റാങ്ക് ലിസ്റ്റ് പ്രാബല്യത്തിലിരിക്കുമ്പോഴും നിയമനങ്ങൾ നടക്കുന്നില്ലെന്നാണ് പൊതുവേയുള്ള പരാതി. അതേസമയം ഒഴിവുകൾ ധാരാളമുണ്ടായിട്ടും റാങ്ക് ലിസ്റ്റ് നിലവിലില്ലെങ്കിൽ എന്തുചെയ്യാനാണ്. പൊലീസിൽ ഉദ്യോഗത്തിനായി കാത്തിരിക്കുന്ന പതിനായിരങ്ങൾ പി.എസ്.സിയുടെ പുതിയ സി.പി.ഒ റാങ്ക് ലിസ്റ്റിനായി ഏറെനാളായി കാത്തിരിക്കുകയാണ്. മൂന്നുവർഷം മുമ്പ് കായികപരീക്ഷ ഉൾപ്പെടെ വിവിധ കടമ്പകൾ ചാടിക്കടന്നവരാണ് അവർ. ഇന്നുവരും നാളെവരും എന്ന പ്രതീക്ഷയോടെ ഉൗഴം കാത്തിരിക്കുന്ന അവർക്കായി ഉദ്യോഗ വാതിൽ എപ്പോൾ തുറക്കുമെന്നു പറയാൻ പി.എസ്.സിക്കും കഴിയുന്നില്ല. പരീക്ഷകളെല്ലാം പൂർത്തിയായി സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ കൂടി കഴിഞ്ഞാൽ സി.പി.ഒ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാവുന്നതേയുള്ളൂ. പക്ഷേ സർട്ടിഫിക്കറ്റ് പരിശോധനയാണ് വലിയ കടമ്പയായി നില്‌ക്കുന്നത്. മറ്റു നടപടികളെല്ലാം വേഗത്തിൽ പൂർത്തിയാക്കാൻ ശുഷ്കാന്തി കാണിച്ചവർ സർട്ടിഫിക്കറ്റ് പരിശോധനാ ഘട്ടമെത്തിയപ്പോൾ താളംചവിട്ടി നില്‌ക്കുകയാണ്.
പൊലീസിന്റെ ഏഴ് ബറ്റാലിയനുകളിലായി നിലവിൽ 1380 ഒഴിവുകളുണ്ടെന്നാണു പറയുന്നത്. ഒറ്റയടിക്ക് അത്രയും യുവാക്കൾക്ക് ഉദ്യോഗം ലഭിക്കുന്നത് വലിയ കാര്യമാണ്. നിർഭാഗ്യവശാൽ റാങ്ക് ലിസ്റ്റിന്റെ അഭാവം കാരണം നിയമന നടപടികളും നീണ്ടുപോകുന്നു. പഴയ സി.പി.ഒ റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞിട്ടു രണ്ടരവർഷത്തിലേറെയായി. സ്വാഭാവികമായും പുതിയ ലിസ്റ്റ് വരികയും അതിൽനിന്ന് നിയമനം തുടങ്ങുകയും ചെയ്യേണ്ടതായിരുന്നു. സംസ്ഥാനത്ത് വളരെയധികം പൊലീസുകാരെ ആവശ്യമുള്ളപ്പോഴാണ് നിയമനം പ്രതീക്ഷിച്ച് യുവാക്കൾ കാത്തിരിക്കേണ്ടിവരുന്നത്. ഒട്ടുമിക്ക പൊലീസ് സ്റ്റേഷനുകളും വേണ്ടത്ര സി.പി.ഒമാരില്ലാതെയാണ് പ്രവർത്തിക്കുന്നത്. ഉള്ളവരെവച്ച് തട്ടിയും മുട്ടിയും മുന്നോട്ടുപോകുന്ന നിരവധി സ്റ്റേഷനുകളുണ്ട്. നാട്ടിലാണെങ്കിൽ അക്രമസംഭവങ്ങൾക്ക് യാതൊരു കുറവുമില്ല. മോഷണവും പിടിച്ചുപറിയും സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും കൊലപാതകവും കൊലപാതകശ്രമങ്ങളുമൊക്കെ ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുന്നു. മയക്കുമരുന്നു വില്പനയും അതുമായി ബന്ധപ്പെട്ട കേസുകളും പണ്ടൊരിക്കലുമില്ലാത്തവിധം പെരുകിക്കൊണ്ടിരിക്കുന്നു. ഇതിനൊക്കെ പുറമെയാണ് ഗതാഗത നിയമം നടപ്പാക്കൽ. ഈ ചുമതലകൾകൂടി അതതു പ്രദേശത്തെ സ്റ്റേഷനുകൾ കൈകാര്യം ചെയ്യണമെന്നു വന്നതോടെ നിന്നുതിരിയാൻ കഴിയാത്തവിധം സ്റ്റേഷനുകൾ സദാതിരക്കിലാണ്. വി.ഐ.പി, വി.വി.ഐ.പി കാവൽ കൂടിയാകുമ്പോൾ സ്ഥിതി പറയാനുമില്ല. ഇവയ്ക്കെല്ലാറ്റിനും പൊലീസ് സാന്നിദ്ധ്യം കൂടിയേ കഴിയൂ. സർക്കാരിനും ബോദ്ധ്യമുള്ള കാര്യങ്ങളാണിതൊക്കെ. രണ്ടരവർഷം മുൻപ് നിലച്ചുപോയ പൊലീസ് നിയമനങ്ങൾ പുനരാരംഭിക്കാൻ പക്ഷേ നടപടിയില്ല. സി.പി.ഒ റാങ്ക് ലിസ്റ്റ് എന്തുകൊണ്ടാണു വൈകുന്നതെന്നെങ്കിലും അന്വേഷിക്കേണ്ടതല്ലേ?
ചുളുവിൽ പൊലീസുകാരാകാൻ നാലുവർഷം മുൻപ് ഭരണമുന്നണി യുവനേതാക്കൾ നടത്തിയ പരീക്ഷാക്രമക്കേടു പുറത്തായതാണ് പൊലീസ് റാങ്ക് ലിസ്റ്റിന്റെ ശനിദശയ്ക്കു തുടക്കമിട്ടത്. വേണ്ടത്ര തെളിവുകളുണ്ടായിട്ടും തിരിമറിയിൽ ഉൾപ്പെട്ടവർക്കെതിരെ ഇത്രകാലമായിട്ടും കുറ്റപത്രം പോലും നൽകിയിട്ടില്ല. പി.എസ്.സി നടത്തുന്ന മത്സരപരീക്ഷ ആയിരക്കണക്കിനു പേരാണ് എഴുതുന്നത്. ഏതുവിധവും ഒരു സർക്കാർ ജോലി തരപ്പെടുത്തുക എന്നത് യുവതീയുവാക്കളുടെ ജീവിതാഭിലാഷമാണ്. ഏറെ കഷ്ടപ്പെട്ട് റാങ്ക് ലിസ്റ്റുകളിൽ കടന്നുകൂടിയാലും നിയമന നടപടികളിൽ വരുന്ന കാലതാമസം പലരുടെയും അവസരം നഷ്ടപ്പെടുത്താറുണ്ട്. അടുത്ത പരീക്ഷയ്ക്കിരിക്കാൻ പോലുമാകാതെ പ്രായം കടന്നുപോയവരും കുറവായിരിക്കില്ല. പി.എസ്.സി എന്നത് പലരെ സംബന്ധിച്ചും അഭിലാഷ പൂർത്തീകരണത്തിനുള്ള മഹത്തായ സ്ഥാപനമാണ്. സി.പി.ഒമാരാകാൻ കാത്തിരിക്കുന്നവരുടെ ക്ഷമ ഇനിയും പരീക്ഷിക്കാൻ ഒരുങ്ങുന്നത് ദയാരഹിതമായ പ്രവൃത്തിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |