SignIn
Kerala Kaumudi Online
Friday, 26 April 2024 11.47 PM IST

മനസിൽ തെറിക്കുന്ന ചോരത്തുള്ളികൾ

mind

ക്ളാസ് മുറിയിൽ വെട്ടേറ്റുവീഴുന്ന അദ്ധ്യാപകന്റെ ചോരത്തുള്ളികൾ മുൻബഞ്ചിലിരുന്ന ആറാം ക്ളാസുകാരിയുടെ ദേഹത്തേക്ക് മാത്രമല്ല മനസിലേക്കും തെറിച്ചു. അന്നേറ്റ മുറിവ് ഒരിക്കലും പൊറുക്കില്ലെന്നറിഞ്ഞ മനസ് 34-ാം വയസിൽ ജീവിതത്തിന് സ്വയം വിരാമമിട്ടു. കേരളസമൂഹത്തെ വേദനിപ്പിച്ച് കഴിഞ്ഞദിവസം പുറത്തുവന്ന വാർത്തയുടെ ചുരുക്കമാണിത്.

മനസാക്ഷിയെ മരവിപ്പിക്കുന്ന അനുഭവങ്ങൾക്ക് സാക്ഷ്യംവഹിക്കുന്നവരുടെ മനോനില തകരാറിലാകാൻ സാദ്ധ്യതയുണ്ട്. ക്രൂരമായ കൊലപാതകം, ലൈംഗികാതിക്രമം വാഹനാപകടം തുടങ്ങി എന്തുതരം അനുഭവങ്ങളെ തുടർന്നും ഇതുസംഭവിക്കാം. മിക്കവാറും ആളുകൾ ഇതേത്തുടർന്ന് പെട്ടെന്ന് പ്രതികരിക്കാൻ കഴിയാതെ ഇതികർത്തവ്യതാമൂഢരാവും. പൊടുന്നനെ കരച്ചിലും ദേഷ്യവും ചിരിയുമൊക്കെ മാറിമാറി വരുന്ന വൈകാരിക അസ്ഥിരതയും പ്രകടമാകാം. ഈ അവസ്ഥയാണ് ' പൊടുന്നനെയുണ്ടാകുന്ന സമ്മർദ്ദ പ്രതികരണം' (acute stress reaction).

ദുരന്താനന്തര

സമ്മർദ്ദരോഗം

മിക്കവാറും പേരിൽ ദുരനുഭവമുണ്ടായി ഒരു മാസത്തിനുള്ളിൽത്തന്നെ ലക്ഷണങ്ങൾ ആരംഭിക്കുമെങ്കിലും അപൂർവം ചിലരിൽ വർഷങ്ങൾക്ക് ശേഷവും ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. ഇങ്ങനെയുണ്ടാകുന്ന മാനസികാരോഗ്യ പ്രശ്നമാണ് ' ദുരന്താനന്തര സമ്മർദ്ദരോഗം' (post traumatic stress disorder- PTSD).

സാധാരണയായി നാലുതരം ലക്ഷണങ്ങളാണ് ഇതിനുള്ളത്. മനസിനെ പ്രയാസപ്പെടുത്തിയ ദുരനുഭവത്തെക്കുറിച്ചുള്ള ആവർത്തനസ്വഭാവമുള്ള ഓർമ്മകളാണ് ആദ്യലക്ഷണം. പകൽ സമയത്ത് പൂർണമായി ഉണർന്നിരിക്കുമ്പോൾത്തന്നെ ദുരന്തസമയത്തെ സമാനമായ മാനസികാവസ്ഥയിലേക്ക് പോയേക്കാം. ദുരന്തം അനുഭവിച്ചപ്പോൾ ഉണ്ടായതുപോലെയുള്ള അമിതമായ നെഞ്ചിടിപ്പും ശ്വാസംമുട്ടലും വെപ്രാളവുമൊക്കെ അനുഭവപ്പെടാം. രാത്രിയിൽ ഉറങ്ങുമ്പോൾ ദുരനുഭവത്തെക്കുറിച്ചുള്ള പേടിസ്വപ്നങ്ങൾ ഇടയ്ക്കിടെ കടന്നുവന്ന് ഉറക്കത്തിന്റെ ശാന്തതയ്ക്ക് ഭംഗംവരുത്താം. ദുരനുഭവത്തെക്കുറിച്ച് ആരെങ്കിലും സംസാരിക്കുകയോ ഓർമ്മപ്പെടുത്തുകയോ ചെയ്താൽ തീവ്രമായ വൈകാരിക അസ്വസ്ഥതകളുണ്ടായേക്കാം. ദുരന്തത്തെ ഓർമ്മിപ്പിക്കുന്ന മാദ്ധ്യമവാർത്തകൾ, ദൃശ്യമാധ്യമ പരിപാടികൾ എന്നിവ കാണുമ്പോഴോ ദുരന്തസ്ഥലത്തുകൂടി സഞ്ചരിക്കുമ്പോഴോ മനസ് നിസഹായാവസ്ഥയിലേക്ക് പോകാനിടയുണ്ട്. തീവ്രമായ ശാരീരിക ക്ഷീണവും തളർച്ചയും അനുഭവപ്പെടാം.

ദുരനുഭവത്തെക്കുറിച്ചുള്ള ചർച്ച ഒഴിവാക്കാനുള്ള കഠിനമായ പരിശ്രമമാണ് രണ്ടാമത്തെ ലക്ഷണം. ദുരന്തസ്ഥലത്തുണ്ടായിരുന്ന മറ്റു വ്യക്തികളോട് സംസാരിക്കാനും ഇവർ വിമുഖതകാട്ടും.

മനസിന്റെ വൈകാരികാവസ്ഥയിലുള്ള വ്യതിയാനങ്ങളാണ് മൂന്നാമത്തെ പ്രധാനപ്പെട്ട ലക്ഷണം. അവനവനെക്കുറിച്ചും ലോകത്തെക്കുറിച്ചും തന്റെ ഭാവിയെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും വളരെ മോശമായ ചിന്തകൾ ഇടയ്ക്കിടെ മനസിലേക്ക് കടന്നുവരും. തന്നെക്കൊണ്ട് ഇനി ഒന്നിനും കൊള്ളില്ലെന്ന ചിന്ത നിരന്തരം അലട്ടും. ഭാവിയിൽ നല്ലതൊന്നും സംഭവിക്കില്ലെന്ന് ഉറച്ചുവിശ്വസിക്കും. സന്തോഷകരമായ അനുഭവങ്ങൾ ആസ്വദിക്കാനാവില്ല. അടുത്ത ബന്ധുക്കളോട് പോലും വൈകാരിക അടുപ്പം പുലർത്താനാവില്ല.

കഠിനമായ ഓർമ്മക്കുറവാണ് മറ്റൊരു പ്രധാനപ്പെട്ട ബുദ്ധിമുട്ട്. ശാരീരികമോ ലൈംഗികമോ ആയ ചൂഷണങ്ങൾക്ക് വിധേയരായവർക്ക്

വിചാരണസമയത്ത് കുറ്റകൃത്യത്തിന്റെ വിശദാംശങ്ങൾ കൃത്യമായി ഓർത്തുപറയാൻ സാധിക്കാത്തത് കേസിനെ പ്രതികൂലമായി ബാധിക്കും.

ശാരീരികവും പെരുമാറ്റസംബന്ധവുമായ പ്രതികരണങ്ങളിലെ വൈകല്യങ്ങളാണ് നാലാമത്തെ പ്രധാനപ്രശ്നം. നിസാരകാര്യങ്ങൾക്ക് പെട്ടെന്ന് ഞെട്ടുക,​ മനസ് വല്ലാതെ അസ്വസ്ഥമാകുമ്പോൾ സ്വയം മുറിവേല്‌പിക്കുക,​ ആത്മനിയന്ത്രണം നഷ്ടപ്പെട്ട് പലതും ചെയ്യുക എന്നിവയുണ്ടാകും. മാനസികസമ്മർദ്ദം മറികടക്കാൻ അമിതമായി ലഹരി ഉപയോഗിക്കുകയോ അമിതവേഗതയിൽ വണ്ടിയോടിക്കുകയോ ചെയ്യും. ഉറക്കം നഷ്ടമാവാനോ പ്രവൃത്തികളിൽ ശ്രദ്ധിക്കാൻ കഴിയാതെ വരാനോ സാദ്ധ്യതയുണ്ട്. ഇടയ്ക്കിടെ അകാരണമായ കുറ്റബോധം വേട്ടയാടും. കാരണമൊന്നുമില്ലാതെ പൊട്ടിത്തെറിക്കും.

കുട്ടികളും

ദുരനുഭവങ്ങളും

ആറുവയസിൽ താഴെയുള്ള കുട്ടികൾക്ക് ഇത്തരം അനുഭവമുണ്ടായാൽ വളരെ തീവ്രമായ ചില ലക്ഷണങ്ങൾ കാണിച്ചേക്കാം. കളിക്കുന്ന സമയത്ത്, തനിക്കുണ്ടായ ദുരനുഭവം, അതിന്റെ ചില ലക്ഷണങ്ങൾ, എന്നിവയൊക്കെ അവർ പ്രകടമാക്കും. തീവ്രമായ പേടിസ്വപ്നങ്ങൾകണ്ട് ഞെട്ടി ഉണരാം.

'വാർഷിക പ്രതികരണം'

(anniversary reaction,)

ചില വ്യക്തികൾക്ക് ദുരനുഭവമുണ്ടായി ഒരു വർഷം തികയുന്ന ദിവസം ഒരു കാരണവുമില്ലാതെ

തീവ്രമായ ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ പ്രത്യക്ഷപ്പെടാം. ഈ അവസ്ഥയാണ് 'വാർഷിക പ്രതികരണം' (anniversary reaction,). പ്രകൃതിദുരന്തങ്ങളിൽപ്പെട്ട് തീവ്രമായ മാനസികസംഘർഷം അനുഭവിച്ച ചിലർക്കെങ്കിലും ഈ വാർഷിക പ്രതികരണം ഉണ്ടാകുന്നുണ്ട്. തീവ്രമായ സമ്മർദ്ദമുണ്ടാക്കുന്ന ജീവിതാനുഭവങ്ങൾ നമ്മുടെ തലച്ചോറിലെ രാസഘടനയിൽ മാറ്റങ്ങളുണ്ടാക്കാം. മസ്തിഷ്‌കത്തിന്റെ വിവിധ മേഖലകൾ തമ്മിലുള്ള ഏകോപനത്തിലും ഇത്തരം അനുഭവങ്ങൾ വ്യതിയാനങ്ങൾ സൃഷ്ടിച്ചേക്കാം. സ്വാഭാവികമായ ഒരു ജീവിതാനുഭവം പോലും വലിയ അപകടത്തിന്റെ ലക്ഷണമായി തെറ്റിദ്ധരിച്ച് ഇവർ ഭയവിഹ്വലരാകുന്നു.

പ്രശസ്ത മനഃശാസ്ത്രജ്ഞനായ ആൽബർട്ട് ബെൻഡൂര, തന്റെ സാമൂഹ്യപഠന സിദ്ധാന്തത്തിലൂടെ (social learning theory), മുതിർന്നവരുടെ പെരുമാറ്റങ്ങൾ കുട്ടികളെ എങ്ങനെ സ്വാധീനിക്കുന്നെന്ന് വിശദീകരിച്ചിട്ടുണ്ട്. തീവ്രമായ മാനസിക ബുദ്ധിമുട്ടുളവാക്കുന്ന അനുഭവങ്ങൾ കാണാനിടയാകുന്ന കുട്ടികൾ അതിതീവ്രമായ മാനസിക സമ്മർദ്ദം അനുഭവിക്കാനും ദൈനംദിന കാര്യങ്ങൾ ചെയ്യാൻ പോലും കഴിയാത്ത നിസ്സഹായ അവസ്ഥയിലാകാനും ഇടയുണ്ട്.

മറക്കരുത്

ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോകുന്നവർക്ക് ആവശ്യമായ മാനസികാരോഗ്യ പിന്തുണ ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. തീവ്രമായ സമ്മർദ്ദം അനുഭവിക്കുന്നവർക്ക് അവരുടെ പ്രയാസം കുറയ്ക്കാൻ ആവശ്യമായ മരുന്നുകൾ ഹ്രസ്വകാലത്തേക്ക് വേണ്ടിവന്നേക്കും. ദുരന്താനുഭവത്തെ തുടർന്ന് മസ്തിഷ്‌കത്തിൽ താളം തെറ്റിനിൽക്കുന്ന രാസപദാർത്ഥങ്ങളുടെ അളവ് ക്രമീകരിക്കാൻ ഈ മരുന്നുകൾ സഹായിക്കും. ഇതോടൊപ്പം സമ്മർദ്ദത്തിന് കാരണമാകുന്ന മനസിലെ വികലചിന്തകൾ നീക്കംചെയ്യാൻ ആവശ്യമായ മനഃശാസ്ത്ര ചികിത്സകളും ഉപയോഗിക്കേണ്ടതുണ്ട്.

ജീവിതയാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ട് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ കെട്ടിപ്പടുക്കാൻ സഹായകമാകുന്ന അക്സെ‌പ്‌റ്റൻസ് ആൻഡ് കമ്മിറ്റ്മെന്റ് തെറാപ്പി ഉപകാരപ്രദമായ മനഃശാസ്ത്ര ചികിത്സയാണ്. റിലാക്‌സേഷൻ വ്യായാമങ്ങളും നല്ല ഉറക്കം ഉറപ്പുവരുത്താനുള്ള വ്യായാമങ്ങളും ഇവർക്ക് ഉപകാരപ്പെടും.

കൃത്യമായ പിന്തുണ ലഭിക്കാതെ പോകുന്ന വ്യക്തികൾ പലപ്പോഴും വിഷാദരോഗത്തിലേക്കും തുടർന്ന് ആത്മഹത്യയിലേക്കും പോകുന്നതായും കണ്ടുവരുന്നുണ്ട്. ഉത്‌കണ്ഠാ രോഗങ്ങൾ, ലഹരിവസ്തുക്കളോടുള്ള അടിമത്തം എന്നിവയും ചെറിയൊരു ശതമാനം വ്യക്തികളിൽ കാണാറുണ്ട്.

സമൂഹത്തിൽ നടക്കുന്ന മനുഷ്യനിർമ്മിത ദുരന്തങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഇത്തരം മാനസികപ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിൽ പൊതുസമൂഹത്തിന് വലിയ ഉത്തരവാദിത്തമുണ്ട്. പകയും വൈരാഗ്യവും കൊണ്ട് മുഖരിതമായ ജീവിതപരിസരങ്ങളിൽ ബലിയാടുകളാകുന്നതും അതുമൂലം ദുരിതമനുഭവിക്കുന്നതും പിഞ്ചുമനസുകളാണെന്ന യാഥാർത്ഥ്യം വിസ്മരിക്കരുത്. ദുരന്തങ്ങൾ നേരിടുന്നവർക്ക് മാനസിക പിന്തുണ നൽകി സംരക്ഷിക്കേണ്ടതും പുനരധിവസിപ്പിക്കേണ്ടതും പരിഷ്‌കൃത സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POST TRAUMATIC STRESS DISORDER
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.