SignIn
Kerala Kaumudi Online
Saturday, 20 April 2024 2.48 AM IST

ഗുരു തെളിച്ച സാഹോദര്യ ദീപം

aluva-advaita-ashram

സ്വജീവിത ദർശനത്തിന്റെ വ്യാഖ്യാനം, കാലഘട്ടത്തിന്റെ ഉൾവിളി, ശിഷ്യന്മാർക്കുള്ള സംശയ ദൂരീകരണം, മതസമന്വയം, വിശ്വസാഹോദര്യ സ്ഥാപനം അങ്ങനെ പലതുമായിരുന്നു ആലുവ അദ്വൈതാശ്രമത്തിൽ ഒരുനൂറ്റാണ്ട് മുമ്പ് 1924ൽ നടന്ന സർവമത സമ്മേളനത്തിലൂടെ ശ്രീനാരായണഗുരു ലോകത്തോട് സംവദിച്ചത്. ബുദ്ധന്റെ അഹിംസയും ക്രിസ്തുദേവന്റെ സ്നേഹവും നബിയുടെ സാഹോദര്യവും ശ്രീശങ്കരന്റെ ജ്ഞാനവും ചേർന്നാലേ മനുഷ്യമതം പൂർണമാകൂ എന്നായിരുന്നു ഗുരുദർശനം.

ഇതിനെല്ലാമുപരി സർവമത സമ്മേളനമെന്ന അനിവാര്യതയിലേക്ക് ഗുരുവിന് പ്രേരണയായി മറ്റ് ചില കാരണങ്ങളുമുണ്ടായിരുന്നു. അത് അക്കാലത്തെ സാമൂഹി​കാന്തരീക്ഷം തന്നെയാണ്. ജാതിമതഭേദ ചിന്തകളുടെ ധൂമപടലം അന്തരീക്ഷമാകെ നിറഞ്ഞ് മേഘാവൃതമായിരുന്നു. അതൊരു മഹാമാരിയായി പെയ്തിറങ്ങാനുള്ള സാദ്ധ്യതയും ഏറെയായിരുന്നു. അതിനിടയിൽ മതപരിവർത്തന വ്യഗ്രതയും തെക്കേ മലബാറിലുണ്ടായ 'മാപ്പിളലഹള'യും എസ്.എൻ.ഡി.പി യോഗനേതാക്കളിൽ ചിലർക്ക് ഹിന്ദുമതം പരിത്യജിക്കാനുണ്ടായ താൽപര്യവുമെല്ലാം ഗുരുദേവൻ കണക്കിലെടുത്തിരുന്നു. ഗുരുദേവന്റെ അടുത്ത ശിഷ്യർപോലും മതപരിവർത്തന വാദത്തിന്റെ വക്താക്കളായി. പക്ഷേ ഹിന്ദുമതം വിട്ടാൽ ഏത് സ്വീകരിക്കണമെന്ന കാര്യത്തിൽ അഭിപ്രായസമന്വയം ഉണ്ടായില്ല, എന്നുമാത്രവുമല്ല അതിന്റെ പേരിൽ അനുയായികൾക്കിടയിൽ വാദപ്രതിവാദങ്ങളുമുണ്ടായി. അധഃകൃതർ ജാത്യതീതവും സമത്വസുന്ദരവുമായ ബുദ്ധമതം സ്വീകരിക്കുന്നത് അനുഗുണമാകുമെന്ന് മിതവാദി സി.കൃഷ്ണൻ വക്കീൽ, സഹോദരൻ അയ്യപ്പൻ, മഞ്ചേരി രാമയ്യർ, രാമകൃഷ്ണ അയ്യർ തുടങ്ങിയവർ അഭിപ്രായപ്പെട്ടു. കുറച്ചുപേർ ഇസ്ലാം മതത്തിന്റെയും മറ്റുചിലർ സിക്കുമതത്തിന്റേയും വക്താക്കളായി. മഹാകവി കുമാരനാശാനും ടി.കെ.മാധവനും ഹിന്ദുമതത്തിൽ തന്നെ അടിയുറച്ച് നിന്ന് സാമൂഹ്യനീതിക്കായി പോരാടണമെന്ന പക്ഷക്കാരായിരുന്നു. അക്കാലത്തെ പത്രപംക്തികളിൽ എസ്.എൻ.ഡി.പി യോഗക്കാരുടെ മതപരിവർത്തന വാദപ്രതിവാദം നിറഞ്ഞുനിന്നു. കുമാരനാശാൻ 'മതപരിവർത്തന രസവാദം' രചിച്ചതും ഈ പശ്ചാത്തലത്തിലാണ്.

ശിഷ്യന്മാരും അനുയായികളും വാദപ്രതിവാദങ്ങളിൽ മുഴുകികഴിയുന്ന സന്ദർഭത്തിൽ കോയമ്പത്തൂരിലായിരുന്ന ഗുരുദേവൻ അധികം വൈകാതെ ആലുവ അദ്വൈതാശ്രമത്തിൽ തിരിച്ചെത്തി. ശിഷ്യർ ഓരോരുത്തരായും സംഘമായും ഗുരുദേവനെ സന്ദർശിച്ച് അവരവരുടെ വാദം ഉണർത്തിക്കുകയും ചെയ്തു. സഹോദരൻ അയ്യപ്പനും ഗുരുദേവനുമായി സാരഗർഭമായ ഒരു ദീർഘസംഭാഷണംതന്നെ നടത്തി. അതിന് സാക്ഷ്യം വഹിച്ച സ്വാമി സത്യവ്രതൻ അവിടെ നടന്ന വ‌ർത്തമാനം അപ്പാടെ എഴുതിയെടുത്ത് ഗുരുവിന്റെ അനുമതിയോടെ പിന്നീട് ടി.കെ.മാധവന്റെ ദേശാഭിമാനിയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഗുരുവും സഹോദരനുമായുള്ള സംഭാഷണമദ്ധ്യേ, എസ്.എൻ.ഡി.പി യോഗക്കാരുടെ മതപരിവർത്തന വാദത്തിനുള്ള മറുപടിയായി അവിടുന്ന് നല്കിയ സന്ദേശമാണ് 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന സാരോപദേശം. അനുയായികളുടെ മതപരിവർത്തന തീവ്രവാദവും സംവാദവും സർവമത സമ്മേളനം സംഘടിപ്പിക്കാൻ ഗുരുവിനെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് ജീവചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്.

സമ്മേളനത്തിന് മഹാശിവരാത്രി നല്ല മുഹൂർത്തമായി തിരഞ്ഞെടുത്തതിനും മറ്റൊരുകാരണമുണ്ട്. ശിവരാത്രി നാളിൽ മണപ്പുറത്ത് ജനസഹസ്രങ്ങൾ എത്തിച്ചേരും. അപ്പോൾ വിവിധ പ്രസ്ഥാനക്കാർ വെവ്വേറെ വേദിയൊരുക്കി പ്രസംഗപരമ്പര നടത്തുമായിരുന്നു. അതിൽ പരമതഖണ്ഡനവും സ്വമതസ്ഥാപനവുമൊക്കെ നിഴലിക്കും. ഇതൊക്കെ അന്തരീക്ഷത്തിൽ അലയടിക്കുമ്പോഴും ആലുവ പുഴയുടെ മറുകരയിലെ അദ്വൈതാശ്രമത്തിൽ ഇത്തരം വാദപ്രതിവാദങ്ങളും മതപ്പോരുകളും അവസാനിപ്പിക്കാനുള്ള കർമ്മയജ്ഞത്തിലുമായിരുന്നു ശ്രീനാരായണഗുരു. അതുകൊണ്ടാണ് ശിവരാത്രി നാളിൽ തന്നെ സർവമത സമ്മേളനത്തിന് വേദിയൊരുക്കാൻ ഗുരുനിശ്ചയിച്ചത്. ആ സമ്മേളനത്തിലെ പ്രധാനസന്ദേശമായി 'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ' എന്ന് എഴുതിവയ്ക്കണമെന്ന് സർവമത സമ്മേളനത്തിന്റെ മുഖ്യസംഘാടകനും വത്സലശിഷ്യനുമായ സ്വാമി സത്യവ്രതനോട് കർശനമായി നിർദ്ദേശിക്കുകയും സന്ദേശമെഴുതാൻ സഹോദരൻ അയ്യപ്പനെ ചുമതലപ്പെടുത്തുകയും ചെയ്തത്.

1921ൽ സമസ്ത കേരള സഹോദര സമ്മേളനത്തിന് വേദിയായതും ആലുവ അദ്വൈതാശ്രമ വാടിയായിരുന്നു. അന്ന് സമ്മേളനം നടന്ന പന്തലിന്റെ കവാടത്തിൽ 'സാഹോദര്യം സർവത്ര' എന്നൊരു സൂക്തം എഴുതിവയ്ക്കാൻ ഗുരുദേവൻ നിർദ്ദേശിച്ചിരുന്നു. അതുകൊണ്ടാകാം സഹേദരനെത്തന്നെ പുതിയ സന്ദേശമെഴുതാനും ചുമതലപ്പെടുത്തിയത്. മുൻ നിശ്ചയപ്രകാരം ശിവരാത്രിയോടനുബന്ധിച്ച് രണ്ടുദിവസങ്ങളിലായി സമ്മേളനം നടന്നു. ലോകത്തെ രണ്ടാമത്തേതും ഏഷ്യയിലെ ആദ്യത്തേതുമായ സർവമത സമ്മേളനം. ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം, ബുദ്ധ, ജൈന, യഹൂദമതങ്ങളെയും തിയോസഫിക്കൽ സിദ്ധാന്തം, ബ്രഹ്മസമാജം, ആര്യസമാജം, ബഹായി ധർമ്മം എന്നിവയുടെയും പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്.

100 വർഷങ്ങൾക്ക് മുമ്പ് നടന്ന ആ മഹാസമ്മേളനം വർത്തമാനകാല കേരളത്തിന് നല്കിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. മതവൈരവും മതപരിവർത്തനവുമൊക്കെ അന്നത്തേക്കാൾ ഇന്നും ശക്തമാണെങ്കിലും അതൊരു പൊട്ടിത്തെറിയിലേക്ക് പോകാതെ സാഹോദര്യ സന്ദേശം കാത്തുസൂക്ഷിക്കുന്നത് 100 വർഷം മുമ്പ് പകർന്നുകിട്ടിയ സാരോപദേശത്തിൽ നിന്നാണ്. അന്ന് ഗുരുദേവൻ കൊളുത്തിയ സമാധാനത്തിന്റെ സാഹോദര്യ ദീപം പിന്നീട് ലക്ഷക്കണക്കിന് വിളക്കുകളിലേക്ക് പകർത്തി ജ്വലിപ്പിക്കാൻ ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ആലുവ അദ്വൈതാശ്രമത്തിൽ ഇതുവരെ 99 സർവ്വമത സമ്മേളനങ്ങൾ നടത്തി. അതുപോലെ കേരളത്തിന്റെ വിവിധ കോണുകളിൽ ലക്ഷക്കണക്കിന് സമ്മേളനങ്ങൾ വേറെയും. എവിടെ എപ്പോഴൊക്കെ മതസ്പർദ്ദ തലപൊക്കിയാലും അവിടെയെത്തുന്ന ആദ്യ സന്ദേശം ശ്രീനാരായണ ഗുരുവിന്റേതാണ്. 'തത്വത്തെ സാക്ഷാത്കരിക്കാനുള്ള മാ‌ർഗ്ഗദർശികൾ മാത്രമാണ് മതം. തത്വമറിഞ്ഞവന് മതം പ്രമാണമല്ല, മതത്തിന് അവൻ പ്രമാണമാണ്' എന്ന ഗുരു ദർശനം ലോകത്തിലാകെ പ്രചരിപ്പിക്കുന്നതിൽ ശ്രീനാരായണ പ്രസ്ഥാനങ്ങൾ വലിയ പങ്കുവഹിച്ചിട്ടുമുണ്ട്. ആത്മീയ മോക്ഷത്തിന് മതപരിവർത്തനം ആവശ്യമില്ലെന്ന് പറഞ്ഞതും അതുകൊണ്ടാണ്.

മതങ്ങൾ വ്യത്യസ്തമാണെങ്കിലും മോക്ഷമാണ് പരമമായ ലക്ഷ്യമെന്ന് സമർത്ഥിക്കാൻ ഗുരു കൂട്ടുപിടിച്ചത് പ്രകൃതിയേയാണ്. പർവതങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന നദികൾ പലപേരിൽ പലദേശത്തുകൂടി പരന്നൊഴുകിയാലും സമുദ്രമെന്ന ഏകലക്ഷ്യത്തിലാണ് സംഗമിക്കുന്നത്. സമുദ്രത്തിൽ ലയിച്ചുകഴിഞ്ഞാൽ ഗംഗയെന്നോ, യമുനയെന്നോ, ബ്രഹ്മപുത്രയെന്നൊ പെരിയാറെന്നോ ഭാരതപ്പുഴയെന്നോ ജലഭേദമില്ല. അതുപോലെ മോക്ഷമെന്ന പരമലക്ഷ്യത്തിലേക്കുള്ള പാതയിൽ സഞ്ചരിക്കുന്ന മതങ്ങൾ തമ്മിൽ കലഹങ്ങളും പരസ്പരവൈരവും ഉണ്ടാകരുതെന്നും ഒന്നിനോടൊന്ന് പൊരുതിയാൽ ഒടുങ്ങുകയില്ലെന്നും മാനവരാശിയെ ഉത്ബോധിപ്പിച്ച മഹാസമ്മേളനത്തിന്റെ ശതാബ്ദി ആഘോഷം സാക്ഷര കേരളത്തിനും അതിലൂടെ മതസ്പർദ്ധയും ജാതിവെറിയുമില്ലാത്ത ലോകസൃഷ്ടിക്ക് കാരണമാകും എന്ന് പ്രത്യാശിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ALUVA SARVAMATHA SAMMELANAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.