തിരുവനന്തപുരം: വാഹനങ്ങളിൽ ജി.പി.എസ് സംവിധാനം വേണമെന്ന തീരുമാനത്തിലുറച്ച് സർക്കാർ. അടുത്ത മാസം ഒന്നു മുതൽ ജി.പി.എസ് വാഹനങ്ങളിൽ നിർബന്ധമാക്കും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ നിർദ്ദേശ പ്രകാരമുള്ള പദ്ധതി നടപ്പാക്കാനുള്ള അവസാന തീയതി പലവട്ടം നീട്ടിയിരുന്നു. ഒടുവിൽ അനുവദിച്ച അവസാന തീയതിയായ ജൂൺ ഒന്ന് കഴിഞ്ഞിട്ടും സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടിയെടുത്തിരുന്നില്ല. എന്നിട്ടും ജി.പി.എസിനെതിരെ മോട്ടോർ വ്യവസായ സംരക്ഷണ സമിതി 18ന് പണിമുടക്ക് പ്രഖ്യാപിച്ചു. സമരം പിൻവലിച്ചെങ്കിലും മറ്റ് സംസ്ഥാനങ്ങൾക്കൊപ്പം ഇവിടെയും ജി.പി.എസ് നിർബന്ധമാക്കണം.
ആട്ടോറിക്ഷ, പെർമിറ്റാവശ്യമില്ലാത്ത ചെറിയ ഗുഡ്സ് വാഹനങ്ങൾ എന്നിവയെ ഒഴിവാക്കിയാണ് ജി.പി.എസ് ഏർപ്പെടുത്തുന്നത്. എന്നാൽ എല്ലാ വാഹനങ്ങൾക്കും ജി.പി.എസ് വേണമെന്ന പ്രചാരണത്തെ തുടർന്നാണ് തൊഴിലാളികൾ പണിമുടക്കാൻ തീരുമാനിച്ചിരുന്നത്.
പദ്ധതി ഇങ്ങനെ
ജി.പി.എസ് ഘടിപ്പിക്കുന്ന വാഹനങ്ങളുടെ നീക്കം ഓരോ 20 സെക്കൻഡിലും മോട്ടോർ വാഹനവകുപ്പ് ആസ്ഥാനത്തും ജില്ലാതല കൺട്രോൾ റൂമുകളിലും ലഭിക്കും. വേഗം, യാത്രാവഴി എന്നിവയെല്ലാം കൺട്രോൾ റൂമിലെ സ്‌ക്രീനിൽ ലഭിക്കും. ഇതിനായി സി-ഡാക്കിന്റെ സോഫ്‌ട്‌വെയർ പ്രവർത്തിക്കുന്നതിന് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് പരിശീലനവും നൽകിയിരുന്നു.
വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ വിവരം ഉടൻ കൺട്രോൾ റൂമിലെത്തും. അപകടസ്ഥലം തിരിച്ചറിഞ്ഞ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ദുരന്തനിവാരണ അതോറിട്ടിക്കും കഴിയും. അപകടസാഹചര്യങ്ങളിൽ സഹായം തേടാൻ ബസുകളിൽ നാല് പാനിക് ബട്ടനുണ്ട്. ഇതിലമർത്തിയാൽ കൺട്രോൾ റൂമിൽ അലാറം മുഴങ്ങും. വാഹനം 40 ഡിഗ്രിയിൽ അധികം ചരിഞ്ഞാലും അപായസന്ദേശം ലഭിക്കും.
എതിർക്കുന്നത് എന്തുകൊണ്ട്?
♦ പതിവായി അമിത വേഗതയിലോടുന്ന ടിപ്പറുകളുൾപ്പെടെയുള്ളവയ്‌ക്ക് പൂട്ടു വീഴും
♦ നിശ്ചിത റൂട്ടിലൂടെ അല്ലാതെ സ്വകാര്യബസുകൾ സർവീസ് നടത്തിയാൽ പിടിക്കപ്പെടും
♦ സ്ഥിരമായി നിരീക്ഷിക്കപ്പെടും എന്ന ഡ്രൈവർമാരുടെ ആശങ്ക
♦ മോട്ടോർവാഹന വകുപ്പിന്റെ ആപ്പ് നിലവിൽ വന്നാൽ അമിത നിരക്ക് വാങ്ങാനാകില്ല
♦ വാഹനങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതും തടയപ്പെടും.
സർക്കാർ ഉഴപ്പി
അപകടങ്ങളുടെ എണ്ണം വർദ്ധിക്കുകയാണെങ്കിലും ട്രാൻസ്‌പോർട്ട് വാഹനങ്ങളിൽ ജി.പി.എസ് സംവിധാനമൊരുക്കാനുള്ള മോട്ടോർ വാഹന വകുപ്പിന്റെ പദ്ധതി കടലാസിലുറങ്ങുകയായിരുന്നു. സ്‌കൂൾ ബസുകളിലെ 'സുരക്ഷാമിത്ര" പദ്ധതിയും പൂർണമായി നടപ്പിലാക്കിയില്ല. 21,000 സ്‌കൂൾ ബസുകളിൽ 9,000ൽ മാത്രമാണ് ജി.പി.എസുള്ളത്. അഞ്ച് വർഷം മുമ്പ് ജി.പി.എസ് ഘടിപ്പിക്കുമെന്ന് പറഞ്ഞ കെ.എസ്.ആർ.ടി.സിയിലും ഒന്നും നടന്നിട്ടില്ല.
'ജി.പി.എസ് വന്നാൽ ചെറിയ കുറ്റങ്ങൾക്കു പോലും വലിയ പിഴ ഈടാക്കുമെന്ന ആശങ്ക ഉടമകൾക്കും ഡ്രൈവർമാർക്കുമുണ്ട്. ആട്ടോറിക്ഷ ഒഴിവാക്കുന്ന കാര്യമൊന്നും അറിയിച്ചിരുന്നില്ല".
- പട്ടം ശശിധരൻ, സെക്രട്ടറി മോട്ടോർ തൊഴിലാളി ഫെഡറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |