SignIn
Kerala Kaumudi Online
Thursday, 25 April 2024 5.51 PM IST

വിദ്യാർത്ഥികളെ വരിഞ്ഞുമുറുക്കാൻ ലഹരിമാഫിയ

narco

സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം ക്രമാതീതമായി കൂടുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. സ‌്കൂളിന് സമീപം പാൻമസാല അടക്കമുള്ള ലഹരി വില്‌പന നിയമംമൂലം നിരോധിച്ചിട്ടുണ്ടെങ്കിലും കുട്ടികളെ കെണിയിലാക്കാൻ എത്തുന്ന കച്ചവട തന്ത്രങ്ങൾ നിരവധിയാണ്. നിറത്തിലും മണത്തിലും വ്യത്യസ്‌തത പുലർത്തുന്ന ലഹരി ഉത്‌പന്നങ്ങൾ കുട്ടികളിലേക്ക് പെട്ടന്ന് ആകർഷിക്കുന്നു. ലഹരിയാണെന്നറിയാതെ കുട്ടികൾ ഇത് ഉപയോഗിക്കുകയും ക്രമേണ അടിമപ്പെടുകയും ചെയ്യും. എക്‌സൈസ് പിടികൂടുന്ന ലഹരി മരുന്നുകളുടെ 20 ഇരട്ടിയിലധികം ലഹരി മരുന്നാണ് യഥാർത്ഥത്തിൽ കേരളത്തിലേക്ക് ഒഴുകുന്നത്. എക്‌സൈസ് വകുപ്പിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കേരളത്തിൽ നിന്ന് പിടികൂടിയത് 15 കിലോയോളം എം.ഡി.എം.എ ആണ്.

സർക്കാരിന് കീഴിലുള്ള വിമുക്തി മിഷന്റെ 2018 ആഗസ്റ്റ് മുതൽ 2022 ജൂൺ വരെയുള്ള കണക്ക് പരിശോധിച്ചാൽ ലഹരിയുമായി ബന്ധപ്പെട്ട കൗൺസിലിംഗിനായി വിമുക്തി മിഷനെ സമീപിച്ചത് 10,337 പേരാണ്. ഇതിൽ 951 പേർ 21 വയസിൽ താഴെയുള്ളവരാണ്. അപൂർവമായി 10 വയസിൽ താഴെയുള്ള കുട്ടികളും എത്തുന്നുണ്ട്.

ലഹരി മാഫിയയുടെ ചെറുകിട ഡീലർമാരാണ് പല കുട്ടികളും. ലക്ഷങ്ങൾ വില വരുന്ന മെറ്റാഫിറ്റമിൻ, ആൽഫെറ്റമിൻ, എൽ.എസ്.ഡി. , എം.ഡി.എം.എ തുടങ്ങിയ ലഹരി വസ്തുക്കളാണ് ഇന്ന് വിദ്യാർത്ഥികൾക്കിടയിൽ കൂടുതൽ ഉപയോഗത്തിലുള്ളതെന്ന് റിപ്പോർട്ടുണ്ട്. കഞ്ചാവ് പലരും ഉപയോഗിക്കുന്നത് തുടക്കക്കാരെന്ന നിലയിൽ മാത്രമാണ് . വിമുക്തി മിഷന്റെ കണക്ക് പ്രകാരം തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ കുട്ടികൾ ലഹരി ഉപയോഗിക്കുന്നത്. എന്നാൽ വീര്യമേറിയ ന്യൂ ജനറേഷൻ ഡ്രഗ്ഗുകൾ ഏറ്റവും കൂടുതൽ കുട്ടികൾ ഉപയോഗിക്കുന്നത് എറണാകുളം ജില്ലയിലാണ്.

ഇന്ത്യയിൽ 13 ശതമാനത്തോളം കുട്ടികൾ 20 വയസ്സിന് മുൻപേ ലഹരി ഉപയോഗിച്ച് തുടങ്ങുന്നു എന്നാണ് കണക്കുകൾ. പുകയില വസ്തുക്കൾ 12.3 വയസിലും ഗ്‌ളൂ പോലുള്ള ഇൻഹേലൻസ് 12.4 വയസിലും കഞ്ചാവ് 13.4 വയസിലും മദ്യം 13.6 വയസ്സിലും കുട്ടികൾ ഉപയോഗിച്ച് തുടങ്ങുന്നു. ലഹരി മരുന്നിന്റെ രൂപം, അവയുടെ അഡിക്‌ഷൻ, ഒളിപ്പിച്ച് വെയ്ക്കാനുള്ള സൗകര്യം ഇതെല്ലാമാണ് കുട്ടികളെ ലഹരിയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. ഗുളിക രൂപത്തിലുള്ളതും പഞ്ചസാരയോട് സാമ്യമുള്ളതും നാവിനടിയിൽ വയ്‌ക്കാവുന്ന സ്റ്റിക്കർ രൂപത്തിലുള്ളതുമായ ലഹരി വസ്തുക്കൾ പലപ്പോഴും രക്ഷിതാക്കൾക്ക് തിരിച്ചറിയാൻ സാധിക്കില്ല. കോൺഡക്ട് ഡിസോർഡറുള്ള കൗമാരക്കാരിൽ ലഹരി ഉപയോഗം നേരത്തെ തുടങ്ങാനുള്ള സാദ്ധ്യതയുണ്ട്.

ഏഷ്യൻ മേഖലയിൽ ഏറ്റവും കൂടുതൽ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ മുൻനിരയിലാണെന്നും ഏഷ്യയിലെ ലഹരി മാഫിയയുടെ വിതരണത്തിന്റെ ഇടത്താവളമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു എന്നും അന്താരാഷട്ര മയക്കുമരുന്ന് നിയന്ത്രണ ബോർഡിന്റെ 2021ലെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. 2021ന് ശേഷം കുട്ടികൾക്കിടയിൽ സാധാരണ രീതിയിലുള്ള ലഹരി കേസുകളുടെ എണ്ണത്തിൽ കുറവ് വരികയും ഗുരുതര സ്വഭാവത്തിലുള്ള കേസുകൾ വർദ്ധിക്കുകയും ചെയ്തു. ലഹരി ഉപയോഗം, ലഹരിക്കടത്ത് എന്നിവയിൽ അറസ്റ്റിലാവുന്ന നാലിലൊരാൾ 20 വയസിൽ താഴെയുള്ളതാണ്. നിലവിൽ പെൺകുട്ടികൾ ഉൾപ്പെട്ട ലഹരിക്കേസുകൾ കൂടുതലുള്ളത് കൊച്ചിയിലാണ്. ഇത്തരം കേസുകളിൽപ്പെടുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും, ലഹരി ഉപയോഗത്തിൽ ആൺകുട്ടികൾ തന്നെയാണ് മുന്നിൽ. 1985ലെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം ഏതെങ്കിലും മയക്കുമരുന്നോ സൈക്കോട്രോപിക് വസ്തുക്കളോ ഉത്‌പാദിപ്പിക്കാനും നിർമ്മിക്കാനും കൈവശം വയ്ക്കാനും വാങ്ങാനുമുള്ള അവകാശങ്ങളെ നിയന്ത്രണ വിധേയമാക്കിയിട്ടുള്ളതാണ്. ഈ നിയമപ്രകാരം ഒരു കിലോയിൽ താഴെയുള്ള കേസുകൾക്ക് ജാമ്യം കിട്ടും. ഇത് വലിയ പോരായ്മയാണ്. ലഹരിക്ക് അടിമപ്പെടുന്ന കുട്ടികൾ അവ ഏറ്റവും കൂടുതൽ ഷെയർ ചെയ്ത് ഉപയോഗിക്കുന്നത് സുഹൃത്തുക്കൾക്കൊപ്പമാണ്.

കാരണങ്ങളൊന്നുമില്ലാതെ പഠനത്തിൽ പിന്നിലാവുക, രഹസ്യങ്ങൾ ഒളിപ്പിക്കാൻ ശ്രമിക്കുക, മുറിക്കകത്ത് അസാധാരണമായ ഗന്ധം, കൂടുതൽ സമയം മുറി അടച്ചിട്ടിരിക്കുക, ആഘോഷങ്ങളിൽ നിന്ന് മാറിനിൽക്കുക, അമിതമായി പോക്കറ്റ് മണി ആവശ്യപ്പെടുക, ഡിപ്രഷൻ, സംസാരത്തിൽ കുറവ്, കൈകളിലോ ദേഹത്തോ കുത്തിവെയ്പ്പിന്റെ പാടുകളോ അസാധാരണമായ നിറവ്യത്യാസമോ ഇതെല്ലാം മാതാപിതാക്കൾ ജാഗ്രത പുലർത്തേണ്ട ലക്ഷണങ്ങളാണ്.

ലഹരിക്കടിമപ്പെട്ട കുട്ടികൾക്ക് മതിയായ കൗൺസിലിംഗ് നൽകേണ്ടത് അത്യാവശ്യമാണ്. കുടുംബത്തിന്റെ സമൂഹത്തിലെ പദവിയെ മോശകരമായി ബാധിക്കുമെന്നതിനാൽ പലരും ലഹരിക്കടിമപ്പെട്ട കുട്ടികളെ കൗൺസിലിംഗിന് വിധേയമാക്കാറില്ല. ഉപദേശത്തിലൂടെ തന്റെ മക്കളെ മാറ്റിയെടുക്കാം എന്ന മിഥ്യാധാരണ പലർക്കുമുണ്ട്. ഈ രീതി അവസാനം അവരെ ഡി അഡിക്‌ഷൻ സെന്ററുകളിലേക്ക് കൊണ്ടുപോകേണ്ട അവസ്ഥയിലേക്ക് എത്തിക്കുന്നു. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പല രക്ഷിതാക്കൾക്കും സ്വന്തം മക്കളെ നോക്കാൻ സമയമില്ലാത്ത സ്ഥിതിയാണ്. കുട്ടികൾ തെറ്റായ കൂട്ടുകെട്ടിലേക്ക് പോകുന്നുണ്ടോ എന്ന് രക്ഷിതാക്കൾ അറിയേണ്ടത് അനിവാര്യമാണ്. മക്കളുടെ കൂട്ടുകാർ ആരൊക്കെയാണെന്നും എങ്ങനെയുള്ളവരാണെന്നും മനസിലാക്കുക. മാതാപിതാക്കളോട് കുട്ടികൾക്ക് എന്തും സ്വാതന്ത്ര്യത്തോടെ പറയാനുള്ള അന്തരീക്ഷം വളർത്തിയെടുക്കണം. കുട്ടികളോട് മാതാപിതാക്കൾ സൗഹൃദത്തോടെ പെരുമാറുക. ഒരു സുഹൃത്തിനോടെന്ന പോലെ എന്തും പറയാനുള്ള സ്വാതന്ത്ര്യവും സന്തോഷം നിറഞ്ഞ കുടുംബാന്തരീക്ഷവും ഒരുക്കിക്കൊടുക്കുക. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികളോട് സ്നേഹത്തോടെ പറഞ്ഞുകൊടുക്കുക.

ലഹരി എന്താണെന്ന് അറിയാനുള്ള ആകാംക്ഷ കൊണ്ടും വീട്ടിലെ പ്രശ്‌നങ്ങൾ മറക്കാനും വിഷാദം ഇല്ലാതാക്കാനും പലരും ഇത് ഉപയോഗിക്കുന്നുണ്ട്. ലഹരി മരുന്നിന്റെ ഉപയോഗം നേരത്തെ അറിയാൻ സാധിച്ചാൽ വലിയ ബുദ്ധിമുട്ടില്ലാതെ ഇതിന്റെ പിടിയിൽനിന്നും രക്ഷിക്കാൻ സാധിക്കും. ഒരു തലമുറ ലഹരിയ്ക്ക് അടിമപ്പെടാതിരിക്കാനായി ശക്തമായ ബോധവത്‌കരണം സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടത്തേണ്ടത് അത്യാവശ്യമാണ്. സന്നദ്ധ സംഘടനകളുടേയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ പ്രചാരണ പരിപാടികൾ, സ്‌കൂളുകൾക്ക് സമീപം അദ്ധ്യാപകരുടെ നിരീക്ഷണം തുടങ്ങിയവ നിരന്തരമായി നടത്തണം. ഈ വിപത്തിനെ സമൂഹത്തിൽ നിന്നും തുടച്ച് നീക്കാൻ ഒറ്റക്കെട്ടായി ഉറച്ച മനസ്സോടെ നമുക്ക് പ്രവർത്തിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NARCOTICS AND CHILDREN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.