‌ത്രീ എന്ന അനുപാതത്തിലാണ് ആത്മഹത്യകൾ. ആധുനിക കാലത്തെ ജീവിതത്തിന്റെ വേഗതയും സാമ്പത്തികപ്രശ്നങ്ങളും മറ്റും ആത്മഹത്യയ്ക്ക് പ്രേരണയാകുന്നു.

കഴിഞ്ഞ ദിവസം കേരളത്തിൽ മൂന്നുപേർ ആത്മഹത്യ ചെയ്തതായാണ് മാദ്ധ്യമങ്ങൾ വാർത്തകൾ. സർക്കാരിന്റെയും പൊതുകൂട്ടായ്മയുടെയും സമയോചിത ഇടപെടലുണ്ടായിരുന്നെങ്കിൽ ഒഴിവാക്കാൻ കഴിയുമായിരുന്നതാണ് മൂന്ന് ആത്മഹത്യകളും. പത്തനാപുരത്ത് ആത്മഹത്യ ചെയ്ത ഇ.എസ്. ബിജുമോൻ (49) മികച്ച സാക്ഷരതാ പ്രവർത്തകനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ വ്യക്തിയാണ്. ആറുമാസമായി വേതനം ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്ന് കുടുംബക്കാർ പറയുന്നു. പിതാവിന്റെ മരണത്തോടെ ബിജുമോന്റെ തുച്ഛമായ വരുമാനത്തെ ആശ്രയിച്ചാണ് അമ്മയും സഹോദരിയും കഴിഞ്ഞിരുന്നത്. തുച്ഛമായ വേതനം ആറുമാസമൊക്കെ മുടക്കുന്നത് സർക്കാർ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ്. ധനവകുപ്പ് പണം അനുവദിക്കാത്തതാണ് പ്രശ്നമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നാല്പതും അമ്പതും വയസുകഴിഞ്ഞ 1714 പ്രേരക്‌മാരാണ് സംസ്ഥാനത്തുള്ളത്. ഇവർ 80 ദിവസമായി സമരം ചെയ്തിട്ടും ധനവകുപ്പ് കണ്ണ് തുറക്കാത്തത് ഇത്തിരി കടുപ്പമാണ്. ബിജുമോന്റെ ആത്മഹത്യയ്ക്ക് ശേഷമെങ്കിലും ഇവരുടെ വേതനം സംബന്ധിച്ച ഫയൽ ധനവകുപ്പിൽനിന്ന് അനങ്ങുമെന്ന് പ്രതീക്ഷിക്കാം.

വയനാട്ടിൽ കാടിറങ്ങിയ കടുവയെ കൃഷിത്തോട്ടത്തിൽ ചത്തനിലയിൽ ആദ്യം കണ്ടയാൾ ജീവനൊടുക്കിയതാണ് മറ്റൊരു നിർഭാഗ്യകരമായ സംഭവം. പാടിപ്പറമ്പ് കുഴിവിളയിൽ ഹരികുമാറിനെ (56) വീടിന് പിന്നിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിലുണ്ടായ മനോവിഷമത്താലും ഭയത്താലുമാണ് ഇദ്ദേഹം ജീവനൊടുക്കിയതെന്ന് ഭാര്യ പറയുന്നു. വയനാട്ടിൽ കടുവ കാടിറങ്ങിയാലും ചത്താലും നാട്ടുകാർക്ക് കിടക്കപ്പൊറുതിയില്ലെന്ന അവസ്ഥ മാറണം. കടുവ വന്നതായി അറിയിപ്പ് ലഭിച്ചിട്ടും വനംവകുപ്പ് നടപടികൾ വൈകിപ്പിക്കുമ്പോൾ പണം ചെലവാക്കി കൃഷിയിറക്കുന്ന കർഷകൻ തോട്ടത്തിന് ചുറ്റും കെണികളൊരുക്കുന്നത് സ്വാഭാവികം. ഇതിൽ കുരുങ്ങി കാട്ടുമൃഗങ്ങൾ ചത്താൽ അതിന്റെ പേരിലും നാട്ടുകാരെ ദ്രോഹിക്കുന്നത് ഇനിയെങ്കിലും സർക്കാർ അവസാനിപ്പിക്കണം. ജപ്തിക്കായി വീടും സ്ഥലവും അളന്ന് കുറ്റിയടിച്ചതിന്റെ പേരിലാണ് വൈക്കത്തിന് സമീപം ടി.പി. കാർത്തികേയൻ (61) എന്ന ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയത്. ജപ്തി നടപടികൾ നേരിടുന്നവരെ ഉപദേശിക്കാനും സഹായിക്കാനുമായി പഞ്ചായത്തുകൾ തോറും രാഷ്ട്രീയ ഭേദമന്യേ പൊതുപ്രവർത്തകർ കൂട്ടായ്മകൾ ആരംഭിക്കണം.

TAGS: SUICIDE IN KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.