SignIn
Kerala Kaumudi Online
Sunday, 11 May 2025 11.10 AM IST

പുറത്തുവരുമോ വൻ തട്ടിപ്പിന്റെ അണിയറ രഹസ്യം?

Increase Font Size Decrease Font Size Print Page

jolly

ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ ഭൂമിതട്ടിപ്പ് കേസുകളിലൊന്നിന്റെ മുഖ്യ ആസൂത്രകൻ ജയിലിലായതോടെ പുറത്തുവരാനിക്കുന്നത് കോടികളുടെ തട്ടിപ്പിന്റെ ഞെട്ടിക്കുന്ന അണിയറ രഹസ്യങ്ങൾ. ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഒത്താശയോടെ വ്യാജരേഖ ചമച്ച് പട്ടയം സ്വന്തമാക്കി കോടികളുടെ ഭൂമി സ്വന്തമാക്കി മറിച്ചുവിറ്റ വാഗമൺ റാണിമുടി എസ്റ്റേറ്റ് ഉടമ ജോളി സ്റ്റീഫൻ (61) കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ നിന്ന് വിജിലൻസ് സംഘത്തിന്റെ പിടിയിലായിരുന്നു.നാല് വർഷത്തിലധികമായി മുഖ്യസൂത്രധാരനെ റവന്യൂ ക്രൈംബ്രാഞ്ച് അന്വേഷണം സംഘം തേടുകയായിരുന്നു. ഇയാൾക്ക് മാത്രമാണ് കേസ് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ അറിയാവുന്നതെന്നതും അന്വേഷണത്തെ വഴിമുട്ടിച്ചിരുന്നു.

മുഖ്യസൂത്രധാരൻ പിടിയിലായതോടെ ഇയാളുടെ ഉന്നത രാഷ്ട്രീയ- ഉദ്യോഗസ്ഥ ബന്ധങ്ങളുടെ അറിയാക്കഥകൾ വരുംദിവസങ്ങളിൽ പുറംലോകമറിയുമെന്നാണ് കരുതുന്നത്. ഇയാൾ വാഗമണ്ണിൽ റാണിമുടി എസ്റ്റേറ്റ് എന്ന പേരിൽ 55 ഏക്കർ സർക്കാർ ഭൂമി കൈയേറിയെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു. പട്ടയങ്ങൾ വ്യാജമാണെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയതിനെ തുടർന്ന് 2019ലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. അപ്പോഴാണ് വൻ കൈയേറ്റങ്ങളുടെ വിവരങ്ങൾ പുറത്തായത്. ഉദ്യോഗസ്ഥരുടെ സഹായത്തോടെ പട്ടയമേളയിൽനിന്ന് ഇയാൾ 3.3 ഏക്കർ സ്ഥലത്തിന്റെ കള്ളപ്പട്ടയം നേടിയെടുത്തിയിരുന്നു. ബന്ധുക്കൾ ഉൾപ്പെടെ നിരവധിയാളുകളുടെ പേരിൽ ഇങ്ങനെ പട്ടയം നേടിയെടുത്തു. ഇവരിൽ മിക്കവരും ഇക്കാര്യം അറിഞ്ഞിരുന്നില്ല. പിന്നീട് ആൾമാറാട്ടം നടത്തി ഈ പട്ടയങ്ങൾ ജോളി സ്റ്റീഫൻ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യുകയും മറിച്ചുവിൽക്കുകയുമായിരുന്നു. സംഭവം ശരിയാണെന്ന് ക്രൈംബ്രാഞ്ചും കണ്ടെത്തിയിരുന്നു.

ചോദ്യം ചെയ്യലിന് ഹാജരാകാൻ വിജിലൻസ് നോട്ടീസ് അയച്ചിരുന്നു. എന്നാൽ, ഹാജരാകാതെ ജോളി സ്റ്റീഫൻ ഹൈക്കോടതിയെ സമീപിച്ചു. മൂന്ന് തവണ മുൻകൂർ ജാമ്യത്തിനും ജോളി അപേക്ഷ നൽകിയിരുന്നു. ആദ്യതവണയും മൂന്നാം തവണയും ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. രണ്ടാം തവണ കൊവിഡാണെന്ന പേരിൽ കോടതിയെ കബളിപ്പിക്കാനും ശ്രമിച്ചു. അവസാനം 2022 നവംബറിൽ നൽകിയ അപേക്ഷയുടെ പുറത്ത് വിജിലൻസ് കോടതി വഴി അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. പിന്നീട് ബംഗളൂരുവിലെ ആപ്പിൾ ബ്ലോസം അപ്പാർട്ട്‌മെന്റിലെ ഫ്‌ളാറ്റ് നമ്പർ 304ൽ നിന്ന് ഇയാളെ പിടി കൂടുകയായിരുന്നു. 17 വർഷമായി ഇവിടെ താമസിച്ച് റിയൽ എസ്‌റ്റേറ്റ് ബിസിനസ് ചെയ്ത് വരികയാണ് ഇയാൾ.

വാഗമൺ വില്ലേജിലെ 724 സർവേ നമ്പരിൽപ്പെട്ട പട്ടയങ്ങളാണ് ഇയാളുടെ പക്കലുള്ളത്. അന്നത്തെ കളക്ടർ എച്ച്. ദിനേശന്റെ നിർദ്ദേശത്തെ തുടർന്ന് റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് സ്ഥലം പുറമ്പോക്ക് ഭൂമിയാണെന്നും പട്ടയങ്ങൾ വ്യാജമാണെന്നും കണ്ടെത്തിയത്. പ്രതി വ്യാജമായി രേഖകൾ ചമച്ച് വില്‌പന നടത്തിയ ഭൂമിയുടെ കൃത്യമായ അതിരടക്കം ഇനിയും കണ്ടെത്താനുണ്ട്. ഇതിന്റെ കൃത്യമായ രേഖകളൊന്നും വില്ലേജിൽനിന്നും ലഭിച്ചിട്ടില്ല. മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസിൽ 2000ത്തിൽ സി.ബി.ഐ. അറസ്റ്റ് ചെയ്തിരുന്നു. ജില്ലാബാങ്കിൽ തട്ടിപ്പ് നടത്തിയ കേസിലും ഇയാൾ അറസ്റ്റിലായിട്ടുണ്ട്.

കുടുക്കിയത് മുൻ ഭാര്യ

1989ലാണ് വാഗമൺ റാണിമുടി എസ്റ്റേറ്റ് ഉടമ ജോളി സ്റ്റീഫൻ 55 ഏക്കർ സർക്കാർ ഭൂമി കൈയേറുന്നത്. 1994ൽ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജ പട്ടയങ്ങളുണ്ടാക്കി. ജോളി സ്റ്റീഫന്റെ ആദ്യ ഭാര്യ ഷേർളി മറ്റൊരു സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയപ്പോഴാണ് കൈയേറ്റ വിവരം പുറത്തായത്. തന്റെയും സഹോദരിയുടെയും പേരിൽ വാഗമണ്ണിലുള്ള 10 ഏക്കർ ഭൂമി വ്യാജ പട്ടയം ചമച്ച് വിറ്റെന്നായിരുന്നു ഷേർളിയുടെ പരാതി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇതിൽപ്പെട്ട 3.3 ഏക്കർ സ്ഥലം വ്യാജ പട്ടയമുണ്ടാക്കി മറിച്ച് വിറ്റതാണെന്ന് വിജിലൻസ് കണ്ടെത്തിയത്. 2012ൽ ജെസി എന്നയാളുടെ പേരിലുള്ള 3.30 ഏക്കർ സ്ഥലത്തെ പട്ടയം ജോളി സ്വന്തം പേരിലേക്ക് മാറ്റിയെഴുതിയിരുന്നു. പിന്നീട് പ്ലോട്ടുകളാക്കി വൻവിലയ്ക്ക് വിറ്റു. ജെസിയെ അന്വേഷിച്ച വിജിലൻസിന് അങ്ങനെയൊരു ആളെ മേൽവിലാസത്തിൽ കണ്ടെത്താനായില്ല. ജോളിയുടെ ബന്ധുവായ ജെസിയുടെ വീട്ടിലും അന്വേഷണ സംഘമെത്തിയെങ്കിലും ഇവർക്ക് അറിവില്ലെന്നാണ് പറഞ്ഞത്. ജോളി മറ്റൊരു ജെസിയെന്ന പേരുകാരിയെ എത്തിച്ച് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ആധാരം നടപടികൾ പൂർത്തിയാക്കുകയായിരുന്നു. പിന്നീട് ആ സ്ത്രീ മരിച്ചതായി വിജിലൻസ് കണ്ടെത്തി.

കൈയേറ്റ ഭൂമിയിൽ

200 റിസോർട്ടുകൾ

ജോളി മറിച്ചുവിറ്റ സ്ഥലത്ത് നിലവിൽ 200ൽ അധികം റിസോർട്ടുകളാണുള്ളത്. ഇവിടെ ഇപ്പോഴും നിർമാണ ജോലികൾ തകൃതിയായി നടന്നുവരികയാണ്. അതേസമയം സ്ഥലത്തിന്റെ അതിര് നിശ്ചയിക്കാനാവാത്തതിനാൽ നടപടികൾ എങ്ങുമെത്തിയിട്ടില്ല. വാഗമൺ വില്ലേജിലെ കണ്ണംകുളം പുതുവൽ ഭാഗത്ത് സർവേ നമ്പർ 724ൽ ഉൾപ്പെട്ട സർക്കാർ ഭൂമിയാണ് വൻതോതിൽ കൈയേറിയത്. സമീപത്തെ 54.7 ഏക്കർ പട്ടയസ്ഥലം വാങ്ങിയശേഷം ഇതിനോട് ചേർന്നുകിടന്ന ഭൂമി കൈയേറുകയായിരുന്നു. 1994 കാലഘട്ടത്തിലാണ് പീരുമേട്ടിലേയും വാഗമണ്ണിലേയും റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വലിയ തോതിലുള്ള തിരുമറി നടന്നത്. അന്ന് സർക്കാർ പട്ടയമേള നടത്തിയപ്പോൾ സാങ്കല്‌പിക പേരുകളിലായി 12 പട്ടയങ്ങളുണ്ടാക്കി. പിന്നീട് വർഷങ്ങൾക്ക് ശേഷം ഇത് സ്വന്തം പേരിലേക്കും വിശ്വസ്തരുടെ പേരിലേക്കും മാറ്റിയെഴുതി മറിച്ച് വിൽക്കുകയായിരുന്നു. ഇത്തരത്തിൽ മറ്റാരും നടത്താത്ത തരത്തിൽ 80 കോടിയിലധികം രൂപ വിലയുള്ള ഭൂമിയാണ് പ്രതി തട്ടിപ്പിലൂടെ വില്‌പന നടത്തിയത്. രേഖകൾ വിശ്വസിച്ച് സ്ഥലം വാങ്ങി കോടികൾ മുടക്കി റിസോർട്ടുകളും നിർമ്മിച്ചു. നിരപരാധികളായ ധാരാളം ആളുകളുമാണ് ഇതോടെ കുരുക്കിലായത്. ഈ ഭൂമിയിലെ പട്ടയങ്ങൾ റദ്ദാക്കുന്നതിനൊപ്പം ഇതിലെ മുഴുവൻ ആധാരങ്ങളും റദ്ദാക്കാൻ ജില്ലാ ഭരണകൂടം ഉത്തരവായിരുന്നു. ഈ ഭൂമിക്ക് 28 പട്ടയങ്ങൾ വ്യാജമായി നിർമിച്ച് ഭൂമി വില്‌പന നടത്തിയതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇതിൽ 12 എണ്ണം റദ്ദാക്കിയിരുന്നു. മറ്റ് പട്ടയങ്ങളിലെ നടപടി തുടർന്നുവരികയാണ്.

TAGS: SOLD GOVT LAND BY MAKING FAKE DEED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.