പ്രണയദിനം 'പശു ആലിംഗന ദിന'മായി (കൗ ഹഗ് ഡേ) ആചരിക്കാനുള്ള നിർദേശം കേന്ദ്ര മൃഗസംരക്ഷണ ബോർഡ് പുറപ്പെടുവിച്ചതും പിൻവലിച്ചതുമെല്ലാം ചെറിയ വിവാദങ്ങളല്ല സൃഷ്ടിച്ചത്. അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളും പരിഹാസവുമെല്ലാം പശുവിനെ കയ്യാലപ്പുറത്തും തൊഴുത്തിലുമല്ലാതാക്കി. മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണ് അതിനു പിന്നിലെ ലക്ഷ്യമെന്നായിരുന്നു വിശദീകരണം. ഉത്തരവ് പിൻവലിച്ചപ്പോഴും ട്രോളുകൾ വൈക്കോൽകൂമ്പാരം പോലെ കുന്നുകൂടി.
ഈ വിവാദങ്ങൾ കത്തുമ്പോൾ തൃശൂർ മണ്ണുത്തി വെറ്ററിനറി കോളേജ് കാമ്പസിൽ സംസ്ഥാനതലക്ഷീരസംഗമം നടക്കുകയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ക്ഷീരകർഷകരും മറ്റ് കർഷകരും നൂറുകണക്കിന് ഉദ്യോഗസ്ഥരുമെല്ലാം ചേർന്നൊരു മഹാസംഗമം.
കർഷകരുടെ കൃഷിയിടങ്ങളിലും ക്ഷീരസംഘങ്ങളിലും മന്ത്രി ജെ.ചിഞ്ചുറാണി സന്ദർശിച്ചു. കർഷകരെ പങ്കെടുപ്പിച്ച് പ്രശ്നപരിഹാരത്തിന് അദാലത്തും കാർഷികപ്രദർശനങ്ങളും സെമിനാറുകളും ചർച്ചകളും നടത്തി. കർഷകർ എല്ലാ ഓഫീസുകളിലും കയറിയിറങ്ങാതെ ഏകജാലക സംവിധാനം വഴി ഫാം ലൈസൻസ് ലഭ്യമാക്കാൻ സർക്കാർ തരത്തിൽ നടപടിയുണ്ടാകുമെന്ന് കർഷകർക്ക് ഉറപ്പ് നൽകി. തദ്ദേശസ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, പൊല്യുഷൻ കൺട്രോൾ ബോർഡ് എന്നീ സ്ഥാപനങ്ങളുടെ അനുമതിക്ക് ഓഫീസുകൾ കയറിയിറങ്ങി കഷ്ടപ്പെടുന്ന കർഷകർക്ക് അതൊരു കൈത്താങ്ങായി. ഇത് ഉദ്യോഗസ്ഥർ കൃത്യമായി നടപ്പാക്കിയാൽ ജനകീയ ക്ഷീരകർഷക അദാലത്തുകൾ വിജയിക്കും. മന്ത്രി കെ.രാജന്റെ നിയോജകമണ്ഡത്തിൽ അദ്ദേഹത്തിന്റെ സജീവമായ ഇടപെടലോടെയാണ് സംഗമം നടന്നത്.
കർഷകർക്ക്
നിയമക്കുരുക്കാവില്ല
കർഷകർക്ക് ഫാം തുടങ്ങുന്നതിനും നടത്തികൊണ്ട് പോകുന്നതിനും കാലാഹരണപ്പെട്ട നിയമവ്യവസ്ഥകളാണ്. എല്ലാം സംരംഭക സൗഹൃദമാക്കാൻ സർക്കാർതലത്തിൽ നടപടിയുണ്ടാകുമെന്നാണ് ക്ഷീരസംഗമത്തിന്റെ വാഗ്ദാനം. ഫാംമിംഗ് രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാനുതകുന്ന സാങ്കേതികവിദ്യയുടെ ഉപയോഗം, പുതിയ ഗവേഷണ മാർഗങ്ങൾ എന്നിവ കർഷകർക്ക് പ്രയോജനപ്രദമാകും വിധം വെറ്ററിനറി, ഡയറി സർവകലാശാലയുടെ സേവനം ഉപയോഗപ്പെടുത്താനായാൽ കാർഷികരംഗത്ത് വലിയ മാറ്റമുണ്ടാക്കും.
നഷ്ടപരിഹാരം ലഭിക്കാൻ നെട്ടോട്ടമോടുന്ന കർഷകരുടെ വേദന കാലങ്ങളായി കാർഷികകേരളത്തിന്റെ ശാപമാണ്. നെല്ലിനും വാഴയ്ക്കുമെന്നപോലെ വളർത്തുമൃഗങ്ങൾക്കും പലവിധ രോഗങ്ങൾ വന്നുപെടുന്ന കാലമാണിത്. അടുത്തിടെ ചർമ്മമുഴ രോഗം ബാധിച്ച് മരിച്ച പശുക്കൾ ചത്തൊടുങ്ങി. കറവപ്പശു, കിടാരി, ആറുമാസത്തിന് താഴെ പ്രായമുള്ള പശുക്കുട്ടി എന്നിവയ്ക്ക് 30000, 16000, 5000 എന്നീ ക്രമത്തിൽ നഷ്ടപരിഹാരമാണ് നൽകേണ്ടത്. ഇതുടനെ നൽകാൻ നടപടി സ്വീകരിക്കുമെന്നാണ് കാർഷിക അദാലത്തിൽ കർഷകർക്ക് ലഭിച്ച ഉറപ്പ്.
ഗുണനിലവാരമില്ലാത്തതും രോഗങ്ങൾക്ക് വഴിവെയ്ക്കുന്നതുമായ കാലിത്തീറ്റ
അന്യസംസ്ഥാനങ്ങളിൽനിന്ന് വരുന്നുണ്ട്. ഗുണനിലവാരം ഉറപ്പാക്കാൻ നിയമം കൊണ്ടുവരുമെന്നും അടുത്ത ബഡ്ജറ്റിൽ കാലിത്തീറ്റ ബില്ലിന് അന്തിമ തീരുമാനം ഉണ്ടാകുമെന്നുമുളള വാഗ്ദാനം പ്രതീക്ഷയാണ്.
കാടിന്റെ മക്കളുടെ
'കൗ ഹഗ് ഡേ'
മഴക്കാലത്ത് പണിയെടുക്കാനോ വനവിഭവം ശേഖരിക്കാനോ കഴിയാതെ പട്ടിണിയിലായിരുന്ന മണിയൻകിണറിലെ ആദിവാസി കുടുംബങ്ങൾക്ക് പശു അക്ഷയപാത്രമായി മാറിയതും ഈ ദിനങ്ങളിലായിരുന്നു. ക്ഷീരസംഗമത്തിന്റെ ഭാഗമായി ഉന്നതഉദ്യോഗസ്ഥർക്കൊപ്പം മന്ത്രിയെത്തിയ ദിവസം അവരുടെ 'കൗ ഹഗ് ഡേ' ആയിരുന്നെന്ന് പറയുന്നതിൽ അതിശയോക്തിയില്ല. ഊരിന് അതൊരുത്സവമായിരുന്നു.
ട്രൈബൽ ഡിപ്പാർട്ട്‌മെന്റും മിൽമയും നൽകിയ പശുക്കളെ വളർത്തി സ്വയംപര്യാപ്തത നേടിയവരാണ് മണിയൻ കിണർ ഊരിലെ 42 കുടുംബങ്ങളും. അഞ്ച് വർഷമായി പശുപരിപാലനം ജീവിതത്തിന്റെ ഭാഗമായവർ. 10 മുതൽ 15 ലിറ്റർ വരെ പാൽ കൊടുക്കുന്നവർക്ക് ലിറ്ററിന് 45 രൂപ നിരക്കിൽ പ്രതിദിനവരുമാനം 500 രൂപ വരെ ലഭിച്ചാണ് അവർ സ്വയംപര്യാപ്തതരായത്. മാതൃകാപദ്ധതിക്ക് ആദ്യഘട്ടത്തിൽ അനുവദിച്ചത് 1.25 കോടിയാണ്. രണ്ടാം ഘട്ടത്തിൽ 20 കർഷകർക്ക് പശുക്കളെ കൊടുത്തു. ഇൻഷ്വർ ചെയ്തതിനൊപ്പം ഒരു പശുവിന് രണ്ടുചാക്ക് വീതം തീറ്റയും നൽകി. 30,000 രൂപ ചെലവിൽ തൊഴുത്ത് നിർമ്മിച്ചു. ഒരു പശുവിന് ആദ്യഘട്ടത്തിൽ 40,000 രൂപയും രണ്ടാം ഘട്ടത്തിൽ 45,000 രൂപയും
പരിപാലനക്കൂലി ഒരു പശുവിന് 100 രൂപ വീതം നൽകിയാണ് പദ്ധതി വിജയകരമാക്കിയത്. ക്ഷീരസംഘത്തിന്റെ വണ്ടിയിലാണ് എട്ടുകിലോമീറ്റർ അകലെ, തൃശൂർ - പാലക്കാട് ദേശീയപാതയിലുളള സംഘത്തിന്റെ ഒാഫീസിലേക്ക് അവർ പാലെത്തിക്കുന്നത്. കോളനിയുടെയും ക്ഷീരസംഘത്തിന്റെയും വളർച്ചയ്ക്ക് കാരണമായത് ഈ പദ്ധതിയാണെന്ന് വാണിയമ്പാറ ക്ഷീരസംഘം പ്രസിഡന്റ് മാത്യു നൈനാൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
'ഇനി ഞങ്ങക്ക് പശൂനെ കുത്തിവയ്ക്കാനുള്ള സൗകര്യം വേണം, സഹായിക്കണം... " ഇതായിരുന്നു മണിയങ്കിണർ കോളനിയിലെത്തിയ മന്ത്രി ജെ. ചിഞ്ചുറാണിയോട് ഊരുമൂപ്പൻ കുട്ടൻമൂപ്പന്റെ ആവശ്യം. രാത്രിയിലായാലും വെറ്ററിനറി ഉദ്യോഗസ്ഥരെ അയയ്ക്കാമെന്ന മന്ത്രിയുടെ മറുപടിക്ക് ലഭിച്ചത് നിറഞ്ഞ കൈയടി. ക്ഷീരകർഷകർക്ക് ആംബുലൻസ് സൗകര്യം ലഭ്യമാക്കുന്നതിനായി 1962 എന്ന നമ്പറിൽ 24 മണിക്കൂർ ടോൾഫ്രീ സേവനം ലഭ്യമാക്കുന്നുണ്ട്.. 29 ബ്ലോക്കുകളിലേയ്ക്ക് ആംബുലൻസ് സൗകര്യം ഉറപ്പാക്കാനായി വാഹനങ്ങൾ നൽകിയിട്ടുമുണ്ട്. 70 ബ്ലോക്കുകളിലേയ്ക്ക് വാഹനം നൽകുന്നതിന് 13.5 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തിയായെന്നും രണ്ട് മാസത്തിനുള്ളിൽ 70 ബ്ലോക്കുകളിലേക്കുള്ള ആംബുലൻസ് നൽകുമെന്നും പറയുന്നു.
മണിയൻ കിണർ പോലുളള തരിശായി കിടക്കുന്ന ഏക്കർകണക്കിന് ഭൂമിയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ തീറ്റപുല്ല്, പച്ചക്കറി എന്നിവ കൃഷിചെയ്ത് കൂടുതൽ വരുമാനമുണ്ടാക്കാൻ തയ്യാറായാൽ കൂടുതൽ ഗുണകരമാകും. തീറ്റപ്പുൽ കൃഷി കൂടുതൽ പ്രദേശത്തേക്ക് വ്യാപിപ്പിച്ചാൽ തീറ്റയിനത്തിൽ പശുവിന് ചെലവാകുന്ന പണം ലാഭിക്കാനാവും. പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് പശുക്കളെ വാങ്ങാൻ 90 ശതമാനം സബ്സിഡി ലഭ്യമാവുന്ന പദ്ധതി നിലവിലുണ്ട്. ഈ പദ്ധതികൾ പ്രയോജനപ്പെടുത്തിയാൽ സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിലുള്ളവരും എന്നും 'കൗ ഹഗ് ഡേ' ആഘോഷിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |