SignIn
Kerala Kaumudi Online
Sunday, 03 August 2025 2.07 PM IST

അവസാനയാത്രയിൽ ലൈസാമ്മ നയിച്ച വിപ്ളവം

Increase Font Size Decrease Font Size Print Page

photo-

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, ഇ.കെ. നായനാർ, ചടയൻ ഗോവിന്ദൻ, കെ.ജി. മാരാർ, സുകുമാർ അഴീക്കോട്, കോടിയേരി ബാലകൃഷ്ണൻ എന്നീ മഹാരഥന്മാർ അന്ത്യവിശ്രമം കൊള്ളുന്ന ഇടമാണ് പയ്യാമ്പലം. കടലും കരയും പുണരുന്ന കണ്ണൂരിന്റെ ഈ സൗന്ദര്യതീരം കഴിഞ്ഞ ദിവസം വിപ്ളവകരമായൊരു അവസാനയാത്രയ്ക്ക് സാക്ഷിയായി. :'അഗ്നിയാണ് എല്ലാം ശുദ്ധീകരിക്കുന്നത്. അഗ്നിയിൽ തീരുകയാണ് ഉചിതം' സെബാസ്റ്റ്യന്റെയും കഴിഞ്ഞ ദിവസം മരണപ്പെട്ട ഭാര്യ ലൈസാമ്മയുടെയും ഈ തീരുമാനം വിപ്ലവകരമായ ഒരു മാറ്റത്തിനാണ് തുടക്കമിട്ടത്.അങ്ങനെ ഉത്തരമലബാറിന്റെ ചരിത്രത്തിലാദ്യമായി ഒരു സുറിയാനി കത്തോലിക്കാ സഭാംഗമായ

ലൈസാമ്മ സെബാസ്റ്റ്യനെന്ന 61 കാരിയുടെ മൃതദേഹം പയ്യാമ്പലത്തെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. സെമിത്തേരിയുടെയും മരണാനന്തര ചടങ്ങുകളുടെയും പേരിൽ വിവിധ സഭാതർക്കങ്ങൾ നടക്കുന്ന കാലത്താണ് വേറിട്ടൊരു ശവസംസ്കാരത്തിന് ഇവിടെ തുടക്കമായത്.

കണ്ണൂരിന്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലെ മഹാരഥന്മാർ അന്തിയുറങ്ങുന്ന പയ്യാമ്പലത്തെ ശാന്തിതീരം ശ്മശാനത്തിൽ ഒരു പുതുയുഗപ്പിറവിക്ക് നാന്ദി കുറിച്ചു കൊണ്ടായിരിക്കും ലൈസാമ്മയുടെ അന്ത്യവിശ്രമം.വിശ്വാസികളുടെ മൃതദേഹം ദഹിപ്പിക്കാൻ സഭ നേരത്തേ അനുമതി നൽകിയിട്ടുണ്ടെങ്കിലും പരമ്പരാഗര ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേരിൽ പലരും ഇതിന് മുതിരാറില്ല.എന്നാൽ അത്തരം കീഴ് വഴക്കങ്ങളെ പാടെ പൊളിച്ചെഴുതിക്കൊണ്ടായിരുന്നു സെബാസ്റ്റ്യന്റെയും ലൈസമ്മയുടെയും തീരുമാനം.പരമ്പരാഗത വിശ്വാസങ്ങളെയും ആചാരങ്ങളെയും പൊളിച്ചെഴുതിക്കൊണ്ടുള്ള ഈ തീരുമാനം മികച്ച മാതൃകയാണ് സഭാവിശ്വാസികൾക്ക് നൽകുന്നത്.

തലശ്ശേരി അതിരൂപതയും കുടുംബത്തിന്റെ തീരുമാനത്തെ പിന്തുണച്ചപ്പോൾ അതു ചരിത്രത്തിൽ ഇടം നേടുന്ന ശവസംസ്കാരമായി മാറുകയായിരുന്നു. വിശ്വാസികളുടെ മൃതദേഹം ദഹിപ്പിക്കാൻ സഭ നേരത്തേ അനുമതി നൽകിയതാണ്,എന്നാൽ ഇതുവരെ ഇവിടെയാരും അതിന് മുതിർന്നില്ലെന്നും ലൈസാമ്മ സെബാസ്​റ്റ്യന്റെ കുടുംബമെടുത്ത തീരുമാനം വിപ്ലവകരമാണെന്നും ഇടവക വികാരി ഫാ.തോമസ് കൊളങ്ങായിൽ പറഞ്ഞു. മാനന്തവാടി സ്വദേശിയായ സെബാസ്​റ്റ്യൻ വളം നിർമ്മാണ വ്യവസായിയാണ്. ധാരാളം പുസ്തകങ്ങൾ വായിക്കുന്ന അദ്ദേഹം പുരോഗമനപരമായ ആശയങ്ങളെ ഏറെ പിന്തുണയ്ക്കുന്ന വ്യക്തിയാണ്.

ഇതാണ് ലൈസാമ്മയ്ക്കും പ്രചോദനമായത്. മൃതദേഹങ്ങൾ ദഹിപ്പിച്ച് കളയുന്നതാണ് ഏ​റ്റവും മികച്ച മാർഗമെന്ന തിരിച്ചറിവിൽ നിന്നാണ് തീരുമാനമെടുത്തതെന്ന് സെബാസ്​റ്റ്യൻ പറഞ്ഞു. കുടുബാംഗങ്ങളെ പറഞ്ഞ് മനസിലാക്കാൻ അല്‌പം സമയമെടുത്തെങ്കിലും പിന്നീട് അവരും പൂർണപിന്തുണ നൽകി. മരണശേഷം തന്റെ മൃതദേഹവും അഗ്നിയിൽ ദഹിപ്പിക്കണമെന്ന ഉറച്ച തീരുമാനം സെബാസ്റ്റ്യൻ മുൻപേതന്നെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്.

അസുഖബാധിതയായ ലൈസാമ്മ ഈ കഴിഞ്ഞ നാലിനാണ് മരിച്ചത്. മേലെ ചൊവ്വയിലെ സെന്റ് ഫ്രാൻസിസ് പള്ളിയിൽ ഇടവക വികാരി ഫാ. തോമസ് കൊളങ്ങായിലിന്റെ കാർമ്മികത്വത്തിൽ നടന്ന അന്ത്യശുശ്രൂഷയ്ക്ക് ശേഷം തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെ മൃതദേഹം പയ്യാമ്പലത്തെ വാതകശ്മശാനത്തിൽ സംസ്‌കരിക്കുകയായിരുന്നു. ഫാ. തോമസ് കരിങ്കടയിൽ, ഫാ. കുര്യൻ ചിരപ്പുറത്ത്, ഫാ. സണ്ണി കോട്ടപ്പള്ളി, ഫാ. ജോമോൻ എന്നിവർ സംസ്‌കാരത്തിന് നേതൃത്വം നൽകി. ലൈസാമ്മയുടെ ചെറുമകൾ സൈറ ചിതയ്ക്ക് തീ കൊളുത്തി. കുടുബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. മാനന്തവാടി പുതിയാപറമ്പിൽ കുടുംബാംഗമാണ് ലൈസാമ്മ.

കാലത്തിനൊത്ത

മാറ്റം അനിവാര്യം

ഇന്നത്തെ സെമിത്തേരികളിൽ ഭൂരിഭാഗവും ജനവാസകേന്ദ്രങ്ങളിലോ കുന്നിൻ മുകളിലോ ആണെന്നിരിക്കെ ധാരാളം മൃതദേഹങ്ങൾ അടുത്തടുത്ത് കിടന്ന് അഴുകുന്നതിനാൽ ഇതിന്റെ മാലിന്യങ്ങൾ ഒഴുകി താഴ്‌വാരങ്ങളിലെ കുടിവെള്ള സ്രോതസ്സുകളിലും മണ്ണിലും എത്തിച്ചേർന്ന് മലിനമാകുന്നു. ഇത് വലിയ ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുന്നുണ്ട്. ജനസംഖ്യ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ സംസ്‌കാര രീതികളിൽ മാ​റ്റം വരേണ്ടത് അനിവാര്യമാണ്. മതത്തിന്റെയും ആചാരങ്ങളുടെയും അടിസ്ഥാനത്തിലല്ലാതെ ശാസ്ത്രീയമായി മൃതദേഹം ദഹിപ്പിക്കുന്നതാണ് ഏറ്റവും മികച്ച മാർഗം. കൊവിഡ് ബാധിതരായ സഭാ വിശ്വാസികളുടെ മൃതദേഹം നേരത്തെ ദഹിപ്പിച്ചിട്ടുണ്ട്.

വിശ്വാസത്തിന്റെ പേരിൽ

മാറി നിൽക്കുന്നവർ

കത്തോലിക്കാസഭ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും പലരും വിശ്വാസത്തിന്റെ പേരിൽ മാറിനില്‌ക്കുകയാണ്. മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിന്റെ ശാസ്ത്രീയവശം തിരിച്ചറിഞ്ഞ് പലരും മുന്നോട്ട് വരുന്നുണ്ടെങ്കിൽ കൂടി മതപരമായ വിശ്വാസങ്ങൾ നിരത്തി കുടുംബാംഗങ്ങളിൽ നിന്നും പിന്തുണ ലഭിക്കാത്ത സ്ഥിതിയുമുണ്ട്. കത്തോലിക്കസഭ അനുമതി നല്‌കിയ സാഹചര്യത്തിൽ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കാൻ സഭാവിശ്വാസകളെ ബോധവത്കരിക്കേണ്ടതുണ്ട്.

മാതൃകയാണ്

തൃശൂർ അതിരൂപത

മൃതദേഹങ്ങൾ ദഹിപ്പിക്കാൻ 20121 ൽ തൃശൂർ അതിരൂപത പൊതുവായി ശ്മശാനം പണിതതും മാതൃകാപരമാണ്.
തൃശൂർ മുളയം ഡാമിയൻ ഇൻസ്​റ്റിറ്റ്യൂട്ട് ക്യാംപസിലാണ് ശ്മശാനം. അതിരൂപതയുടെ കീഴിലുള്ള ഏത് ഇടവകകളിലെ വിശ്വാസികൾക്കും ഇവിടെ മൃതദേഹങ്ങൾ ദഹിപ്പിക്കാം. മരണമടഞ്ഞ വിശ്വാസികളുടെ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ ആദ്യം തീരുമാനമെടുത്തത് കൊവിഡ് കാലത്തായിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയർന്നിരുന്നു. തുടക്കത്തിലുണ്ടായ എതിർപ്പുകൾ പിന്നീടുണ്ടായില്ല. കാലത്തിനനുസരിച്ച് രീതികളും മാറണമെന്ന നിലപാടെടുത്തു അതിരൂപത. ദേവാലയങ്ങൾക്കു സമീപം സെമിത്തേരി നിർമിക്കാൻ പഴയപോലെ അനുമതി ലഭിക്കാത്ത പ്രശ്‌നങ്ങളും വിവിധ ഇടങ്ങളിൽ നേരിട്ടിരുന്നു. ഈ പ്രതിസന്ധികൂടി മറികടക്കാൻ പൊതുക്രിമ​റ്റോറിയമെന്ന ആശയത്തിനു കഴിഞ്ഞു. കൊവിഡിനു ശേഷം 150 മൃതദേഹങ്ങൾ അതിരൂപതയുടെ നേതൃത്വത്തിൽ ദഹിപ്പിച്ചിരുന്നു. ചാരം പള്ളികളിലെ കല്ലറകളിൽ സൂക്ഷിക്കാനും ക്രമീകരണമുണ്ട്.

TAGS: FIRST MALABAR CATHOLIC CREMATED IN PAYYAMBALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.