SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.19 PM IST

അന്തമില്ലാത്ത ചിന്താക്കുഴപ്പങ്ങൾ

chintha

ചിന്താശൂന്യമായി പ്രവർത്തിക്കുന്നയാൾ ചിന്തകൻ. പകർത്തിയെഴുത്തുകാർ ഗവേഷകർ. ചങ്ങമ്പുഴയുടെ മാമ്പഴം. വൈലോപ്പള്ളിയുടെ വാഴക്കുല. ഒരുപാടു ശരികൾക്കിടയിലെ ചെറിയൊരു തെറ്റ്. കണ്ണൂരിൽ നിന്നും ഒരു ലഘൂകരണ കുറിപ്പ് വന്നത് ആശ്വാസമായി. അല്ലെങ്കിൽ ന്യായീകരണത്തൊഴിലാളികൾക്ക് ഉത്തരം മുട്ടിപ്പോയേനേ. അക്ഷരമാലയെ അപ്പാടെ മായ്‌ച്ചുകളഞ്ഞ മാഫിയ ഇപ്പോഴും ശക്തമാണ്. ദൈവം കനിഞ്ഞാലും പൂജാരി കനിയില്ലന്നതാണ് നിരക്ഷരരെ വാർത്തെടുക്കുന്ന വിദ്യാഭ്യാസ വകുപ്പിൽ നിന്നും ഉയരുന്ന ചിന്താക്കുഴപ്പങ്ങൾ. അക്ഷരം പഠിക്കാത്തവർ ജയിച്ചു ജയിച്ച് ഗവേഷക വിദ്യാർത്ഥിയാവുമ്പോൾ ചെറിയ തെറ്റുകൾ സ്വാഭാവികം.

ചങ്ങമ്പുഴയുടെ വാഴക്കുല കെ.പി.ജി.യുടേയോ കെടാമംഗലം പപ്പുക്കുട്ടിയുടേതോ സുനിൽ പി. ഇളയിടത്തിന്റേയോ ആണെന്നൊന്നും പറഞ്ഞില്ലല്ലോ? പ്രതിഭാധനനായ മറ്റൊരു കവി വൈലോപ്പിള്ളിയുടെ ചുമലിലാണല്ലോ അത് വച്ചുകൊടുത്തത്. എന്തെഴുതിയാലും ആളും തരവും മുഖവും നോക്കി അത് മികവുറ്റതാണെന്ന് വിലയിരുത്താൻ തറ്റുടുത്തുനില്‌ക്കുന്ന ഗൈഡുമാരും വേണ്ടപ്പെട്ടവരെ തിരഞ്ഞുപിടിച്ച് വിദഗ്ദ്ധരായി നിയമിക്കുന്ന കുലപതിമാരും നാടുവാഴുന്ന കാലം. ഗവേഷണത്തിന്റെ ചെമ്പുതെളിയിക്കാൻ നടത്തുന്ന ഓപ്പൺ ഡിഫൻസ് എന്ന പരസ്യവിചാരണയും വഴിപാടുമാത്രമായി മാറിയിരിക്കുന്നു. ഒരു ഗവേഷണപ്രബന്ധം അപ്പാടെയൊന്നും ഇവിടെ പകർത്തിയിട്ടില്ല. കുറച്ചുഭാഗം അടിച്ചെടുത്തു എന്നു മാത്രം.

കുമാരനാശാന്റെ കവിതയിൽ എത്ര ചില്ലക്ഷരം ഉണ്ടെന്ന് എണ്ണിനോക്കുന്ന ഗവേഷണ പ്രബന്ധത്തിന് ഡോക്ടറേറ്റ് നേടിയ ചരിത്രം നിലവിലുണ്ട്. അങ്ങനെ ആ പ്രൊഫസറും നിരവധി ഗവേഷക വിദ്യാർത്ഥികൾക്കു മാർഗദർശകനായി. ചങ്ങമ്പുഴയെ വൈലോപ്പിള്ളിയാക്കിയവർ എന്തായാലും വൈസ് ചാൻസലർ അല്ലല്ലോ എന്നാശ്വസിക്കാം. ഗവേഷണ പ്രബന്ധം പകർത്തിയെഴുതിയ കുലപതിമാരും പ്രൊഫസർമാരും വിരാജിക്കുന്ന സർവകലാശാലകളെക്കൊണ്ട് കേരളം ശ്വാസംമുട്ടുകയാണ്.

പിഎച്ച്‌‌ഡിക്ക് നോക്കുകൂലി വാങ്ങുന്നവരും, യോഗ്യരുടെ പ്രബന്ധങ്ങൾ പകർത്തിക്കൊടുക്കുന്നവരും ഏറിവരുന്നു. ഈ രംഗത്ത് ക്വട്ടേഷൻ സംഘങ്ങളും ഉണ്ടത്രെ. ചങ്ങമ്പുഴയുടെ വാഴ കുലച്ചത് വൈലോപ്പിള്ളിയുടെ പറമ്പിലേക്കാണന്നാണ് സമൂഹമാദ്ധ്യമങ്ങളുടെ അവകാശം പറച്ചിൽ.

കവികൾ ദീർഘദർശികളും പ്രവാചകസ്വഭാവമുള്ളവരുമാണെന്ന് പറയാറുണ്ട്. വിദ്യാഭ്യാസരംഗത്ത് കേരളത്തിൽ സംഭവിക്കാൻ പോകുന്ന ദുരന്തങ്ങൾ ബാലചന്ദ്രൻ ചുള്ളിക്കാടിനെപ്പോലെ ദീർഘദർശനം ചെയ്തവരാരുമില്ല. ഇടതുവശം ചേർന്ന് വായ്‌മൂടിക്കെട്ടി നടക്കുന്ന മിക്ക പുരോഗമന കവികൾക്കും ഉള്ളതു പറയാൻ ശേഷിയില്ല. തന്റെ കവിതകൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുകയോ വിവരദോഷികളായ അദ്ധ്യാപകരുടെ കൈകളിൽപ്പെട്ട് അംഗഭംഗം വരാനിടയാക്കുകയോ ചെയ്യാതെ പാഠ്യപദ്ധതിയിൽ നിന്നും ഒഴിവാക്കണമെന്നും ചുള്ളിക്കാട് തുറന്നടിച്ചിരുന്നു. അല്ലെങ്കിൽ ചങ്ങമ്പുഴയ്ക്ക് വാഴക്കുല കൈമോശം വന്നതുപോലെ ചുള്ളിക്കാടിനും തന്റെ പ്രശസ്ത രചനകൾ നഷ്ടപ്പെടുമായിരുന്നു!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHINTHA JEROME
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.