ഗാന്ധിനഗർ: പശുവിനെ ഗുജറാത്തിന്റെ 'രാജ്യ മാതാവായി' പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് എം പി ഗെനി ബെൻ നാഗാജി ഠാക്കോർ. അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ഗുജറാത്തി മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലിന് കത്ത് നൽകുകയും ചെയ്തു.
കഴിഞ്ഞ വർഷം മഹാരാഷ്ട്രയിലെ എൻ ഡി എ സർക്കാർ ചെയ്തതുപോലെ പശുവിനെ 'രാജ്യമാതാവ്'ആയി പ്രഖ്യാപിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ആഴ്ച മുതൽ നിരാഹാര സമരം നടത്തുന്ന പ്രാദേശിക മത നേതാവ് ദേവനാഥ് ബാപ്പുവിനെ പിന്തുണച്ചുകൊണ്ടാണ് എംപി മുഖ്യമന്ത്രിയ്ക്ക് കത്തയച്ചത്.
"എം എൽ എമാർക്ക് എഴുതിയ കത്തിന് ശരിയായ മറുപടി ലഭിക്കാത്തതിനെത്തുടർന്നാണ് ദേവ്നാഥ് ബാപ്പുവും അനുയായികളും നിരാഹാര സമരം ആരംഭിച്ചതെന്നാണ് എനിക്ക് മനസിലായത്.ഈയവസരത്തിലാണ് ഗുജറാത്തിൽ പശുവിനെ രാജ്യമാതാവായി പ്രഖ്യാപിക്കണമെന്ന് ലോക്‌സഭാ അംഗവും കോൺഗ്രസ് നേതാവുമായ ഞാൻ അഭ്യർത്ഥിക്കുന്നത്'- എന്നാണ് കത്തിൽ പറയുന്നത്.
മൃദു ഹിന്ദുത്വ നിലപാടിന്റെ ഭാഗമായല്ല താൻ ഇക്കാര്യം ആവശ്യപ്പെടുന്നത്. ആളുകൾ പശുക്കളെ ഗോമാതാവായി ആരാധിക്കുന്നു. ദേവനാഥ് ബാപ്പു കഴിഞ്ഞ ആഴ്ച മുതൽ കച്ചിൽ നിരാഹാര സമരത്തിലാണ്. ഇതൊക്കെക്കൊണ്ടാണ് താൻ പശുവിനെ ഗുജറാത്തിന്റെ രാജ്യ മാതാവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും എം പി വ്യക്തമാക്കി. 2024 സെപ്തംബറിലാണ് മഹാരാഷ്ട്ര ദേശി (തനത്) പശുക്കളെ 'രാജ്യമാതാവായി പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |